Wednesday, September 26, 2007

കാവേരി

ഇനി നമുക്ക് ഓപണ്‍ സോഫ്റ്റ്വെയര്‍ കാവേരി പരിചയപ്പെടാം
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’യ്ക്കു ശേഷം പുറത്തിറക്കിയ പ്രധാന സോഫ്റ്റ്വെയറാണ് കാവേരി ഓപണ്‍ സോഫ്റ്റ്വെയര്‍. യുണീകോഡ് ഫോണ്ടുകളാണ് കാവേരിയില്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രധാനമായും വേഡ് പ്രോസസിംഗ് ഉദ്ദേശിച്ചിട്ടാണിതു പുറത്തിറക്കിയത്. മലയാളീകരിച്ചതും, പ്രാദേശികമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതുമായ ഓപണ്‍ ഓഫീസ് കൂടാതെ മലയാളത്തിലുള്ള സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം തര്‍ജ്ജമാ സഹായി, ഇംഗ്ലീഷ് മലയാളം ഔദ്യോഗിക ഭാഷാ പദാവലി, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കുമുള്ള ട്രാന്‍സ്ലിറ്ററേഷന്‍ സഹായി എന്നിവയും കാവേരിയില്‍ അടങ്ങിയിരിക്കുന്നു.
മലയാളം ഓപണ്‍ ഓഫീസ് കേരളത്തിലെ ഇ ഗവേര്‍ണന്‍സ് പരിപാടികള്‍ക്ക് ആക്കം കൂട്ടുന്നതിനായാണ് ഈ സോഫ്റ്റ്വെയര്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതുപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ ആയത് കാര്യമായെടുത്തിട്ടില്ലെന്നത് ഖേദകരമാണ്.

നാം സാധാരണ രീതിയില്‍ മൈക്രോസോഫ്റ്റ് വേര്‍ഡു പോലുള്ള വേര്‍ഡ് പ്രോസസിംഗ് സോഫ്റ്റ്വെയറിനേക്കാളും ഒട്ടനവധി പ്രത്യേകതകളും, ഗുണങ്ങളുമുള്ളതാണ് ഓപണ്‍ ഓഫീസ് എന്ന് നിങ്ങള്‍ക്കറിയാമല്ലൊ. കാവേരിയുടെ കൂടെ ലഭ്യമാവുന്ന മലയാളം ഓപണ്‍ ഓഫീസില്‍ എല്ലാവിധ സന്ദേശങ്ങളും, സംഭാഷണങ്ങളും മലയാളത്തിലാണെന്നുള്ളത് ഏതൊരു ഭാഷാപ്രേമിക്കും അഭിമാനിക്കാവുന്നതാണ്. ഫയലിനു പകരം രേഖയെന്നും, ന്യു എന്നതിനു പകരം പുതിയതെന്നൊക്കെ കാണുമ്പോള്‍ സ്ഥിരമായി മൈക്രോസോഫ്റ്റ് വേര്‍ഡുപയോഗിച്ച് ശീലിച്ചവര്‍ ആദ്യം അമ്പരക്കുമെങ്കിലും, സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നത് എന്റെ അനുഭവമാണ്. പ്രിന്റ് പ്രിവ്യു എന്നത് താളിന്റെ മുന്‍‌കൂര്‍ ദൃശ്യം എന്നൊക്കെ കാണുമ്പോള്‍ ആരും പകച്ചു പോകുമല്ലൊ. യൂസര്‍ ഇന്റര്‍ഫേസ് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും, തിരിച്ചും മാറ്റാന്‍ വളരെ എളുപ്പവുമാണ്.
ഓപണ്‍ ഓഫീസ് റൈറ്റര്‍ എന്ന ഒരൊറ്റ സോഫ്റ്റ്വെയറില്‍ തന്നെ മൈക്രോ സോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍ പോയന്റ്, ആക്സസ് എന്നിവയ്ക്കു സമാനമായ അപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നത് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മറ്റുള്ളവയേക്കാള്‍ എത്രമാത്രം മുന്നിലാണെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ്.
ഈ അപ്ലിക്കേഷനിലെ ഉപകരണങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തന സഹായി, മലയാളം സ്പെല്‍ചെക്കറിനു സമാനമായ ലിപി വിന്യാസ പരിശോധന, ഇന്ത്യന്‍ ഭാഷാന്തരം മുതലായവ ലഭ്യമാണ്. നാം പലപ്പോഴും ബ്ലോഗെഴുതുമ്പോഴും മറ്റും ഉണ്ടാകുന്ന സംശയ നിവാരണത്തിന് ഈ ഉപകരണങ്ങള്‍ വളരെയധികം പ്രയോജനപ്പെടുമെന്നതില്‍ തര്‍ക്കമില്ല. മലയാളത്തിലെ മുഴുവന്‍ പദാവലിയും ഉള്‍പ്പെടുന്ന ഒരു ഭാഷ നിഘണ്ടു നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
ഈ അപ്ലിക്കേഷനകത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്ത വാക്കുകള്‍ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കും, തിരിച്ചും ട്രാന്‍സ്‌ലിറ്ററേഷന്‍ ചെയ്യാന്‍ സാധിക്കും. പെരിങ്ങോടന്റെ മൊഴി കീമാന്‍ വളരെ ഭംഗിയായി ഇതിനകത്ത് പ്രവര്‍ത്തിക്കുമെന്നുള്ളത് ബ്ലോഗിംഗ് രംഗത്തുള്ളവര്‍ക്ക് ആഹ്ലാദദായകമായ വാര്‍ത്തയാണ്. ഇത്തരം ഫോണറ്റിക്ക് അപ്ലിക്കേഷന്‍ കൂടാതെ ഇന്ത്യാ ഗവണ്‍‌മെന്റ് നിര്‍ദ്ദേശിക്കുന്ന ഇന്‍സ്ക്രിപ്റ്റ് രീതി അവലംബിക്കുന്ന ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ടൈപ്പ് ചെയ്തെടുക്കുന്ന രേഖകള്‍ ഓപണ്‍ ഓഫീസ് രേഖയായോ, മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റായോ, പിഡി‌എഫ് ആയോ, റിച്ച് ടെക്സ്റ്റ് ഡോക്യുമെന്റ് തുടങ്ങിയ മറ്റേതെങ്കിലും ഫോര്‍മാറ്റിലോ സേവ് ചെയ്യാമെന്നുള്ളതും തിളക്കമാര്‍ന്നൊരു പ്രത്യേകതയാണ്.
ഓപണ്‍ ഓഫീസില്‍ ബോഷറുകള്‍, ന്യൂസ് ലെറ്ററുകള്‍, പരസ്യങ്ങള്‍ തുടങ്ങിയ ഉണ്ടാക്കാനുതകുന്ന നിരവധി ചിത്രരചനാ ടൂളുകള്‍ ലഭ്യമാണ്. ഓപണ്‍ ഓഫീസ് രേഖകള്‍ക്കകത്ത് ചിത്രങ്ങള്‍ മാത്രമല്ല വിവിധ ഫോര്‍മാറ്റുകളിലുള്ള പാട്ടുകളും, വീഡിയോ-സിനിമകള്‍ പോലും ‘തിരുകാന്‍’ സാധിക്കുന്നുവെന്നത് ചില്ലറ കാര്യമല്ലെന്നു തോന്നുന്നു.
കാവേരി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ സാധിക്കും. http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ ലഭിക്കുന്ന സെറ്റ് അപ്പ് ഫയല്‍ റണ്‍ ചെയ്താല്‍ മാത്രം മതിയാകും. ഇവ നൂ ജിപില്‍ (GNU GPL) ലൈസന്‍സ് അധിഷ്ഠിതമാണ്. കാവേരിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള നിവാരണങ്ങള്‍ ഇന്റലി അസിസ്റ്റന്റില്‍ ലഭ്യമാണ്. കച്ചവടപരമായ ഉദ്ദേശമില്ലാതെ ആര്‍ക്കും കാവേരിയുടെ പകര്‍പ്പുകളെടുത്ത് വിതരണം ചെയ്യാവുന്നതാണ്. ഇതിന്റെ പൂര്‍ണ്ണമായ അവകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
കാവേരിയുടെ ഭാവി പരിപാടികളില്‍ എല്ലാ ഭാഷാപ്രേമികളായ വ്യക്തികളുടെയും സഹായം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മലയാള പരിഭാഷ, ലിപി പരിശോധനാ സഹായി മുതലായവ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി നിങ്ങള്‍ക്കുള്ള സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളത്തെ അറിയിച്ചാല്‍ അവ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പൊ ഇനി താമസിക്കണ്ട, എത്രയും വേഗം കാവേരിയിലേക്ക് മാറാം...

Saturday, September 22, 2007

നിളയെ പരിചയപ്പെടാം

കമ്പ്യൂട്ടറിലൂടെ മലയാ‍ളം എഴുതാനും വായിക്കാനും നിലവില്‍ നിരവധി സോഫ്റ്റ്വെയറുകള്‍ ഉണ്ടല്ലൊ. എന്നാല്‍ യുണികോഡിന്റെ ആവിര്‍ഭാവത്തോടുകൂടി കമ്പ്യൂട്ടറില്‍ മലയാളമെഴുതുന്നതിനു പുതിയ ചില എഴുത്തുപകരണങ്ങള്‍ അത്യാവശ്യമായി വന്നു. സിബു സി ജെയുടെ വരമൊഴി, പെരിങ്ങോടന്റെ മൊഴി, ഇലമൊഴി തുടങ്ങിയവയാണ് ഈ രംഗത്തിപ്പോള്‍ നിലവിലുള്ള പ്രധാന എഴുത്തുപകരണങ്ങള്‍. ‍

യുണികോഡ് വരുന്നതിനു മുമ്പും പിമ്പും ഡിടിപി രംഗത്ത് പ്രധാനമായി ഉപയോഗിച്ചു വരുന്നത് ഐഎസ്‌എം ആയിരുന്നു, അതിനുപയോഗിച്ചു വരുന്ന കീ ബോര്‍ഡ് ലേ ഔട്ട് ഇന്‍സ്ക്രിപ്റ്റും. ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡിനുള്ള ഏറ്റവും പ്രധാനമായ ആകര്‍ഷണം ഏത് ഭാഷയായാലും കീ ബോര്‍ഡ് ലേ ഔട്ട് മാറില്ലെന്നുള്ളതായിരുന്നു. ഈ കീബോര്‍ഡ് പരിശീലിച്ചവര്‍ ബ്ലോഗിംഗ് രംഗത്തേക്കു കടന്നു വരുമ്പോള്‍ ഫൊണറ്റിക് കീ ബോര്‍ഡ് ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരാവുന്നതു മൂലം ടൈപ്പിംഗിനു പ്രശ്നങ്ങളുണ്ടാകുന്നു. ഒരു കീ ബോര്‍ഡ് ലേ ഔട്ട് പരിശീലിച്ചയാള്‍ മറ്റൊരു കീ ബോര്‍ഡ് ലേ ഔട്ടിലേക്കു മാറുക വളരെ ശ്രമകരമാണ്. വീണ്ടും ഡി ടി പി ജോലികള്‍ ചെയ്യുമ്പോള്‍ തിരിച്ചു ഇന്‍സ്ക്രിപ്റ്റിലേക്ക് പോകേണ്ടതായി വരുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇതിനുള്ള ഏക പരിഹാരം ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ലേ ഔട്ടുള്ള മലയാളം യൂണികോഡ് എഴുത്തുപകരണം ഉപയോഗിക്കുക എന്നുളളതാണല്ലൊ.


ഇതിനായി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’ എന്നൊരു സോഫ്റ്റ്വെയര്‍ 2004ല്‍ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നാണ്. പൊതുജനങ്ങള്‍ക്ക് ഇവ സൌജന്യമായി http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി 2007ല്‍ കാവേരിയൊന്നൊരു സൌജന്യ മലയാളം ഓപണ്‍ സോഫ്റ്റ്വെയര്‍ പാക്ക് കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇവയെ എന്നാ‍ലാവും വിധം പരിചയപ്പെടുത്തുക എന്നുള്ളതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.


നിളയില്‍ യുണികോഡ് ഫോണ്ടുകള്‍, ഇന്‍സ്ക്രിപ്റ്റ് / ഫോണറ്റിക് കീബോര്‍ഡ് ഡ്രൈവറുകള്‍, ഔദ്യോഗിക മലയാളം നിഘണ്ടു, ASCIIല്‍ നിന്നും യുണികോഡിലേക്കുള്ള കണ്‍‌വര്‍ട്ടര്‍, മലയാളം സോര്‍ട്ടിംഗ് എന്നിവ ലഭ്യമാണ്.
കാവേരിയില്‍ മലയാളം ഓപണ്‍ ഓഫീസ്, മലയാളം സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം വിവര്‍ത്തന സഹായി, വിവിധ ഭാഷാ കീ ബോര്‍ഡുകള്‍, ഇന്ത്യന്‍ ഭാഷകളിലേക്കുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ തുടങ്ങിയവയുണ്ട്.
ആദ്യം നമുക്ക് നിള പരിചയപ്പെടാം...

നിള സൌജന്യമായി ലഭ്യമാകുന്നത് http://www.clickeralam.org/ എന്ന വെബ്‌സൈറ്റിലൂടെയാണ്... ഡൌണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പായി താങ്കളുടെ വിവരങ്ങള്‍ നല്‍കണമെന്നു മാത്രം... നിള പാക്കേജില്‍ നമുക്ക് ലഭിക്കുന്നത് നിള കലണ്ടര്‍, നിള കണ്‍‌വര്‍ട്ടര്‍, നിള എഡിറ്റര്‍, നിള കീ ബോര്‍ഡ്, നിള വെബ് ലിങ്കര്‍ എന്നിവയാണ്.

നിള കലണ്ടര്‍ 2000 വര്‍ഷത്തേക്കുള്ളതാണ്. എഡി 1000 മുതല്‍ എഡി 2999 വരെയുള്ള കലണ്ടറാണിത്.രണ്ടാമതായുള്ളത് നിളകണ്‍‌വര്‍ട്ടറാണ്. നിങ്ങള്‍ മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫയലുകള്‍ യൂണികോഡിലേക്ക് മാറ്റാന്‍ ഇതു സഹായിക്കുന്നു.

നിള എഡിറ്റര്‍ വളരെ ലളിതമായ ഒരു എഴുത്തുപകരണമാണ്. ഇതുപയോഗിച്ച് ഏതൊരാള്‍ക്കും മലയാളം എഴുതാന്‍ സാധിക്കുന്നു. ഏറ്റവും മുകളിലുള്ള കീബോര്‍ഡില്‍ കാണുന്ന അക്ഷരങ്ങളിക് ക്ലിക്ക് ചെയ്താല്‍ മാത്രം മതി, ടൈപ്പിംഗ് സ്പീഡില്ലാത്ത ഏതൊരാള്‍ക്കും മലയാളമെഴുതാന്‍ സാധിക്കുന്നു. ടൈപ്പിംഗ് അറിയുന്നവര്‍ക്ക് 2 തരം കീ ബോര്‍ഡ് ലേ ഔട്ടുകള്‍ ലഭ്യമാണ്. ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും.നിള കീ ബോര്‍ഡ് ഐ.എസ്.എം മിനു സമാനമായ സോഫ്റ്റ്വെയറാണ്. പ്രസ്തുത കീ ബോര്‍ഡ് ഡ്രൈവര്‍ ഉപയോഗിച്ച് കീ പാഡ്, ഓപണ്‍ ഓഫീസ് മുതലായവയില്‍ നമുക്കു മലയാളം അനായാസം ടൈപ്പു ചെയ്തെടുക്കാം. ഇവിടെയും ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും ഓപ്ഷനുകള്‍ ലഭ്യമാണ്.


നിള വെബ് ലിങ്കില്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ സൈറ്റുകളുടെ വിലാസങ്ങള്‍ ലഭ്യമാണ്. സര്‍ക്കാര്‍ വകുപ്പുകളുടേതു കൂടാതെ, വിവിധ കേന്ദ്ര-പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ് വിലാസങ്ങള്‍ അടങ്ങിയിരിക്കുന്നു.

കുളി

എടുത്തു ‘ചാട്ടം’


ജലസമാധി
Wednesday, September 05, 2007

ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം


നൃത്തം ചെയ്ത് എന്റെ കാലുകള്‍ തളരാന്‍ തുടങ്ങിയിരുന്നു. ചെവികളില്‍പാട്ടും മേളവും അലയടിക്കുന്നു. ചുറ്റും ആരൊക്കെയൊ കൈകൊട്ടുന്നുണ്ട്. പക്ഷെനഴ്സാന്റി വന്ന് തട്ടി ഉണര്‍ത്തിയപ്പോള്‍ മാത്രമാണ് അതൊരുസ്വപ്നമായിരുന്നെന്ന് ഞാനറിഞ്ഞത് .. അവര്‍ തരുന്ന ഗുളികകള്‍ കഴിച്ചുതന്നെയാണ് ഞാന്‍ ഉറങ്ങിപ്പൊയതും.. എനിക്കിപ്പൊ സ്വപ്നവും യാഥാര്‍‌ഥ്യവുംഒന്നുമില്ല... എപ്പൊഴും ഒരു മയക്കം മാത്രം ...


ഞാനിവിടെ വന്നിട്ട് ഒരു മാസമാകാന്‍ പോകുന്നു. ഇവിടം വല്ലാതെ ബോറടിച്ചുതുടങ്ങി. മിണ്ടാനും പറയാനും ആരുമില്ലല്ലൊ. സ്കൂളും വീടും എല്ലാം കാണാന്‍തോന്നുന്നു.. ഇനി കൂട്ടുകാര്‍ ഒക്കെ ഇനി എന്നോട് മിണ്ടുമോ ആവൊ.. കണ്ടാല്‍ അവരെന്നെ തിരിച്ചരിയുമോ? ഗുളികകളൊക്കെ കഴിച്ച് ഞാനാകെ വല്ലാതായിരിക്കുന്നു. ദേഹം ചീര്‍ത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പൊ ഞാന്‍ കണ്ണാടിയിലും നോക്കാറില്ല, എന്റെ രൂപം കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ ഇഷ്ടമല്ല.. കണ്ണാടി തച്ചുടക്കാന്‍ തുടങ്ങിയപ്പോഴാണല്ലൊ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതെന്ന് നിങ്ങള്‍ക്കറിയില്ലെ. അതൊന്നും ആരോടുംപറയരുതെന്നാ അമ്മമ്മ എന്നോട് സ്വകാര്യമായി പറഞ്ഞത്. പക്ഷെ എന്റെ രൂപത്തോടു തന്നെ എനിക്കിപ്പൊ പകയാ... അതോണ്ടു മിണ്ടാതിരിക്കാനും തോന്നുന്നില്ല..
നിങ്ങള്‍ക്കെന്നെ ഇനിയും മനസ്സിലായില്ലെ, ഞാനാണ് വിദ്യ. നിങ്ങള്‍ക്കൊക്കെ എന്നെ നന്നായി അറിയാം. എന്റെ ഈ കോലം കാണുമ്പോള്‍ ഒരു പക്ഷെ നിങ്ങളെന്നെ തിരിച്ചറിയില്ല, പക്ഷെ ബി.ടി.വിയിലെ ഗ്ലോബല്‍ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യയെ നിങ്ങള്‍ക്കറിയില്ലെ? ഒന്നോര്‍ത്തു നോക്കൂ... ക്ലാസിക്കല്‍ ഡാന്‍സൊന്നും പഠിക്കാതെ, കളിക്കാതെ അവസാന മൂന്നിലെത്തിയ വിദ്യയെ നിങ്ങള്‍ക്കങ്ങിനെ മറക്കാനാവുമോ?? നിങ്ങളയച്ച എസ്.എം.എസുകള്‍ കൂടെയല്ലെ എന്നെ അവിടം വരെ എത്തിച്ചത്..... നിങ്ങള്‍ക്കറിയോ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോള്‍ ‍ഞാന്‍ വാശി പിടിച്ച് കരഞ്ഞിരുന്നു, വായനശാലയിലെ ഡാന്‍സ് ക്ലാസില്‍ചേരാന്‍. അന്നാരും എന്നെ അവിടെ ചേര്‍ക്കാന്‍ താല്പര്യം കാട്ടിയില്ല. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലും ചേരാന്‍ അമ്മ സമ്മതിച്ചിരുന്നില്ല.ഈ ബി.ടി.വി.യിലെ ആള്‍ക്കാര്‍ സ്കൂളില്‍ വന്ന് സ്ക്രീനിംഗ് നടത്തിയപ്പോള്‍, തമാശക്ക് ചോളി കെ പീച്ചെ ക്യാഹെ അവതരിപ്പിച്ച എന്നെ അവര്‍ക്കിഷ്ടപ്പെടുകയും സെലക്ഷനു വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോഴാണ് എനിക്ക് ബോധം വന്നത്. വീട്ടില്‍ പറഞ്ഞാല്‍ അമ്മയുടെ തല്ലാണോ കിട്ടുക എന്ന് സംശയിച്ച് ഞാന്‍കാര്യം പറഞ്ഞപ്പോള്‍ അമ്മക്കറിയേണ്ടത് പ്രൈസെന്താണെന്നായിരുന്നു. 40ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് കൊച്ചിയില്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ അമ്മവിശ്വസിച്ചില്ല. ഞങ്ങളുടെ സ്കൂളില്‍ വന്ന ടിവി ടീമിലെ മാമന്റെ ടെലഫോണ്‍നമ്പറെന്റെ കൈയ്യില്‍ ഉണ്ടായതു കൊണ്ടു രക്ഷപ്പെട്ടു. അമ്മ അവരോടെത്രസമയമാ സംസാരിച്ചതെന്നോ. അതിനു ശേഷം അമ്മക്കെന്നോടെന്തൊരു സ്നേഹമായിരുന്നു. ഓഹ്... ഒന്നും പറയേണ്ട... അമ്മക്കു പിന്നെ ഓഫീസില്‍പോകണമെന്നോ ജോലി ചെയ്യണമെന്നോ ഒന്നുമില്ലായിരുന്നു. ഒറ്റ ചിന്ത മാത്രം എങ്ങിനെ ഈ മത്സരത്തില്‍ പങ്കെടുക്കാമെന്നു മാത്രം. ടൌണിലെ അറിയപ്പെടുന്നഎല്ലാ ഡാന്‍സ് ടീച്ചര്‍മാരെയും, ഡാന്‍സു മാസ്റ്റര്‍മാരെയും അമ്മ കണ്ടു, സംസാരിച്ചു, പരിപാടികള്‍ ആസൂത്രണം ചെയ്തു. അങ്ങിനെ രണ്ടു മാഷമ്മാരെ എനിക്കു വേണ്ടി മാത്രമായി കണ്ടുപിടിച്ചു.അതുവരെ ക്ലാസിക്കല്‍ ഡാന്‍സോ, മറ്റേതെങ്കിലും ഡാന്‍സോ പഠിക്കാതിരുന്ന എന്നെ രണ്ടു പേരും കൂടി ഒരാഴ്ചകൊണ്ടു തല്ലി ഒരു പരുവമാക്കി. എന്നെ ഹോംവര്‍ക്ക്ചെയ്യാനോ, സ്കൂളില്‍ പോകാനോ സമ്മതിച്ചില്ല. അമ്മ ജോലിക്കു പോയതുമില്ല. ആദ്യ ട്രയത്സില്‍ ഞാന്‍ ക്വാളിഫൈ ചെയ്പ്പോള്‍ അമ്മക്കത്ഭുതമായിരുന്നു. പിന്നീടങ്ങോട്ട് പറയുകയേ വേണ്ട, ആകപ്പാടെ ഒരു ബഹളമായിരുന്നു. യൂണിറ്റ് പരീക്ഷക്കു പോകണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ തന്നെ ടീച്ചറെ വിളിച്ചെന്തൊക്കെയോ പറഞ്ഞു പരീക്ഷ ഒഴിവാക്കി. ആകെയുണ്ടായിരുന്ന 32 പേരില്‍ നിന്നും 16 പേരെ തിരഞ്ഞെടുത്തപ്പോഴും ഞാനതില്‍പ്പെട്ടു. അമ്മക്കാകെ പ്രേതാവേശം ബാധിച്ച പോലെ ആയിരുന്നു. മറ്റൊരുചിന്തയുമില്ല, ഫ്ലാറ്റ് എനിക്കു തന്നെ എന്നുറപ്പിച്ച മട്ടിലായിരുന്നുഅമ്മയുടെ സംസാരം. ദിവസവും അറിയാവുന്നവരെ മുഴുവന്‍ വിളിച്ച് എന്നെക്കുറിച്ചുംഎന്റെ ഡാന്‍സിനെക്കുറിച്ചും സംസാരിക്കും. എല്ലാവരും എസ് എം എസ് അയക്കേണ്ടഫോര്‍മാറ്റും, രീതിയും ഒക്കെ അമ്മ പറഞ്ഞു പഠിപ്പിക്കും. 16 പേരില്‍നിന്നും 8 പേരെ തിരഞ്ഞെടുത്തത് ഒരഗ്നി പരീഷണം തന്നെയായിരുന്നു. ശരീരംഇളക്കി, കുലുക്കി, മെയ്യും മനവും മറന്ന് ഡാന്‍സ് കളിക്കണമെന്ന മാഷിന്റെ ഉപദേശം ശിരസ്സാവഹിച്ചു ഞാന്‍ എല്ലാം മറന്നാടി. അവസാന 8ല്‍ ഞാന്‍ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ അമ്മ തികച്ചും ഭ്രാന്തമായ ആവേശത്തിലായിരുന്നു.
ഇനി കളിക്കേണ്ട ഓരോ ഡാന്‍സും നൂറായിരം തവണ മാസ്റ്റര്‍മാരുമായി കൂടിയാലോചിച്ച് മാറ്റി മറിച്ചു. അവസാനം 3 എണ്ണം തിരഞ്ഞെടുത്തു, മാധുരിദീക്ഷിതിന്റെ ചോളി കെ പീച്ചെ ക്യാ ഹൈ, സില്‍ക്ക് സ്മിതയുടെ പുഴയോരത്തെ പൂത്തോണി, സീനത്ത് അമന്റെ ദം മാരോ ദം.... മൂന്നും എനിക്കിഷ്ടായില്ല... ഈ ഡാന്‍സൊന്നും എനിക്കിഷ്ടായില്ലെന്ന് മാസ്റ്റര്‍മാരോടും അമ്മയോടുംപറഞ്ഞെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. എന്റെ കളിയെക്കുറിച്ച് വെറും കുറ്റമല്ലാതെ നല്ലൊരു വാക്കു പോലും ആരും പറഞ്ഞില്ല. കുലുങ്ങുന്നത് ശരിയല്ല, തുള്ളുന്നത് ശരിയല്ല അങ്ങിനെ വെറും കുറ്റങ്ങള്‍ മാത്രം... ഒപ്പം"സമ്മാനം കിട്ടിയില്ലെങ്കില്‍" എന്നു പറഞ്ഞ് അമ്മയുടെ ഭീഷിണിയും.. ഞാന്‍ ഒന്നാമതാവേണ്ടതിനെ കുറിച്ചു മാത്രമായിരുന്നു അമ്മക്ക് ചിന്ത... അമ്മ കാണേണ്ടവരെ കണ്ടും വിളിക്കേണ്ടവരെ വിളിച്ചും എനിക്കുള്ള പോയിന്റുകള് ‍നേടികൊണ്ടിരുന്നു.3 ദിവസങ്ങളായി നടന്ന അവസാന റൌണ്ടില്‍ 8 പേരില്‍ 4 പേര്‍ പുറത്തേക്ക്പോകേണ്ടി വരും... കയ്യും മെയ്യും മറന്ന ഞാനാടി... കളിയുടെ പാരമ്യത്തിലെത്തിയ എനിക്കൊന്നും ഓര്‍മ്മയില്ലാതായി..... ഞാനാരാണെന്നോ, എന്താണെന്നോ ഒന്നും എനിക്കു മനസ്സിലായില്ല, ഒരു മയക്കത്തിലായിരുന്നു .... ഫലപ്രഖ്യാപനം കേള്‍ക്കാന്‍എനിക്കൊരു താല്പര്യവും ഉണ്ടായിരുന്നില്ല, ആ ഡാന്‍സുകള്‍ ‍തിരഞ്ഞെടുത്തപ്പോഴെ ഞാനെന്റെ പരാജയം ഉറപ്പിച്ചിരുന്നു.. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവസാന റൌണ്ടിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.ആ വിവരം അറിഞ്ഞതോടെ എനിക്കെന്തു സംഭവിച്ചെന്നറിയില്ല കൂട്ടരെ.... ..ഓരോറൌണ്ട് കഴിയുന്തോറും ഡ്രെസ്സിന്റെ ഇറക്കം കുറയുകയും ഇറുക്കം കൂടുകയുംചെയ്തുകൊണ്ടിരുന്നു. ഇന്ന് അവസാനം അതെന്നെ ശ്വാസം മുട്ടിക്കാന്‍തുടങ്ങി..ഞാനാറിയാതെ എനിക്കെന്തൊക്കെയോ മാറ്റം വരുന്നതായി തോന്നി. എന്റെ തല പൊട്ടിത്തെറിക്കുന്നതു പോലെ... ചുറ്റും ആക്രോശങ്ങളും അട്ടഹാസങ്ങളും നിറയുന്നതു പോലെ.. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ കണ്ടതെന്റെ രൂപമായിരുന്നില്ല.. ചുറ്റും നൃത്തം വയ്ക്കുന്ന ഭീകരരൂപികള്‍ക്കൊപ്പം മറ്റൊരു വികൃത രൂപമായി എന്നെകണ്ണാടിയില്‍ കണ്ടപ്പൊഴാണ് ഞാന്‍ ആ കണ്ണാടി പൊട്ടിച്ചത്..
പിന്നീടുള്ള മത്സരങ്ങളില്‍ എന്നെ കാണാതിരുന്നപ്പൊ എന്നെ കുറിച്ച് നിങ്ങള്‍ഓര്‍ത്തൊ...
എനിക്കു ഇനിയും മനസ്സിലായില്ല, എനിക്കെന്താണെന്ന്??? ഇനി നിങ്ങള്‍ പറയൂഎനിക്കെന്തു പറ്റി, എനിക്കിനി സ്കൂളില്‍ പോകാനാവില്ലെ?പഠിക്കാനാവില്ലെ... എനിക്കെന്താണ്??? നിങ്ങളെന്നെ സഹായിക്കുമോ????

(പെയിന്റിംഗ്: മധുസൂദനന്‍)