Wednesday, June 25, 2008

ബേക്കല്‍




എന്റെ വീട്ടില്‍ നിന്നും ബേക്കലിലേക്ക് നൂറില്‍ താഴെ കിലോമീറ്റല്‍ ദൂരമേയുള്ളു. പക്ഷെ ബേക്കല്‍ ഞാനാദ്യമായി കണ്ടത് 2008 ജൂൺ 1ന് ആയിരുന്നു. പഴയ ചങ്ങാതിമാര്‍ ഇത്തവണ കണ്ണൂര്‍ക്ക് വന്നു, കഴിഞ്ഞ തവണ ഞങ്ങൾ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ബേക്കല്‍ കൊതിപ്പിക്കുന്ന തീരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം, അതിന്റെ മനോഹാരിതയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒട്ടുനാളായി. ബേക്കല്‍ ബീച്ചിന്റെ സൌന്ദര്യവും, കോട്ടയുടെ ശില്പചാതുരിയും വിറ്റ് കാശാക്കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ടൂറിസം വകുപ്പ് കണ്ടെത്തിയിരുന്നു. അതിന്റെ പരിണിത ഫലമായിരുന്നു ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍. ബേക്കലിന്റെ സ്പെഷല്‍ ടൂറിസം സോണായി പ്രഖ്യാപിച്ചു, നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും നിർമ്മാണത്തിലാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗോള്‍ഫ് കോഴ്സും ഉണ്ടത്രെ.. ഇപ്പൊള്‍ തന്നെ ബേക്കല്‍ ബീച്ചില്‍ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. ഒരു പക്ഷെ ഇനി ഒരു തവണ ബേക്കല്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത് വിദേശ ടൂറിസ്റ്റുകളുടെ പറുദീസയായി മാറിയിട്ടുണ്ടാകും.

അതിനൊക്കെ മുന്‍പെ ബേക്കല്‍ കാണാന്‍ പറ്റിയത് ഭാഗ്യമെന്നു വിചാരിക്കാം.



കോട്ടയുടെ പ്രവേശന കവാടം. 17ആം നൂറ്റാണ്ടിലാണത്രെ ഈ കോട്ട നിര്‍മ്മിച്ചത്. ശിവപ്പ നായിക്കെന്ന ഇക്കേരി വംശത്തില്പെട്ട രാജാവാണിത് നിർമ്മിച്ചതെന്നാണ് പൊതുവെ വിശ്വസിച്ചു വരുന്നത്. പിന്നീട് മൈസൂർ രാജാവായിരുന്ന ഹൈദരാലി പിടിച്ചെടുത്തു.
കോട്ടയ്ക്കകത്തെ ആഞ്ജനേയ ക്ഷേത്രം, മത മൈത്രിയുടെ പ്രതീകം...

കോട്ട വാതില്‍ മറ്റൊരു ദൃശ്യം.

കോട്ടയ്ക്കകത്തെ ഒബ്സര്‍വേറ്ററി... ഇതിനു മുകളില്‍ കയറിയാല്‍ കടലിലെ നീക്കങ്ങളെല്ലാമറിയാം...


ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ കോട്ടയ്ക്കകത്ത് പൂന്തോട്ട നിർമ്മാണം പുരോഗമിക്കുന്നു.

ബേക്കൽ ബീച്ച് (പള്ളിക്കരെ ബീച്ച്) കോട്ടയ്ക്കകത്തു നിന്നുമെടുത്ത് ചിത്രം.


ബേക്കല്‍ ബീച്ച് ഉദ്യാനം.

ഈ കോട്ടയുടെ ചരിത്രമോ, കഥകളോ ഒന്നും എവിടെയും എഴുതി കണ്ടില്ല, ആകെ കണ്ടത് ഈ ബോര്‍ഡ് മാത്രം..

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി.

Wednesday, June 18, 2008

തേനീച്ചക്കൂട്

കണ്ണൂരിലാണ് താമസമെങ്കിലും ഇതുവരെ ഞാൻ ബേക്കൽ കോട്ട കണ്ടിരുന്നില്ല. ദെൽഹിയിൽ നിന്നും ചില കൂട്ടുകാരെത്തിയപ്പോൾ അവരുടെ കൂടെ ബേക്കൽ കോട്ടയും ബീച്ചുമൊക്കെ സന്ദർശിക്കാൻ തീരുമാനിച്ചു. പോകുന്ന വഴി കാഞ്ഞങ്ങാട് വഴികാട്ടിയായി ഒരു സുഹൃത്ത് കാത്തു നിൽക്കാമെന്ന് പറഞ്ഞു. അവൻ കാത്തിരുന്ന സ്ഥലം കാഞ്ഞങ്ങാട്ടുള്ള ആകാശ് കൺ‌വെൻഷൻ സെന്ററായിരുന്നു. നല്ലൊരു കൺ‌വെൻഷൻ സെന്റർ, കണ്ണൂരിൽ പോലും ഇത്രയും ഗംഭീരമായ ഒരു ഹാൾ ഇപ്പോഴില്ല. ഏതായാലും ഒരു ഫോട്ടോ കാച്ചിക്കളയാമെന്ന് കരുതി.
ഫോട്ടോ എടുക്കാൻ നോക്കുമ്പോഴാണ് അത് കണ്ണിൽ പെട്ടത്. കെട്ടിടത്തിനു മുകളിൽ തേനീച്ചകൾ കൂടു കെട്ടിയിരിക്കുന്നു. ഒന്നല്ല, രണ്ടല്ല നിരവധി കൂടുകൾ. ചിത്രത്തിലെ നീല വൃത്തങ്ങൾ ശ്രദ്ധിക്കൂ.... (ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം)
തിരക്കേറിയ നഗരമധ്യത്തിൽ തേനീച്ചകൾക്ക് ഏറ്റവും സുരക്ഷിതമെന്നു തോന്നിയത് ഈ കെട്ടിടത്തിന്റെ മുകൾ ഭാഗമായിരുന്നു. ചില ക്ലോസ് അപ്പ് ദൃശ്യങ്ങൾ കൂടി കാണൂ..




തേനീച്ചകളെകൊണ്ട് യാതൊരു ശല്യവുമില്ലാത്തതിനാൽ അവയെ തുരത്തണമെന്ന് ഹാൾ ഉടമകൾക്കും തോന്നിയില്ല...

എന്തായാലും തേനീച്ചകൾക്കിതൊരു സുരക്ഷിത സ്ഥാനം തന്നെ, സംശയമില്ല.