Monday, July 28, 2008

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?

മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?
ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ “Pod Cast മലയാളത്തിൽ ആദ്യമായി” എന്നു കാണുന്നു.

എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു.

മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ.

അപ്ഡേറ്റ് (29.7.2008):

ഇതേ വിഷയത്തില്‍ ജോയുടെയും കൃഷിന്റെയും പോസ്റ്റുകള്‍ കാണുക.

മനോരമയ്ക്ക് രണ്ട് ഇമെയിലുകള്‍‍ അയച്ചെങ്കിലും അവര്‍ തെറ്റ് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. വിക്കിപീഡിയയിലെ നിര്‍വ്വചനം അംഗീകരിക്കാന്‍ തയ്യാറില്ലെന്നാണ് രണ്ടാമത്തെ മെയിലില്‍ പറഞ്ഞത്. എന്തു ചെയ്യാം, ഉറങ്ങുന്നവനെയല്ലെ ഉണര്‍ത്താന്‍ പറ്റൂ, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുവാന്‍ പറ്റില്ലല്ലൊ.

Sunday, July 20, 2008

മന്‍‌മോഹന്‍ സിംഗ് വിശ്വാസവോട്ട് തേടുമ്പോള്‍ ചങ്കിടിക്കുന്നതാര്‍ക്ക്?

ഒറ്റവാക്കിലുത്തരം പറയാം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്.
പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും നടപ്പിലാക്കാത്തതിനാലല്ല. മറ്റൊരു തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ മുഴങ്ങുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടേ ചങ്കിടിക്കുന്നത് ഇലക്‍ഷന്‍ ഡ്യൂട്ടിയെന്ന പീഢനമോര്‍ത്താണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും നടത്തിപ്പിനു പിന്നില്‍ നീണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അകലങ്ങളിലുള്ള പോളിംഗ് ബൂത്തുകളില്‍ വനിതകളടക്കമാണ് ഇലക്‍ഷന്‍ ഡ്യൂട്ടിക്കായെത്തുന്നത്. പലപ്പോഴും ഭഷണം ലഭിക്കാത്ത, പ്രാഥമിക സൌകര്യങ്ങളൊന്നുമില്ലാത്തെ സ്കൂളുകളില്‍ ഇലക്‍ഷന്‍ ഡ്യൂട്ടിക്കായി പോകാനുള്ള യോഗം ഈയുള്ളവുനുണ്ടായിട്ടുണ്ട്. 1989 ഒക്ടോബര്‍ മാസം ദില്ലിയില്‍ സെന്‍‌ട്രല്‍ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ ചേര്‍ന്ന ഞാന്‍ അടുത്ത മാസം തന്നെ ആദ്യത്തെ ഇലക്‍ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടു. മദന്‍‌ഗിറിലായിരുന്നു ബൂത്ത് എന്നാണോര്‍മ്മ, ഞാന്‍ താമസിച്ചിരുന്നത് ആര്‍.കെ.പുരത്തും. രാവിലെ 4 മണിക്കെഴുന്നേറ്റ്, തണുത്തുവിറച്ച് ഏതോക്കെയോ ബസ്സില്‍ കയറി പോളിങ്ങ് ബൂത്തില്‍ സമയത്തിനു മുന്‍പെ എത്തിയെങ്കിലും, ആദ്യ വോട്ടറെ കാണാന്‍ തിരഞ്ഞെടുപ്പാരംഭിച്ച് ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. 35% പോലും വോട്ട് പോള്‍ ചെയ്തില്ല. വോട്ടര്‍മാരുടെ ഒപ്പ്
കൌണ്ടര്‍ഫോയിലില്‍ രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ നല്‍കലായിരുന്നു എന്റെ ചുമതല. ഹിന്ദി അറിയാതെ ഒപ്പിടാന്‍ ദസ്തക്, ദസ്തകത്ത്, ദസ്കത്ത് എന്നിങ്ങനെ വാ‍യില്‍ തോന്നിയത് പറഞ്ഞപ്പോള്‍ അങ്കലാപ്പിലായത് വോട്ടര്‍മാരായിരുന്നു. പോളിംഗ് അവസാനിച്ചപ്പോള്‍ ഏജന്റന്മാര്‍ക്ക് സങ്കടം, പോളിംഗ് ടീമിലുള്ളവര്‍ക്ക് വോട്ടില്ലാത്തതിനാല്‍. ഒടുവില്‍ അവരുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഓരോ വോട്ടു വീതം ചെയ്തേ ഞങ്ങള്‍ മടങ്ങിയുള്ളൂ. ദെല്‍ഹിയോട് വിട പറയുന്നതിനു മുന്‍പെ മറ്റൊരിക്കല്‍ കൂടി ഈസ്റ്റ് ദെല്‍ഹിയില്‍ ഇലക്‌ഷന്‍ ഡ്യൂട്ടി ചെയ്തു.

നാട്ടിലെത്തിയതിനുശേഷം വന്ന എല്ലാ തിരഞ്ഞെടുപ്പിലും ഡ്യൂട്ടി ഉണ്ടാവാറുണ്ട്. അസംബ്ലിയെന്നോ, പഞ്ചായത്തെന്നോ, പാലമെന്റെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ തിരഞ്ഞെടുപ്പിലും ഡ്യൂട്ടി ഉറപ്പായിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളില്‍ മാത്രമല്ല കോഴിക്കൊട്ടെ തിരുവമ്പാടിയില്‍ വരെ തിരഞ്ഞെടുപ്പിനായി പോകേണ്ടി വന്നിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പും എന്നെ സംബന്ധിച്ചിടത്തോളം പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കാറ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ തന്നെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് അപേക്ഷ നല്‍കുന്നവരെകൊണ്ട് നിറയും കലക്ടറേറ്റുകളിലെ ഇലക്‍ഷന്‍ സെക്‍ഷനുകള്‍, കണ്ണൂരില്‍ പ്രത്യേകിച്ചും. ടി.എന്‍.ശേഷന്‍ ഇലക്‍ഷന്‍ കമ്മീഷണറായതോടെ ജീവനക്കാരെ അവരവരുടെ മണ്ഡലങ്ങളില്‍ നിയോഗിക്കരുതെന്നുത്തരവുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ പേരെ ജില്ല മാറ്റിയാണ് പോസ്റ്റ് ചെയ്തത്. അതുപോലെ ഏതു ബൂത്തിലാണ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ നേരത്തെ അറിയിക്കാറില്ല, രാവിലെ പോളിംഗ്
സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തുമ്പോള്‍ മാത്രമാണ് എവിടെയാണ് പോകേണ്ടതെന്നു പോലും അറിയുക. ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കാറ് വനിതാ ജീവനക്കാരാണ്. ആദ്യകാലങ്ങളില്‍ തിരഞ്ഞെടുപ്പിനു പോയാല്‍ ഭക്ഷണ കാര്യങ്ങളിലൊന്നും യാതൊരു വിഷമവും ഉണ്ടാവാറില്ലെങ്കിലും, ഇപ്പോല്‍ സ്ഥിതി മാറിയിരിക്കയാണ്. ഹോട്ടലുകളില്ലാത്ത ഗ്രാമങ്ങളില്‍ ഭക്ഷണമൊന്നും കഴിക്കാതെ ഒരു ദിവസം മുഴുവന്‍
ഇരിക്കേണ്ടതായി വന്നിട്ടുണ്ട്. തങ്ങളുടെ ഇച്ഛക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവരല്ലെന്നു തോന്നിക്കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ ഗൌനിക്കുകയും ഇല്ല.
ഇലക്‍ഷന്‍ ഡ്യൂട്ടി ഇലക്‍ഷന്‍ ദിവസം മാത്രമല്ല, അതിനു തൊട്ടു മുന്‍പത്തെ ദിവസം ആരംഭിക്കും. ഇലക്‍ഷന്‍ സാമഗ്രികളുടെ വിതരണം രാവിലെ 7 മണിക്കാരംഭിക്കും. വിതരണ കേന്ദ്രത്തില്‍ രാവിലെ 7 മണിക്കെത്തിയില്ലെങ്കില്‍ പിന്നെ മൈക്കിലൂടെ പേരുകേള്‍ക്കാം. ഉടന്‍ കൌണ്ടറില്‍ ഹാജരായില്ലെങ്കില്‍ പോലീസിനെ അറിയിക്കുമെന്ന്!!! സാധന വിതരണ കൌണ്ടറില്‍ നിന്നും 37 തരം സാധനങ്ങളും (മൊട്ടു സൂചി, ബ്ലേഡ്, ഇന്‍‌ഡെലിബില്‍ ഇങ്ക് അങ്ങിനെ പോകുന്നു), 13 തരം ഫോറങ്ങളും, 24 തരം കവറുകളും ഓരോ പോളിംഗ് ടീമിനും നല്‍കും. ഇവയൊക്കെ എണ്ണി തിട്ടപ്പെടുത്തി ഉറപ്പു വരുത്തിയേ പോളിംഗ് സ്റ്റേഷനിലേക്ക് യാത്രയാവാന്‍ പറ്റൂ. എന്തെങ്കിലും സാധനം ഇല്ലെങ്കില്‍ കുടുങ്ങിയതു തന്നെ. പണ്ട് ബാലറ്റു ബോക്സായിരുന്നത് ഇന്നിപ്പോള്‍ ഇലക്ട്രോണിക് യന്ത്രമായി മാറി എന്നൊരു വ്യത്യാസം മാത്രം. ഉച്ചക്കു മുന്‍പെ തന്നെ ബൂത്തിലെത്തിയാല്‍ പിറ്റെ ദിവസം പോളിംഗ് തീരുന്നതു വരെ ദുരിതമയം തന്നെ. അടച്ചുറപ്പില്ലാത്തെ സ്കൂളുകളില്‍ വോട്ടിംഗ് യന്ത്രത്തെയും നോക്കിയാവും പ്രിസൈഡിംഗ് ഓഫീസറുടെ കിടപ്പ്. വല്ലവനും ഇതടിച്ചു മാറ്റിയാല്‍ പണിപോയതു തന്നെ. പിറ്റെ ദിവസം 5 മണിയോടെ വോട്ടെടുപ്പ് തീര്‍ന്നാലും ഫോറങ്ങള്‍ പൂരിപ്പിച്ച്, കവറുകളെല്ലാം അരക്കുവച്ച് സീല്‍ ചെയ്ത് തീരാന്‍ ഒരു മണിക്കൂറിലധികം സമയം വേണ്ടി വരും. പിന്നെ ഈ പെട്ടിയും തൂക്കി റിസീവിംഗ് സെന്ററിലെത്തി ക്യൂ നിന്ന് ഏല്‍പ്പിച്ചു വരുമ്പോഴേക്കും ലാസ്റ്റ് ബസ് പോയിക്കാണും. ചിലപ്പോഴൊക്കെ റിസീവിംഗ് സെന്ററില്‍ തന്നെ അന്നും കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. തിരിച്ച് വീട്ടിലെത്തുന്നത് പലപ്പോഴും മൂന്നാം ദിവസമായിരിക്കും. ജനാധിപത്യം പുലരാനുള്ള കഷ്ടപ്പാട് ചില്ലറയൊന്നുമല്ല.
കണ്ണൂരിലെ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും കോമഡിയായിട്ടാണ് എനിക്കനുഭവപ്പെട്ടിരുന്നത്. ആളുമാറി വോട്ടു ചെയ്യലും, കള്ളവോട്ടു ചെയ്യലും ഇവിടെ പുതുമയല്ല. പിടിക്കപ്പെട്ടാല്‍ യാതൊരു കൂസലുമില്ലാതെ പിന്നെ കാണാമെന്നും പറഞ്ഞ സ്ഥലംവിടുന്നവരാണധികവും. പി.ജയരാജനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നടന്ന കൂത്തുപറമ്പ് അസംബ്ലി തിരഞ്ഞെടുപ്പില്‍ നിയോഗിക്കപ്പെട്ടത് സാക്ഷാല്‍ പിണറായി വിജയന്റെ ബൂത്തായ
ആര്‍.സി.അമല സ്കൂളില്‍. യു.ഡി.എഫ്. ഭരണത്തിന്‍ കീഴില്‍ നടന്ന ആ തിരഞ്ഞെടുപ്പിന് അഭൂതപൂര്‍വ്വമായ പോലീസ് സന്നാഹമായിരുന്നു. സി.ആര്‍.പി.എഫും, ആര്‍.എ.എഫും തിരഞ്ഞെടുപ്പിനായെത്തി. ഓരോ ബൂത്തിലും എസ്.ഐ. ഗ്രേഡിലുള്ള പോലീസ് ഉദ്യോഗസ്ഥരെ തന്നെ പോസ്റ്റ് ചെയ്തു. ആര്‍.സി. അമല സ്കൂളില്‍ മാത്രം നൂറിലേറെ പോലീസുകാര്‍, പലരും അന്യജില്ലക്കാരായിരുന്നു. ആകെയുള്ളത് 2 ടോയ്ലറ്റുകള്‍. 4 ബൂത്ത് അന്നവിടെ ഉണ്ടായിരുന്നു എന്നാണോര്‍മ്മ. 4 ബൂത്തിലും കൂടി 20ഓളം പേര്‍, കൂടെ ഈ പോലീസുകാരും. രാവിലത്തെ കലാപരിപാടികള്‍ പലര്‍ക്കും നിര്‍വ്വഹിക്കാന്‍ സാധിച്ചില്ല. സാധാരണ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ ഏജന്റുമാര്‍ പിണറായിലെ ബൂത്തുകളില്‍ ഉണ്ടാവാറില്ലെങ്കിലും,
അന്നത്തെ തിരഞ്ഞെടുപ്പില്‍ 2 പേര്‍ ഉണ്ടായിരുന്നു. ശക്തമായ പോലീസ് ബന്തവസ്സോടെ നേരം പുലരും മുന്‍പ് രണ്ടു പേര്‍ ബൂത്തിലേക്കോടി കയറുകയായിരുന്നു. ഇലക്‍ഷന്‍ വളരെ സമാധാനപരമായിരുന്നു. ഉച്ചവരെ കനത്ത പോളിംഗായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ ഐഡന്റിറ്റി കാര്‍ഡ് വേണമെന്നാണ്, പക്ഷെ ഐഡന്റിറ്റി കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയിലേതെങ്കിലും ഒന്ന്
ഹാജരാക്കിയാലും മതി. ഉച്ചവരെ വന്നവരെല്ലാവരും ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കിയിരുന്നു. പക്ഷെ ഉച്ചക്ക് ശേഷം സ്ഥിതി മാറി. പുതിയ പാസ്സ് ബുക്കുമായി ചെറുപ്പക്കാരുടെ ക്യൂ നീണ്ടു. എല്ലാവര്‍ക്കും സഹകരണ ബാങ്കിലെ പാസ്സ്ബുക്കുകള്‍. വോട്ടര്‍ പട്ടികയിലെ ചിത്രവുമായി യാതൊരു സാമ്യവുമില്ല. ബൂത്തിലെ ഒന്നാമത്തെ പോളിംഗ് ഓഫീസറാണ് ഐഡന്റിറ്റി പരിശോധിക്കേണ്ടത്, പേടികൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല. പിറകിലിരിക്കുന്ന എല്‍.ഡി.എഫ്./ യു.ഡി.എഫ്. ഏജന്റുമാരും മൌനം. പക്ഷെ എല്ലാവര്‍ക്കും അറിയാം നടക്കുന്നത് കള്ള വോട്ടാണെന്ന്. 4 മണിയാകുമ്പോഴേക്കും 85% പോളിംഗ് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഇടക്കിടെ ഏജന്റുമാര്‍ ഇനിയും വോട്ട് ചെയ്യാനുള്ളവരുടെ ലിസ്റ്റ് പുറത്തേക്ക് കൊടുത്തയക്കും, അതിനനുസരിച്ച് തൊട്ടടുത്ത സഹകരണ ബാങ്കില്‍ നിന്നും പാസ്സ് ബുക്കുകള്‍ ഇഷ്യു ചെയ്യും. എല്ലാം വളരെ സ്മൂത്തായി നടക്കുന്നു. 4.50 ആകുമ്പോള്‍ ഒരു പയ്യന്‍ ഓടിക്കിതച്ച് വോട്ടു ചെയ്യാനായെത്തി. പിറകിലിരുന്ന യു.ഡി.എഫ്. ഏജന്റ് ആദ്യമായി ശബ്ദിച്ചു. അവന്‍ ഇതുവരെ 5 വോട്ട് ചെയ്തെന്നും ഇനിയും ചെയ്യാന്‍ സമ്മതിക്കില്ലെന്നുമായി ഏജന്റ്. വന്നവനെ പിടിക്കാന്‍ അവന്റെ അച്ഛന്റെ പേരു ചോദിക്കണമെന്നായി അടുത്ത ആവശ്യം. ഗത്യന്തരമില്ലാതെ അച്ഛന്റെ പേരു ചോദിച്ചപ്പോഴേക്കും വന്നവന്റെ മട്ടുമാറി. ഇത്ര ഡിമാന്റുള്ള വോട്ടെനിക്കു വേണ്ടെന്നും, ഏജന്റെങ്ങിനെ ഇവിടെ നിന്നും പോകുമെന്നു കാണാമെന്നും വെല്ലുവിളിയായി. കണ്ണൂരിലിതൊരു പുതുമയല്ലാത്തതിനാല്‍ ആരും അവനെ അറസ്റ്റു ചെയ്യാനോ മറ്റോ നോക്കിയതുമില്ല. പോളിംഗ് സമയം കഴിഞ്ഞതോടെ ബൂത്തിനു ചുറ്റും ജനം വളഞ്ഞു. പോലീസുകാര്‍ സമയോചിതമായി ഇടപെട്ട് പോലീസ് ജീപ്പില്‍ ഏജന്റിന്റെ കടത്തി കൊണ്ടുപോകുകയായിരുന്നു. പിന്നീടന്വേഷിച്ചപ്പോഴാണറിഞ്ഞത് ഏജന്റ് ആ നാട്ടുകാരനെയല്ല, തലശ്ശേരിയില്‍ നിന്നും ഇറക്കുമതി ചെയ്തയാളാണെന്ന്‌. അന്നു 90% തികക്കാന്‍ പറ്റാത്തതില്‍ എല്‍.ഡി.എഫ്. ഏജന്റുമാര്‍ വളരെ ഖിന്നരായിരുന്നു.

ഒരു തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ ഭൂരിപക്ഷം ജീവനക്കാരുടെയും പ്രാര്‍ത്ഥന എങ്ങിനെ ഈ കുരിശിന്ന് ഒഴിവാകുമെന്നു തന്നെയാണ്. അതുകൊണ്ടൊക്കെയാണ് മന്‍‌മോഹന്‍ സിംഗ് വിശ്വാസവോട്ട് തേടുമ്പോള്‍ ചങ്കിടിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാകുന്നത്, വിശേഷിച്ചും വനിതകളുടെ.

Tuesday, July 08, 2008

കണ്ണൂര്‍ കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം

പകലുറക്കത്തിന്റെ ചടവുമായി കണ്ണൂര്‍ക്കോട്ടയിലേക്കു
ഞാന്‍ കടന്നുചെന്നപ്പൊഴെക്കും
പുരാവസ്തുസംരക്ഷണവകുപ്പിന്‍ കീഴില്‍
അതൊരു സ്മാരകമായി മാറിയിരുന്നുവൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൌഢയൌവനത്തിന്റെ
അകാലസ്മൃതികള്‍പോലെ
തുരുമ്പിച്ച പീരങ്കികള്‍ പലയിടത്തുംഇവയുടെ ഹിംസ്രഗര്‍ജനങ്ങള്‍ അനന്തമായ അലയാഴിയുടെ
നിതാന്തഗംഭീരതരംഗഘോഷങ്ങള്‍ക്കു മുകളിലൂടെ
പാഞ്ഞു പോയിരിക്കണംദിശാസൂചികളും വെച്ച് അളന്നു
തിട്ടപ്പെടുത്തിയ അലര്‍ച്ചകള്‍ ഉന്നത്തിലേക്ക്
ഊക്കോടെ കുതിച്ചുകാണുംപടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍
നിര്‍ദോഷികളുടെ നിലവിളികള്‍ ചതഞ്ഞരഞ്ഞിരിക്കണം
വിഢ്ഡികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം
മനുഷ്യന്‍ മനംനൊന്തു ദു:ഖിച്ചിരിക്കണം
നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നുപോയിരിക്കണംകാറ്റാടിമരച്ചില്ലകള്‍ എന്താണു മൂളുന്നത്?
കടലിലേക്കുതന്നെ മുഖം തിരിച്ചാലോ?
കടലിന്നും കടലുതന്നെ
കരകാണാത്ത നീല വിസ്തൃതി
രഹസ്യം വിട്ടുകൊടുക്കാത്ത അതേ മന:സ്ഥിതിഅസ്തമയത്തിന്റെ നിഴല്‍ പരന്ന അങ്ങേ മൂലയ്കല്‍
സ്വവര്‍ഗഭോഗികള്‍ ഉത്തേജിതരാകുന്നു
അകപ്പെട്ടുപോയ ഒരു കുമാരന്റെ
അമര്‍ത്തിപ്പിടിച്ച വിമ്മിട്ടം
ഉദാസീനമായ കണ്ണുകള്‍ ആ ഭാഗത്തേക്ക്
തിരിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ല
കെട്ടുപിണഞ്ഞ നിഴലുകള്‍ മാത്രം
മിക്കകണ്ണുകളും ഇവിടെ ഉദാസീനമാണ്


"എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ‍ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരോടും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കികാണും"കോട്ടയിന്നു കോട്ടയല്ല- പുരാവസ്തു
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു
സ്വവര്‍ഗഭോഗികള്‍ അവസരം പാര്‍ത്തു കഴിയുന്നു
പിമ്പുകള്‍ പരതി നടക്കുന്നു

ഇതാ ഒരു പരസ്യം
“ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും”
എങ്കിലും ഞാന്‍ ഭയന്നു
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ - "സമയമായി"

സമര്‍പ്പണം: കടമ്മനിട്ടയ്ക്ക്
വരികള്‍‍: കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ടയില്‍ നിന്നും
വിക്കിയിലെ കണ്ണൂര്‍ കോട്ട ഇവിടെ