Monday, October 22, 2007

ദൈവപ്പാതി (രണ്ടാം ഭാഗം)


നെല്ലവളവു കഴിഞ്ഞു. അടയാളമായി ഒരു പണം മേലാളി നല്‍കി. കളിയാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം ഗംഭീരമായി നടക്കുന്നു. ഗ്രാമവും ഗ്രാമവാസികളും തങ്ങളുടെ നാടിന്റെ ഉത്സവമായ കളിയാട്ടത്തിനൊരുങ്ങി. ജോലി തേടി മറുനാട്ടില്‍ പോയവരും, നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ചു മറ്റ് ദേശങ്ങളിലേക്ക് പോയ പെണ്ണുങ്ങളും, എല്ലാം എത്തുക കളിയാട്ടത്തിനാണ്. ആഘോഷം ഗംഭീരമാക്കാ‍ന്‍ കളിയാട്ട കമ്മിറ്റിക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. അങ്ങിനെ ഗ്രാമം ആഘോഷത്തിമിര്‍പ്പിലേക്ക് നീങ്ങുകയാണ്.

പെരുവണ്ണാനും കളിയാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വ്രതം ആരംഭിച്ചു. സഹായത്തിനു അടുത്ത ദേശങ്ങളിലുള്ള പെരുവണ്ണാന്മാരെ ഏര്‍പ്പാടാക്കി. പഴയ ഉടയാടകളെല്ലാം അലക്കി കഞ്ഞിമുക്കി വടിപോലെയാക്കി മടക്കി വച്ചു. ‘മുടി‘ക്കാവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്തു. കളിയാട്ടമടുക്കുന്തോറും പെരുവണ്ണാനസ്വസ്ഥനാകും. എല്ലാവര്‍ഷവും അതു പതിവുള്ളതായതിനാല്‍ ആര്‍ക്കും അതില്‍ പുതുമയില്ല. ഇനി കളിയാട്ടം കഴിഞ്ഞാലെ പെരുവണ്ണാന്‍ നിലത്തു നില്‍ക്കൂന്നാണ് പെരുവണ്ണാനെ അറിയുന്നവര്‍ പറയുക.

അങ്ങിനെ ഗ്രാമം കാത്തിരുന്ന കളിയാട്ടമെത്തി. ചെത്തി മിനുക്കി ചാണമെഴുകിയ മുറ്റത്ത് ചെണ്ടയൊച്ച മുഴങ്ങി. കൊടിയാക്കില വാങ്ങി തോറ്റം ആരംഭിച്ചു. പുതിയോതിയുടെ ചരിതം ഈണത്തില്‍ പാടാന്‍ തുടങ്ങി. “മാതാവും പിതാവു തന്നെയും ഗുരുവിനെയുമാദരി.........“ പതിഞ്ഞ സ്വരത്തില്‍ പെരുവണ്ണാന്‍ തോറ്റം പാട്ടാരംഭിച്ചു. ചുറ്റും കൂടിയിരുന്ന ദേശവാസികള്‍ നിശബ്ദമായി ആ വരികള്‍ കേട്ടു നിന്നു. വര്‍ഷങ്ങളായി അവര്‍ കേള്‍ക്കുന്നു ആ സ്വരം.. മെല്ലെ മെല്ലെ തോറ്റം പാട്ട് മുറുകുകയാണ്. ഒരു വരിപോലും പിഴച്ചില്ല, ശബ്ദം ഇടറിയില്ല, വര്‍ഷങ്ങളായി കേള്‍ക്കുന്ന സ്വരത്തിനൊരു മാറ്റവുമില്ല...

ചടങ്ങുകളോരോന്നായി നടക്കുന്നു. അതങ്ങിനെയാണ് ചടങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ എണ്ണയിട്ട യന്ത്രം കണക്കെ... എല്ലാം പതിവുപോലെ നടക്കും, യാതൊരു സംശയങ്ങളുമില്ലാതെ, കനത്ത നിശബ്ദത തളം കെട്ടിയ കാവിലെ തിരുമുറ്റത്ത്.

കലാപരിപാടികളും കാഴ്ചവരവും ഒക്കെ ഗംഭീരമായി നടന്നു. വീരന്റെയും വീരാളിയുടെയും കോലങ്ങള്‍ പള്ളിയറയില്‍ നിന്നും പുറപ്പെടാറായി നില്‍ക്കുന്നു. അവ പുറപ്പെടുമ്പോഴേക്കും പുതിയോത്രയുടെ മുഖത്തെഴുത്താരംഭിക്കണം. തൊഴുകൈയ്യോടെ കൊടിയാക്കിലയില്‍ ദീപവും തിരിയും വാങ്ങി പെരുവണ്ണാന്‍ പരദേവതയെ വിളിച്ച്, ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച്, കൂടിയിരിക്കുന്ന സകലരേയും താണു വണങ്ങി. നാലു ദിക്കിലും പ്രത്യേകം തൊഴുതു വണങ്ങി അണിയറയിലേക്ക് നീങ്ങി. നിലത്തിട്ട ഓലയില്‍ പെരുവണ്ണാന്‍ മലര്‍ന്നു കിടന്നു. ചിരട്ടയില്‍ തയ്യാറാക്കിയ ചായം കൊണ്ട് മുഖത്തെഴുത്താരംഭിച്ചു. പെരുവണ്ണാന്റെ മുഖം പുതിയ ഭഗവതിയുടേതായി മാറിക്കൊണ്ടിരുന്നു. കണ്ണുമടച്ച് പ്രാര്‍ത്ഥനാ നിരതനായി പെരുവണ്ണാന്‍ അനങ്ങാതെ കിടന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭഗവതിയായി മാറാന്‍ നിമിഷങ്ങള്‍ മാത്രം. പതിവില്ലാത്ത വിധം പെരുവണ്ണാന്‍ അക്ഷമനായി. മുഖത്തെഴുത്തിനുശേഷം ഉടകള്‍ അണിയാന്‍ തുടങ്ങി. തയ്യാറാക്കി വച്ച നാലു പന്തങ്ങള്‍ ചുറ്റും കെട്ടി.ഈ വര്‍ഷത്തെ കളിയാട്ടം പുതിയോത്രയോടെ തീരുകയായി. ഗ്രാമോത്സവം അവസാനിക്കുകയാണ്. കാവിനു ചുറ്റും ജനങ്ങള്‍ നിറഞ്ഞു. കയ്യില്‍ ‘നേര്‍ച്ച‘ വെളിച്ചെണ്ണയുമായി ഭക്തന്മാര്‍ പുതിയോതിയുടെ പുറപ്പാടിനായി കാത്തിരിക്കുന്നു. കുട്ടികള്‍ക്കസുഖം വന്നാല്‍, മകളുടെ ഭര്‍ത്താവ് ഒരാഴ്ച ഗള്‍ഫില്‍ നിന്നും വിളിച്ചില്ലെങ്കില്‍, പട്ടാളത്തിലുള്ള മകന്റെ കത്തില്ലെങ്കില്‍...അങ്ങിനെ എന്തിനും ഏതിനും ഉടന്‍ അവര്‍ പുതിയോത്രയ്ക്ക് നേര്‍ച്ച നേരുകയായി. “എന്റെ പുതിയോതീ, കളിയാട്ടത്തിനൊരു തുടം വെളിച്ചെണ്ണ നിന്റെ പന്തത്തിലൊഴിക്കാമെ....“ അവരെ എന്നും കാത്തു പരിപോലിച്ചു പോന്നത് പുതിയോതിയാണ്. പുതിയോതി അവരുടെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും നിറവേറ്റുന്നു, അവര്‍ നേര്‍ച്ചകള്‍ കൃത്യമായി വര്‍ഷത്തിലൊരിക്കല്‍ ആളുന്ന പന്തങ്ങളില്‍ സമര്‍പ്പിക്കുന്നു.

പുലര്‍ച്ചെ നാലു മണിയോടെ കാവില്‍ നിന്നും കുരവയോടുകൂടി കാരണവന്മാര്‍ കുളത്തിലേക്ക് പുറപ്പെട്ടു. അവര്‍ കുളി കഴിഞ്ഞെത്തുമ്പോഴേക്കും പുതിയോതിയുടെ പുറപ്പാടായി. കണ്ണുകളില്‍ പ്രത്യേക തിളക്കം വരുന്നു, വയസ്സു മറന്ന്, ശരീരാസ്വാസ്ഥ്യങ്ങള്‍ മറന്ന്. ഇപ്പൊ പാതി ദൈവവും പാതി മനുഷ്യനും.. ഇനി നിമിഷങ്ങള്‍ക്കകം പെരുവണ്ണാന്‍ ദൈവമായി മാറും.

കാവില്‍ നിന്നും വെളിച്ചപ്പാടന്‍ വാളുമായി ഇറങ്ങി വരുമ്പോഴേക്കും പന്തങ്ങള്‍ക്ക് തീ കൊടുത്തു. ചുറ്റും നാല് വലിയ പന്തങ്ങള്‍, തലയിലേറ്റിയ മുടിയില്‍ നിരവധി ചെറു പന്തങ്ങള്‍.. അഗ്നിയാല്‍ ചുറ്റപ്പെട്ട പെരുവണ്ണാന്‍ പതുക്കെ എഴുന്നേറ്റു. ചെണ്ടകളുടെ താളം മുറുകുകയായി. വെളിച്ചപ്പാടിന്റെ ചലനങ്ങള്‍ക്ക് അനുസൃതമായി പെരുവണ്ണാനും തിരുനൃത്തമാരംഭിച്ചു. ചുറ്റുമാളിക്കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ മുഖത്തെഴുത്ത് തിളങ്ങി. കൂടി നിന്ന ഭക്തകള്‍ മൂന്നു വട്ടം കുരവയിട്ടു ഭഗവതിയെ സ്വാഗതം ചെയ്തു. വെളിച്ചപ്പാടിന്റെ ചലനങ്ങള്‍ മുന്നോട്ടും പിന്നോട്ടും ധ്രുതഗതിയിലായി, ഒപ്പം പുതിയോത്രയുടെയും.

വെളിച്ചപ്പാടില്‍ നിന്നും വാളും പരിചയും ലഭിച്ചതോടെ ചലനങ്ങള്‍ വന്യമായി. പന്തങ്ങളില്‍ നിന്ന് പടര്‍ന്നാളുന്ന തീജ്വാലകളുടെ തീഷ്ണത പെരുവണ്ണാനെ ബാധിച്ചതേയില്ല. പ്രാര്‍ത്ഥനയായും, നേര്‍ച്ചയായും കൊണ്ടു വന്ന വെളിച്ചെണ്ണ ഓരോരുത്തരാ‍യി പന്തത്തിലേക്കൊഴിക്കാന്‍ തുടങ്ങി. വെളിച്ചെണ്ണ ഒഴിക്കും തോറും അഗ്നി താണ്ഡവമാരംഭിച്ചു. ചുറ്റുമുള്ള കുരുത്തോലകള്‍ ചാരമാവാന്‍ തുടങ്ങി. ചിട്ടകളൊന്നും തെറ്റിക്കാതെ, ചലനങ്ങളൊന്നും പിഴക്കാതെ ആ ദേവനര്‍ത്തകന്‍ തിരുനൃത്തമാടി.

ആട്ടം പൂര്‍ത്തിയാക്കിയ പുതിയോത്ര കൈകൂപ്പി നിന്ന ഭക്തരെ അനുഗ്രഹിച്ചു. “ഗുണം വരുത്തും നാട്ടു പൈതങ്ങളേ.......” കൈകൂപ്പി നിന്ന കമ്മിറ്റി പ്രസിഡണ്ട് കണ്ണന്‍ നമ്പ്യാരെ നോക്കി തെയ്യം പറഞ്ഞു. “ഏറിയോരു സന്തോഷമായ് അകമ്പടീ...................” കണ്ണുകളടച്ച് വണങ്ങി നിന്ന കണ്ണന്‍ നമ്പ്യാരുടെ ശിരസ്സില്‍ വാളുകൊണ്ടനുഗ്രഹം നല്‍കി. തെയ്യം ഇത്തവണ കെട്ടേണ്ടെന്ന് പെരുവണ്ണാനോടു പറഞ്ഞ പ്രസിഡണ്ട് കണ്ണന്‍ നമ്പ്യാര്‍ ഇപ്പോള്‍ വെറും അകമ്പടിക്കാ‍രന്‍ മാത്രം. തെയ്യം എല്ലാ ഭക്തര്‍ക്കും ‘കുറി’ നല്‍കി, കാണിക്ക സ്വീകരിച്ചു. എല്ലാവരെയും പ്രത്യേകം പ്രത്യേകം അനുഗ്രഹിച്ചു. അവരോരുത്തരും തങ്ങളുടെ പരാതികളും പരിദേവനങ്ങളും നിശബ്ദം പുതിയോതിയെ അറിയിച്ചു. “ഗുണം വരുത്തും....” പുതിയോത്ര എല്ലാവരെയും അനുഗ്രഹിച്ചു. നാട്ടുകാര്‍ അടക്കം പറഞ്ഞു, “കൊല്ലെത്രയായി രാമപ്പെര്ണ്ണാന്‍ പുതിയോത്ര കെട്ടുന്നു, ഇപ്പൂം ഒരു കൊയ്പ്പൂല്ലാല്ലെ... എന്താ ഒരു പ്രഭ പുതിയോത്രക്ക്. കണ്ടാ തന്നെ മതി.., ആരാ പറഞ്ഞെ രാമപ്പെര്ണ്ണാനെ മാറ്റണംന്ന്, ഇനി കൊല്ലം പത്തു കയ്ഞ്ഞാലും പെര്ണ്ണാന്‍ തന്നെ കെട്ടിയാല്‍ മതി”.

ചടങ്ങുകള്‍ അവസാനിക്കുകയായി നേരം വെളുത്തു കഴിഞ്ഞു. കോഴിയറവു കഴിഞ്ഞതോടെ ‘കുറി’ വാങ്ങിയവര്‍ കാവിനു പുറത്തുള്ള ‘ചന്ത’കളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ നീങ്ങി തുടങ്ങി. കാരണവന്മാരെയും, കല്ലാടികളെയും എന്നുവേണ്ട എല്ലാവരെയും അനുഗ്രഹിച്ചു. തെയ്യത്തിന്റെ മുടിയഴിച്ചു. രണ്ടു പേര്‍ രാമപ്പെരുവണ്ണാന്റെ കൈപിടിച്ച് അണിയറയിലേക്ക് കൊണ്ടുപോയി. ആടയാഭരണങ്ങള്‍ അഴിച്ചതിനുശേഷം മുഖത്തെഴുത്തു മായ്ക്കുന്നതിനുമായി പെരുവണ്ണാന്‍ അണിയറയിലെ ഓലയില്‍ കണ്ണടച്ചു കിടന്നു.

കണ്ണടച്ചു കിടന്ന പെരുവണ്ണാന്‍ കണ്ടത് മുറിച്ചൂട്ടിന്റെ വെളിച്ചത്തില്‍ തന്റെ കൈപിടിച്ചു നടത്തുന്ന തെയ്യക്കോലങ്ങളെയാണ്. താന്‍ ചെറുപ്പത്തില്‍ കെട്ടിയ കതിവനൂര്‍ വീരന്‍ മുതല്‍ കുറെ തെയ്യങ്ങള്‍. വേട്ടയ്ക്കൊരുമകന്‍, തൊണ്ടച്ചന്‍, മാക്കപ്പോതി... അങ്ങിനെ താന്‍ കെട്ടിയാടിയ ഓരോ തെയ്യങ്ങളായി വന്ന് തന്റെ കൈപിടിച്ച് നടക്കുന്നു. എങ്ങോട്ടെന്നറിയാതെ തെയ്യങ്ങളുടെ പിന്നാലെ പെരുവണ്ണാന്‍ അനന്തതയിലേക്ക് നടന്നു നീങ്ങി.

കളിയാട്ടം കഴിഞ്ഞു. അണിയറയില്‍ തെയ്യത്തിന്റെ ആടയാഭരണങ്ങളെല്ലാം അഴിച്ച പെട്ടിയിലും ബാഗുകളിലുമൊക്കെ നിറച്ചു. കാവില്‍ കൂടിയിരുന്ന ആള്‍ക്കാരെല്ലാം പിരിഞ്ഞു. ഇനി ബാക്കി കമ്മറ്റിക്കാരും, കോലക്കാരും, ചെണ്ടക്കാരുമൊക്കെ മാത്രം. അവര്‍ക്ക് കോളു നല്‍കണം. അതോടെ എല്ലാം കഴിഞ്ഞു.

“എന്നാ പിന്നെ നമ്മക്ക് തൊടങ്ങാല്ലെ” പ്രസിഡണ്ട് കുഞ്ഞി കൃഷ്ണന്‍ നമ്പ്യാര്‍ എല്ലാവരോടുമായി പറഞ്ഞു. “രാമപ്പെര്ണ്ണാനെവിടെ... വിളി പെര്ണ്ണാനെ..”

എന്നാല്‍ പെരുവണ്ണാന്‍ വിളി കേള്‍ക്കുന്നുണ്ടായിരുന്നില്ല. തെയ്യങ്ങള്‍ പെരുവണ്ണാനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു... തിരിച്ചുവരാനാകാത്ത മറ്റൊരു ലോകത്ത്.....

(പുതിയോത്ര, പുതിയോതി എന്നിവ പുതിയ ഭഗവതിയുടെ തന്നെ വിളിപ്പേരുകളാണ്)

പെയിന്റിംഗ്: ധനരാജ് കീഴറ
ഫോട്ടോ: പ്രസാദ്

പുതിയ ഭഗവതിയെ നേരില്‍ കാണുവാന്‍ ഇവിടം സന്ദര്‍ശിക്കുക (കടപ്പാട്: കെ.എം.പ്രമോദ്)

Friday, October 05, 2007

ദൈവപ്പാതി (ഒന്നാം ഭാഗം)എന്റെ പരദേവതേ, നീ തന്നെ എനിക്കൊരു വഴി കാണിച്ചു തരണേ... ഇന്നു വരെ ഒരു മൊടക്കൂല്ലാണ്ട് നിന്റെ കോലം കെട്ട്യാടിയില്ലെ ഞാന്‍... അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ചിതലരിച്ച മച്ച് നോക്കി രാമപ്പെരുവണ്ണാന്‍ നെടുവീര്‍പ്പിട്ടു. കളിയാട്ടങ്ങളൊക്കെ തുടങ്ങാന്‍ പോകുന്നു, ശരീരം മനസ്സു പറയുന്നിടത്തു നില്‍ക്കാതായി... ഇനി ഇങ്ങനെ എത്രനാള്‍.....

ഇക്കൊല്ലമെങ്കിലും പെണ്ണിനെ മംഗലം കയ്പിക്കണ്ടേ.... ചേയികുട്ടിയുടെ ശബ്ദം പെരുവണ്ണാനെ ഉണര്‍ത്തി.

എട്ന്നെടുത്തു കൊടുക്കാനാ പൊന്നും പണൂം... കാതിലും കയ്ത്തിലും എന്തെങ്കിലും പൊന്നിന്റെ തരി വേണ്ടെ... നാലാളെ വിളിച്ച് ചോറു കൊടുക്കേണ്ടെ... എന്റെ കയ്യിലൊന്നൂല്ലാന്ന് നിനക്കറീലെ ചേയികുട്ടി... രാമപ്പെരുവണ്ണാന്‍ യാന്ത്രികമായി പറഞ്ഞു..

എത്ര കൊല്ലായി ഇങ്ങള് തെയ്യം കെട്ടാന്‍ തൊടങ്ങീറ്റ്.. എന്തെങ്കിലും ഒരു കൊണം ങ്ങളെക്കൊണ്ട് ഈ കുടുംബത്തിനുണ്ടായിട്ട്ണ്ടാ... എല്ലാം എന്റെ യോഗന്നല്ലാതെ യെന്തു പറയാന്‍... കൊല്ലം തോറും എത്രയാള് ങ്ങളെ വിളിക്കാന്‍ വരുന്ന്... ഘോഷയാത്രക്കും, സമ്മേളനത്തിനും, പ്രകടനത്തിനും ഒക്കെ തെയ്യം കെട്ടാന്‍.. പോയിറ്റ്ണ്ടങ്കില് ചോയ്ച്ച പൈശ തരാന്ന് പറഞ്ഞിറ്റില്ലെ ഓറ്... ങ്ങക്ക് തെയ്യം കെട്ടാന്‍ ബയ്യെങ്കില്, മോത്തെഴ്തി കെട്ടിച്ചു കൊടുത്താ മതീന്ന് പറഞ്ഞില്ലെ അക്കൂട്ടര്... എന്റെ കാര്യോ പോട്ടെ, മംഗലപ്രായം കയിഞ്ഞ ഓള കാര്യെങ്കിലും ചിന്തിച്ചിനാ നിങ്ങള്... അവര് വിളിക്കുമ്പോ പോയാ എന്താ?? ചേയികുട്ടി വിടാനുള്ള ഭാവമില്ല.

ഇനി അതൊക്കെ പറഞ്ഞിറ്റെന്താ കാര്യം ചേയികുട്ടി... പരദേവതക്ക് നെരക്കാത്തതൊന്നും ഞാനിത്രേം കാലായിറ്റ് ചെയ്തിറ്റില്ല.. ആരു പറഞ്ഞാലും ചെയ്യാനും പോനില്ല.. ഞാന്‍ വെറും കോലക്കാരനല്ലാ.. ഇന്നാട്ടിലെ ജന്മാരിയാ*.. നീയതു മറക്കണ്ടാ... രാമപെരുവണ്ണാന്‍ പതുക്കെ മന്ത്രിച്ചു.

ജന്മാരി ജന്മാരീന്ന് പറഞ്ഞാ നിങ്ങളെ കൊടലെങ്ങനെയാ നെറയാ... ആ ചെക്കന്‍ പണിക്ക് പോയിറ്റില്ലെങ്കില്‍ കാണാരുന്നു, എങ്ങനാ കഞ്ഞി കുടിക്ക്വാന്ന്... അന്ന്‍ ആ സായ്പിനെ കൂട്ടി വന്ന വിശ്വന്‍ മാഷ് പറഞ്ഞതെങ്കിലും കേട്ടൂടായിരുന്നോ... ഒന്നും വേണ്ടാ ആ സായ്പിന്റെ കൂടെ പാരീസില്‍ പോയാ മതീന്ന് പറഞ്ഞിട്ടില്ലെ. എല്ലം മാഷ് ശരിയാക്കി തരൂന്നും പറഞ്ഞതല്ലെ. ഇന്നാട്ടില്‍ വേറെ കോലക്കാരില്ലാഞ്ഞിട്ടല്ലല്ലോപ്പാ ഈട തന്നെ ഓറ് വന്നത്. അന്നെങ്കിലും ഒന്ന് മൂളീനെങ്കില് എന്റെ ഓള കാര്യെങ്കിലും ഒത്തേനെ.. ചേയികുട്ടിയുടെ ഒച്ച പൊങ്ങാന്‍ തുടങ്ങി.

നിര്‍ത്തുന്നുണ്ടോ ചേയി നീ... എത്രോട്ടം ഇതിനെല്ലാം ഞാന്‍ സമാധാനം പറഞ്ഞതാ.. പെരുവണ്ണാന്‍ വിഷമത്തോടെ പറഞ്ഞു.

ന്നാ നിങ്ങളൊരു കാര്യം ചെയ്യ്. കളിയാട്ടത്തിന്റെ നെല്ലളവിനിനി കൊറച്ച് ദിവസല്ലെ ഉള്ളൂ.. അന്നടയാളം വാങ്ങുമ്പോ കോള് കൂട്ടിത്തരാന്‍ പറ... അത്രക്കെങ്കിലുമാകട്ടെ...ചേയികുട്ടി വഴി പറഞ്ഞു.

ഞാനിന്നുവരെ കണക്കു പറഞ്ഞ് കോളു വാങ്ങീറ്റ്ല... ഓറ് തരുന്നത് വാങ്ങ്വല്ലാതെ.. 50 കൊല്ലായി ഞാന്‍ കെഴക്കേകാവിലെ പുതിയോത്ര കെട്ടാന്‍ തൊടങ്ങീറ്റ്.. ഇനിയാ കണക്കു പറയേണ്ടെ... പെരുവണ്ണാന്‍ പായില്‍ നിന്നും എഴുന്നേറ്റ് ഇറയത്തേക്ക് നടന്ന് ബീഡിക്കു തീ കൊളുത്തി.

ഞാമ്പറേന്നത് മതിയാക്കി... എന്നെ പേടിച്ച് എഴുന്നേറ്റ് പോണ്ടപ്പാ... എന്റെ സങ്കടം നിങ്ങളോടല്ലാതെ പിന്നെ ഞാനാരോടാ പറയേണ്ടെ... ചേയികുട്ടി കരച്ചിലിന്റെ വക്കത്തെത്തി..

പെരുവണ്ണാന്‍ ബീഡി ആഞ്ഞു വലിച്ചു മുറ്റത്തേക്കിറങ്ങി... . ദൂരെ കുന്നിന്‍ ചരിവില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കാം.

ചേയികുട്ടി പറഞ്ഞതിലും കാര്യമില്ലെ... അവളുടെ സങ്കടം ആരോടു പറയാന്‍... അവളുടെ പതിനഞ്ചാം വയസില്‍ മംഗലം കയിച്ച് കൂട്ടികൊണ്ടുവന്നതല്ലെ. അന്നു മുതലിന്നു വരെ അവള്‍ക്കൊരു സമാധാനവും സുഖവും കിട്ടിട്ടുണ്ടാവില്ല. അന്നൊക്കെ വല്യ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കളിയാട്ടം കഴിഞ്ഞാല്‍ മോശമല്ലാത്ത കോള് കിട്ടും. പിന്നെ വേടന്‍ കെട്ടിയാലും, വിഷൂന്ന് പോയാലും, മുത്തപ്പന്‍ കെട്ട്യാലും കൊറച്ച് നെല്ലും കിട്ടും. കൊല്ലത്തോട് കൊല്ലം ഉണ്ണണ്ട അരി അതു കുത്തിയാ കിട്ടും. തെയ്യം കെട്ടും, മുഖത്തെഴുത്തും അല്ലാതെ മറ്റൊരു പണീം പഠിച്ചതുമില്ല, പഠിക്കണമെന്നു തോന്നിയതുമില്ല. അല്ലെങ്കിലും അക്കാലത്ത് പെരുവണ്ണാന്മാര്‍ തെയ്യം കെട്ടലല്ലാതെ മറ്റെന്തു ചെയ്യാന്‍. ദേവസ്വത്തിന്റെ സ്വത്തൊക്കെ പോയതോടെയാ എല്ലാം മാറിയതെന്ന് തോന്നീറ്റ്ണ്ട്.

അല്ലെങ്കിലും മറ്റുള്ള പെരുവണ്ണാന്മാരുടെ വഴിക്ക് താന്‍ നടന്നില്ലല്ലോ. ഏഷ്യാഡിനു തെയ്യം കെട്ടാന്‍ കോറോത്തെ ഒതേനപ്പെരുവണ്ണാനും, തെക്കേലെ കണ്ണന്‍ പണിക്കറും പോയപ്പോ താന്‍ മാത്രല്ലെ പോകാണ്ടിരുന്നെ. പാരീസിലും, ലണ്ടനിലുമൊക്കെ എത്ര എത്ര പരിപാടിക്ക് ആ മാഷ് വന്നു വിളിച്ചു‍‍.... എന്തിനധികം, എത്ര വട്ടം പാര്‍ട്ടിക്കാര്‍ ജാഥയില്‍ തെയ്യം കെട്ടി കൊടുക്കാന്‍ പറഞ്ഞു. എത്ര സായ്പന്മാര്‍ തെയ്യം കാണാന്‍ വന്നു... രാമപ്പെരുവണ്ണാന്റെ തെയ്യത്തിനെപ്പോഴും ആളു കൂടുമല്ലൊ.

എന്നിട്ടും പരദേവതേന്റെ മുമ്പിലല്ലാതെ തെയ്യം കെട്ടാന്‍ നിന്നില്ലല്ലോ അടിയന്‍. അതാണോ ഭഗവതീ എന്നെ നീ ഒന്നിനും കൊള്ളാത്തവനെപ്പോലെ ആക്കിയത്? ബീഡിയിലെ അവസാന പുകയും വലിച്ച് പെരുവണ്ണാന്‍ അകത്തേക്ക് നടന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് രാ‍മപ്പെരുവണ്ണാന്‍ കിടന്നു.

രാമപ്പെരുണ്ണാനില്ലെ ഈടാ... മുറ്റത്തു നിന്നും ആരോ വിളിച്ചു ചോദിക്കുന്നു. നേരം പുലര്‍ന്നതേയുള്ളൂ.. അപ്പോഴേക്കും ആരാണപ്പാ വന്നത്.. അതിശയപ്പെട്ട് രാമപ്പെരുവണ്ണാന്‍ മുറ്റത്തേക്കിറങ്ങി.

ഓ ഇതാര് ഗോപലനോ? എന്താ ഈ വയിക്കൊക്കെ??? പെരുവണ്ണാന്‍ ലോഹ്യം പറഞ്ഞു. കളിയാട്ടകമ്മിറ്റി മെമ്പറാണ് ഗോപാലന്‍.

പെരുവണ്ണാനോടൊരു കാര്യം പറയാന്‍ വന്നതാ.. നാളെ കാവില് കളിയാട്ട കമ്മിറ്റി മീറ്റിംഗുണ്ട്. കളിയാട്ടത്തിനിനി കുറച്ചു ദിവസല്ലെ ഉള്ളൂ... എന്തോ പ്രധാന കാര്യം നിങ്ങളോട് നേരിട്ട് കമ്മിറ്റിക്കാര്‍ക്ക് പറയാനുണ്ട്.. അതുകൊണ്ട് നാളെ വൈകുന്നേരം 5 മണിക്ക് കാവിലെത്തണം.

ഊയ്യന്റപ്പാ... എന്താകാര്യം. പെരുവണ്ണാന് ആധിയായി. ഇന്നുവരെ കമ്മിറ്റിക്കാര്‍ തന്നെ യോഗത്തിനു വിളിച്ചിട്ടില്ല. ഇതിപ്പോ... എന്റെ പരദേവതേ.. പെരുവണ്ണാന്‍ അറിയാതെ വിളിച്ചു പോയി.

കാര്യമൊക്കെ പ്രസിഡണ്ട് കുഞ്ഞികിട്ടന്‍ കൈക്കോറ് നിങ്ങളോടു പറയും. നിങ്ങള് നാള ആട വന്നാ മതി.. ഗോപാലന്‍ സംഭാഷണം അവസാനിപ്പിച്ചു.

കാവില്‍ പെരുവണ്ണാന്‍ കൃത്യ സമയത്തു തന്നെ ഹാജരായി. അപ്പോഴേക്കും കമ്മിറ്റി ഭാരവാഹികളും, കാവിലെ കാരണവന്മാരും എത്തിയിരുന്നു. മുഖവുരയൊന്നും കൂടാതെ കമ്മറ്റി പ്രസിഡണ്ട് കാര്യം പറഞ്ഞു. രാമപ്പെരുണ്ണാന്റെ തെയ്യത്തിനു തീരെ ഉശിറില്ല, അങ്ങനെ ആയ പറ്റൂല്ല... അതുകൊണ്ട് തെയ്യം ഇക്കൊല്ലം മറ്റാരെങ്കിലും കെട്ടണം, അതിനുള്ള ഏര്‍പ്പാട് പെരുണ്ണാന്‍ തന്നെ ഉണ്ടാക്കണം...

ഓ അടിയന്‍... പെരുവണ്ണാന് വാക്കുകള്‍ കിട്ടാതായി... എങ്ങിനെ ഒക്കെയോ വാക്കുകള്‍ പുറത്തു വന്നു.... തമ്പുരാക്കന്മാരെന്താ പറഞ്ഞു വരുന്നതെന്ന് അടിയനൊട്ടും തിരിഞ്ഞിറ്റ്ല്ല.. ഇന്നു വരെ ഇവ്ടുത്തെ അടിയന്തിരത്തിനടിയനൊരു മുട്ടും വര്ത്തീറ്റ്ലല്ല... ഇതു വരെ ഒരു തോറ്റം ചൊല്ലുമ്പം പോലും അടിയന് പിഴ്ച്ചിറ്റ്ണ്ടോ... കോലം കെട്ട്യപ്പൊ ചുവടെ തെറ്റീറ്റ്ണ്ട... പിന്നെന്താ തമ്പിരാക്കള്‍ക്കിപ്പോ ഇങ്ങനൊരു ചിന്ത...

ഇതെന്തു ബിശ്യാ പെര്ണ്ണാന്‍ പറയുന്നെ... സെക്രട്ടറിയാണിത്തവണ സംസാരിച്ചത്. പെരുവണ്ണാന്‍ പറയുന്നതു പോലെയൊന്നുമല്ല സംഗതികള്‍... നിങ്ങക്കെത്ര വയസ്സായി. നിങ്ങളെ പ്രായത്തിലുള്ളോരൊന്നും ഇപ്പൊ തെയ്യം കെട്ടുന്നില്ല. പിന്നെ പുതിയ തലമുറയൊക്കെ വരണ്ടെ... ഇനി പെര്ണ്ണാനധിക കാലമുണ്ടാ... സെക്രട്ടറി കമ്മിറ്റിയുടെ നയം വ്യക്തമാക്കി..

പെരുവണ്ണാനൊന്നും മനസ്സിലായില്ല, ഇതെന്തിനുള്ള പുറപ്പാടാ... ഞാനില്ലെങ്കില്‍ പിന്നാരു തെയ്യം കെട്ടും. പാര്‍ട്ടിയുമായി നടക്കുന്ന മകനോ... ഇതുവരെ ഒരു വേടന്‍ പോലും ഓന്‍ കെട്ടിയിട്ടില്ല. പിന്നെ ആരാ ഉള്ളെ... മൂത്ത മോളുടെ മോന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിനു... ആകെ ഇനി അവകാശിയായി അവനേ ഉള്ളൂ.. ഇല്ലേല്‍ പുറത്തു നിന്നാരെയെങ്കിലും കൂലിക്കു കൊണ്ടുവരേണ്ടി വരും... ഇന്നുവരെ അങ്ങിനെയൊരവസ്ഥ വന്നിട്ടില്ലല്ലോ പരദേവതേ... പെരുവണ്ണാന്റെ ഉള്ളില്‍ ചിന്തകള്‍ മിന്നിമാഞ്ഞു.

എന്താ പെരുവണ്ണാന്‍ മിണ്ടാതിരിക്കുന്നെ... പ്രസിഡണ്ട് നമ്പ്യാര്‍ പെരുവണ്ണാനോടായി ചോദിച്ചു.

അടിയനൊരാഗ്രഹുണ്ട്... അതിനു തമ്പിരാക്കന്മാര്‍ എതിരു നിക്കരുത്... ഞാനീട പുതിയോത്ര കെട്ടാന്‍ തുടങ്ങീറ്റ് 59 കൊല്ലായി... ഒരു കൊല്ലം കൂടി അടിയനെ തന്നെ പുതിയോത്ര കെട്ടാന്‍ വിടണം. നാല്പത്തേഴിലെ സമരം കൊടുമ്പിരികൊള്ളുമ്പഴാ ആദ്യായി അടിയന്‍ പുതിയോത്ര കെട്ട്യത്. ഇതിപ്പൊ 2007 ആണല്ലോ... ഒരൊറ്റക്കൊല്ലം കൂടി അടിയന് പുതിയോത്രക്കോലം കെട്ടണം. അതു കയിഞ്ഞാല്‍ അടുത്ത കൊല്ലം മോളെ മോനെ കൊണ്ട് കെട്ടിക്കാ... ഓനീ മേടം വന്നാ പതിനഞ്ച് വയസ്സാവും. ഇക്കൊല്ലം പത്തിലാ.. അതോണ്ടടുത്ത കൊല്ലം തീര്‍ച്ച്യായിറ്റും അടിയന്‍ കുഞ്ഞീനെകൊണ്ട് കെട്ടിക്കാ... മറുത്തൊന്നും പറയല്ലെ....

കമ്മറ്റിക്കാര്‍ മുഖത്തോടു മുഖം നോക്കി. ഇനിയെന്തു ചെയ്യും. പ്രസിഡണ്ട് എല്ലാവരോടുമെന്ന നിലയില്‍ ഒരഭിപ്രായം പറഞ്ഞു. അപ്പൊ ഇക്കൊല്ലം കൂടി പെരുവണ്ണാന്‍ തന്നെ കെട്ടട്ടല്ലെ?? പാതി മനസ്സോടെ എല്ലാവരും സമ്മതിച്ചു.

അപ്പോ അടിയനങ്ങോട്ട് വിട കൊള്ളട്ടെ.. പെരുവണ്ണാന്‍ കൈകൂപ്പി, എല്ലാവരെയും വന്ദിച്ചു തലകുനിച്ചു.

എന്നാപ്പിന്നങ്ങനാവട്ടെ... പ്രസിഡണ്ട് തലകുലുക്കി... ഇക്കൊല്ലം ഗംഭീരാക്കണം കളിയാട്ടം.. അതു മറക്കേണ്ട... തിരുവനന്തപുരംകാരുടെ നാടകവും, ഗംഭീര അടിയറ*യും കളിയാട്ടത്തിനുണ്ട്... അപ്പൊ ഇനി നെല്ലളവിനു കാണാം പെരുവണ്ണാനെ... (തുടരും)

(പെയിന്റിംഗ്: ധനരാജ് കീഴറ)

*‍ജന്മാരി = ഒരു പ്രത്യേക സ്ഥലത്തെ/ഗ്രാമത്തിലെ/പ്രദേശത്തെ തെയ്യം കെട്ടാനും, ആചാരങ്ങള്‍ അനുഷ്ഠിക്കാനും അധികാരപ്പെട്ട ആള്‍.
* അടിയറ= കാഴ്ച വരവ്

Tuesday, October 02, 2007

ബ്ലോഗിംഗ് - മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി

മുഖ്യധാരാ മാധ്യമങ്ങള്‍ ബ്ലോഗിംഗിനെ ഗൌരവത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ നല്ലൊരു ലേഖനം വന്നതിനുശേഷം ഒരു പാട് നവബ്ലോഗര്‍മാര്‍ രംഗത്തെത്തുകയുണ്ടായി. ബ്ലോഗുകളെ കുറിച്ച് കഴിഞ്ഞ മാസം മാധ്യമം വാരികയിലും, സമകാലിക മലയാളം വാരികയിലും രണ്ടു നല്ല ലേഖനങ്ങളും വരികയുണ്ടായി. കഴിഞ്ഞ മാസം മാതൃഭൂമി വരാന്തപ്പതിപ്പില്‍ വിക്കി മലയാളത്തെക്കുറിച്ചും മുഴുനീള ഫീച്ചര്‍ വരികയുണ്ടായി.

അതിനാക്കളുപരി ഇത്തവണ മാതൃഭൂമി കവര്‍സ്റ്റോറി തന്നെ എഴുതിയിരിക്കുന്നു. കൂടാതെ വിശാലന്റെയും, വി.കെ.ആദര്‍ശിന്റെയും, കുറിഞ്ഞി ഓണ്‍‌ലൈനിലെയും, റാം മോഹന്‍ പാലിയത്തിന്റെയൂം പോസ്റ്റുകള്‍, ബ്ലോഗ് ട്യൂറ്റോറിയല്‍ എന്നിവയും.. വായനക്കു പകരം ബ്ലോഗന എന്നൊരു പുതിയ വാക്കും ഉണ്ടായിരിക്കുന്നു...

1. ഇതാ കവര്‍2. ഇതു വിശാലനുമായി മനില സി.മോഹന്‍ ഓണ്‍‌ലൈനില്‍ നടത്തിയ ഇന്റര്‍വ്യൂ.. ബ്ലോഗിംഗ്, ജനാധിപത്യം, മാധ്യമം.. ഇവിടെ മുഴുവന്‍ അഭിമുഖവും വായിക്കാം എന്റെ ഉപാസന സ്കാന്‍ ചെയ്തു പോസ്റ്റിയത്...


3. വിശാലന്റെ ഒരു സെപ്തംബര്‍ 16ന്റെ ഓര്‍മ്മക്ക് ‍


4. വി.കെ ആദര്‍ശിന്റെ ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴിയിലൂടെ


5. വി.കെ.ആദര്‍ശീന്റെ വരൂ നമുക്ക് ബ്ലോഗിംഗ് തുടങ്ങാം... അതു ബ്ലോഗില്‍ കാണാനില്ല.. ബ്ലോഗിംഗിനെക്കുറിച്ച് നാല്ലൊരു സചിത്ര ടൂറ്റോരിയലാണിത്. പക്ഷെ മലയാളം എഴൂത്തുപകരണങ്ങളെക്കുറിച്ച് ഇതില്‍ വേണ്ടത്ര പ്രതിപാദിച്ചു കാണുന്നില്ല. അതു കൂടി ഉണ്ടായിരുന്നേല്‍ പെര്‍ഫെക്ട് ആയേനെ..

6. കുറിഞ്ഞി ഓണ്‍‌ലൈനിലെ ചാരായ നിരോധനവും കണ്ടുപിടുത്തങ്ങളും


7. റാം മോഹന്‍ പാലിയത്തിന്റെ മാര്‍കേസിന്റെ മലയാളി പിതാവ്


ഇത്തവണത്തെ മാതൃഭൂമി ശരിക്കും ബ്ലോഗ് ഭൂമിയായിരിക്കുന്നു.... നമുക്കഭിമാനിക്കാം... മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ യൂണികോ‍ഡിന്റെയും, ബ്ലോഗിന്റെയും വഴിയെ വരുന്നു...

ഒരൊറ്റ സ്വകാര്യദു:ഖം മാത്രം.. നമ്മുടെ വക്കാരിയെ മാതൃഭൂമി പക്കാരിയാക്കി കളഞ്ഞു... മാതൃഭൂമിക്ക് കാക്കത്തൊള്ളായിരം ഇമ്പോസിഷന്‍ (കട: വക്കാരി)