നെല്ലവളവു കഴിഞ്ഞു. അടയാളമായി ഒരു പണം മേലാളി നല്‍കി. കളിയാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം ഗംഭീരമായി നടക്കുന്നു. ഗ്രാമവും ഗ്രാമവാസികളും തങ്ങളുടെ നാടിന്റെ ഉത്സവമായ കളിയാട്ടത്തിനൊരുങ്ങി. ജോലി തേടി മറുനാട്ടില്‍ പോയവരും, നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ചു മറ്റ് ദേശങ്ങളിലേക്ക് പോയ പെണ്ണുങ്ങളും, എല്ലാം എത്തുക കളിയാട്ടത്തിനാണ്. ആഘോഷം ഗംഭീരമാക്കാന്‍ കളിയാട്ട കമ്മിറ്റിക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. അങ്ങിനെ ഗ്രാമം ആഘോഷത്തിമിര്‍പ്പിലേക്ക് നീങ്ങുകയാണ്.
പെരുവണ്ണാനും കളിയാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വ്രതം ആരംഭിച്ചു. സഹായത്തിനു അടുത്ത ദേശങ്ങളിലുള്ള പെരുവണ്ണാന്മാരെ ഏര്‍പ്പാടാക്കി. പഴയ ഉടയാടകളെല്ലാം അലക്കി കഞ്ഞിമുക്കി വടിപോലെയാക്കി മടക്കി വച്ചു. ‘മുടി‘ക്കാവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്തു. കളിയാട്ടമടുക്കുന്തോറും പെരുവണ്ണാനസ്വസ്ഥനാകും. എല്ലാവര്‍ഷവും അതു പതിവുള്ളതായതിനാല്‍ ആര്‍ക്കും അതില്‍ പുതുമയില്ല. ഇനി കളിയാട്ടം കഴിഞ്ഞാലെ പെരുവണ്ണാന്‍ നിലത്തു നില്‍ക്കൂന്നാണ് പെരുവണ്ണാനെ അറിയുന്നവര്‍ പറയുക.
അങ്ങിനെ ഗ്രാമം കാത്തിരുന്ന കളിയാട്ടമെത്തി. ചെത്തി മിനുക്കി ചാണമെഴുകിയ മുറ്റത്ത് ചെണ്ടയൊച്ച മുഴങ്ങി. കൊടിയാക്കില വാങ്ങി തോറ്റം ആരംഭിച്ചു. പുതിയോതിയുടെ ചരിതം ഈണത്തില്‍ പാടാന്‍ തുടങ്ങി. “മാതാവും പിതാവു തന്നെയും ഗുരുവിനെയുമാദരി.........“ പതിഞ്ഞ സ്വരത്തില്‍ പെരുവണ്ണാന്‍ തോറ്റം പാട്ടാരംഭിച്ചു. ചുറ്റും കൂടിയിരുന്ന ദേശവാസികള്‍ നിശബ്ദമായി ആ വരികള്‍ കേട്ടു നിന്നു. വര്‍ഷങ്ങളായി അവര്‍ കേള്‍ക്കുന്നു ആ സ്വരം.. മെല്ലെ മെല്ലെ തോറ്റം പാട്ട് മുറുകുകയാണ്. ഒരു വരിപോലും പിഴച്ചില്ല, ശബ്ദം ഇടറിയില്ല, വര്‍ഷങ്ങളായി കേള്‍ക്കുന്ന സ്വരത്തിനൊരു മാറ്റവുമില്ല...
ചടങ്ങുകളോരോന്നായി നടക്കുന്നു. അതങ്ങിനെയാണ് ചടങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ എണ്ണയിട്ട യന്ത്രം കണക്കെ... എല്ലാം പതിവുപോലെ നടക്കും, യാതൊരു സംശയങ്ങളുമില്ലാതെ, കനത്ത നിശബ്ദത തളം കെട്ടിയ കാവിലെ തിരുമുറ്റത്ത്.
കലാപരിപാടികളും കാഴ്ചവരവും ഒക്കെ ഗംഭീരമായി നടന്നു. വീരന്റെയും വീരാളിയുടെയും കോലങ്ങള്‍ പള്ളിയറയില്‍ നിന്നും പുറപ്പെടാറായി നില്‍ക്കുന്നു. അവ പുറപ്പെടുമ്പോഴേക്കും പുതിയോത്രയുടെ മുഖത്തെഴുത്താരംഭിക്കണം. തൊഴുകൈയ്യോടെ കൊടിയാക്കിലയില്‍ ദീപവും തിരിയും വാങ്ങി പെരുവണ്ണാന്‍ പരദേവതയെ വിളിച്ച്, ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച്, കൂടിയിരിക്കുന്ന സകലരേയും താണു വണങ്ങി. നാലു ദിക്കിലും പ്രത്യേകം തൊഴുതു വണങ്ങി അണിയറയിലേക്ക് നീങ്ങി. നിലത്തിട്ട ഓലയില്‍ പെരുവണ്ണാന്‍ മലര്‍ന്നു കിടന്നു. ചിരട്ടയില്‍ തയ്യാറാക്കിയ ചായം കൊണ്ട് മുഖത്തെഴുത്താരംഭിച്ചു. പെരുവണ്ണാന്റെ മുഖം പുതിയ ഭഗവതിയുടേതായി മാറിക്കൊണ്ടിരുന്നു. കണ്ണുമടച്ച് പ്രാര്‍ത്ഥനാ നിരതനായി പെരുവണ്ണാന്‍ അനങ്ങാതെ കിടന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭഗവതിയായി മാറാന്‍ നിമിഷങ്ങള്‍ മാത്രം. പതിവില്ലാത്ത വിധം പെരുവണ്ണാന്‍ അക്ഷമനായി. മുഖത്തെഴുത്തിനുശേഷം ഉടകള്‍ അണിയാന്‍ തുടങ്ങി. തയ്യാറാക്കി വച്ച നാലു പന്തങ്ങള്‍ ചുറ്റും കെട്ടി.
ഈ വര്‍ഷത്തെ കളിയാട്ടം പുതിയോത്രയോടെ തീരുകയായി. ഗ്രാമോത്സവം അവസാനിക്കുകയാണ്. കാവിനു ചുറ്റും ജനങ്ങള്‍ നിറഞ്ഞു. കയ്യില്‍ ‘നേര്‍ച്ച‘ വെളിച്ചെണ്ണയുമായി ഭക്തന്മാര്‍ പുതിയോതിയുടെ പുറപ്പാടിനായി കാത്തിരിക്കുന്നു. കുട്ടികള്‍ക്കസുഖം വന്നാല്‍, മകളുടെ ഭര്‍ത്താവ് ഒരാഴ്ച ഗള്‍ഫില്‍ നിന്നും വിളിച്ചില്ലെങ്കില്‍, പട്ടാളത്തിലുള്ള മകന്റെ കത്തില്ലെങ്കില്‍...അങ്ങിനെ എന്തിനും ഏതിനും ഉടന്‍ അവര്‍ പുതിയോത്രയ്ക്ക് നേര്‍ച്ച നേരുകയായി. “എന്റെ പുതിയോതീ, കളിയാട്ടത്തിനൊരു തുടം വെളിച്ചെണ്ണ നിന്റെ പന്തത്തിലൊഴിക്കാമെ....“ അവരെ എന്നും കാത്തു പരിപോലിച്ചു പോന്നത് പുതിയോതിയാണ്. പുതിയോതി അവരുടെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും നിറവേറ്റുന്നു, അവര്‍ നേര്‍ച്ചകള്‍ കൃത്യമായി വര്‍ഷത്തിലൊരിക്കല്‍ ആളുന്ന പന്തങ്ങളില്‍ സമര്‍പ്പിക്കുന്നു.
പുലര്‍ച്ചെ നാലു മണിയോടെ കാവില്‍ നിന്നും കുരവയോടുകൂടി കാരണവന്മാര്‍ കുളത്തിലേക്ക് പുറപ്പെട്ടു. അവര്‍ കുളി കഴിഞ്ഞെത്തുമ്പോഴേക്കും പുതിയോതിയുടെ പുറപ്പാടായി. കണ്ണുകളില്‍ പ്രത്യേക തിളക്കം വരുന്നു, വയസ്സു മറന്ന്, ശരീരാസ്വാസ്ഥ്യങ്ങള്‍ മറന്ന്. ഇപ്പൊ പാതി ദൈവവും പാതി മനുഷ്യനും.. ഇനി നിമിഷങ്ങള്‍ക്കകം പെരുവണ്ണാന്‍ ദൈവമായി മാറും.
കാവില്‍ നിന്നും വെളിച്ചപ്പാടന്‍ വാളുമായി ഇറങ്ങി വരുമ്പോഴേക്കും പന്തങ്ങള്‍ക്ക് തീ കൊടുത്തു. ചുറ്റും നാല് വലിയ പന്തങ്ങള്‍, തലയിലേറ്റിയ മുടിയില്‍ നിരവധി ചെറു പന്തങ്ങള്‍.. അഗ്നിയാല്‍ ചുറ്റപ്പെട്ട പെരുവണ്ണാന്‍ പതുക്കെ എഴുന്നേറ്റു. ചെണ്ടകളുടെ താളം മുറുകുകയായി. വെളിച്ചപ്പാടിന്റെ ചലനങ്ങള്‍ക്ക് അനുസൃതമായി പെരുവണ്ണാനും തിരുനൃത്തമാരംഭിച്ചു. ചുറ്റുമാളിക്കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ മുഖത്തെഴുത്ത് തിളങ്ങി. കൂടി നിന്ന ഭക്തകള്‍ മൂന്നു വട്ടം കുരവയിട്ടു ഭഗവതിയെ സ്വാഗതം ചെയ്തു. വെളിച്ചപ്പാടിന്റെ ചലനങ്ങള്‍ മുന്നോട്ടും പിന്നോട്ടും ധ്രുതഗതിയിലായി, ഒപ്പം പുതിയോത്രയുടെയും.
വെളിച്ചപ്പാടില്‍ നിന്നും വാളും പരിചയും ലഭിച്ചതോടെ ചലനങ്ങള്‍ വന്യമായി. പന്തങ്ങളില്‍ നിന്ന് പടര്‍ന്നാളുന്ന തീജ്വാലകളുടെ തീഷ്ണത പെരുവണ്ണാനെ ബാധിച്ചതേയില്ല. പ്രാര്‍ത്ഥനയായും, നേര്‍ച്ചയായും കൊണ്ടു വന്ന വെളിച്ചെണ്ണ ഓരോരുത്തരായി പന്തത്തിലേക്കൊഴിക്കാന്‍ തുടങ്ങി. വെളിച്ചെണ്ണ ഒഴിക്കും തോറും അഗ്നി താണ്ഡവമാരംഭിച്ചു. ചുറ്റുമുള്ള കുരുത്തോലകള്‍ ചാരമാവാന്‍ തുടങ്ങി. ചിട്ടകളൊന്നും തെറ്റിക്കാതെ, ചലനങ്ങളൊന്നും പിഴക്കാതെ ആ ദേവനര്‍ത്തകന്‍ തിരുനൃത്തമാടി.
ആട്ടം പൂര്‍ത്തിയാക്കിയ പുതിയോത്ര കൈകൂപ്പി നിന്ന ഭക്തരെ അനുഗ്രഹിച്ചു. “ഗുണം വരുത്തും നാട്ടു പൈതങ്ങളേ.......” കൈകൂപ്പി നിന്ന കമ്മിറ്റി പ്രസിഡണ്ട് കണ്ണന്‍ നമ്പ്യാരെ നോക്കി തെയ്യം പറഞ്ഞു. “ഏറിയോരു സന്തോഷമായ് അകമ്പടീ...................” കണ്ണുകളടച്ച് വണങ്ങി നിന്ന കണ്ണന്‍ നമ്പ്യാരുടെ ശിരസ്സില്‍ വാളുകൊണ്ടനുഗ്രഹം നല്‍കി. തെയ്യം ഇത്തവണ കെട്ടേണ്ടെന്ന് പെരുവണ്ണാനോടു പറഞ്ഞ പ്രസിഡണ്ട് കണ്ണന്‍ നമ്പ്യാര്‍ ഇപ്പോള്‍ വെറും അകമ്പടിക്കാരന്‍ മാത്രം. തെയ്യം എല്ലാ ഭക്തര്‍ക്കും ‘കുറി’ നല്‍കി, കാണിക്ക സ്വീകരിച്ചു. എല്ലാവരെയും പ്രത്യേകം പ്രത്യേകം അനുഗ്രഹിച്ചു. അവരോരുത്തരും തങ്ങളുടെ പരാതികളും പരിദേവനങ്ങളും നിശബ്ദം പുതിയോതിയെ അറിയിച്ചു. “ഗുണം വരുത്തും....” പുതിയോത്ര എല്ലാവരെയും അനുഗ്രഹിച്ചു. നാട്ടുകാര്‍ അടക്കം പറഞ്ഞു, “കൊല്ലെത്രയായി രാമപ്പെര്ണ്ണാന്‍ പുതിയോത്ര കെട്ടുന്നു, ഇപ്പൂം ഒരു കൊയ്പ്പൂല്ലാല്ലെ... എന്താ ഒരു പ്രഭ പുതിയോത്രക്ക്. കണ്ടാ തന്നെ മതി.., ആരാ പറഞ്ഞെ രാമപ്പെര്ണ്ണാനെ മാറ്റണംന്ന്, ഇനി കൊല്ലം പത്തു കയ്ഞ്ഞാലും പെര്ണ്ണാന്‍ തന്നെ കെട്ടിയാല്‍ മതി”.
ചടങ്ങുകള്‍ അവസാനിക്കുകയായി നേരം വെളുത്തു കഴിഞ്ഞു. കോഴിയറവു കഴിഞ്ഞതോടെ ‘കുറി’ വാങ്ങിയവര്‍ കാവിനു പുറത്തുള്ള ‘ചന്ത’കളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ നീങ്ങി തുടങ്ങി. കാരണവന്മാരെയും, കല്ലാടികളെയും എന്നുവേണ്ട എല്ലാവരെയും അനുഗ്രഹിച്ചു. തെയ്യത്തിന്റെ മുടിയഴിച്ചു. രണ്ടു പേര്‍ രാമപ്പെരുവണ്ണാന്റെ കൈപിടിച്ച് അണിയറയിലേക്ക് കൊണ്ടുപോയി. ആടയാഭരണങ്ങള്‍ അഴിച്ചതിനുശേഷം മുഖത്തെഴുത്തു മായ്ക്കുന്നതിനുമായി പെരുവണ്ണാന്‍ അണിയറയിലെ ഓലയില്‍ കണ്ണടച്ചു കിടന്നു.
കണ്ണടച്ചു കിടന്ന പെരുവണ്ണാന്‍ കണ്ടത് മുറിച്ചൂട്ടിന്റെ വെളിച്ചത്തില്‍ തന്റെ കൈപിടിച്ചു നടത്തുന്ന തെയ്യക്കോലങ്ങളെയാണ്. താന്‍ ചെറുപ്പത്തില്‍ കെട്ടിയ കതിവനൂര്‍ വീരന്‍ മുതല്‍ കുറെ തെയ്യങ്ങള്‍. വേട്ടയ്ക്കൊരുമകന്‍, തൊണ്ടച്ചന്‍, മാക്കപ്പോതി... അങ്ങിനെ താന്‍ കെട്ടിയാടിയ ഓരോ തെയ്യങ്ങളായി വന്ന് തന്റെ കൈപിടിച്ച് നടക്കുന്നു. എങ്ങോട്ടെന്നറിയാതെ തെയ്യങ്ങളുടെ പിന്നാലെ പെരുവണ്ണാന്‍ അനന്തതയിലേക്ക് നടന്നു നീങ്ങി.
കളിയാട്ടം കഴിഞ്ഞു. അണിയറയില്‍ തെയ്യത്തിന്റെ ആടയാഭരണങ്ങളെല്ലാം അഴിച്ച പെട്ടിയിലും ബാഗുകളിലുമൊക്കെ നിറച്ചു. കാവില്‍ കൂടിയിരുന്ന ആള്‍ക്കാരെല്ലാം പിരിഞ്ഞു. ഇനി ബാക്കി കമ്മറ്റിക്കാരും, കോലക്കാരും, ചെണ്ടക്കാരുമൊക്കെ മാത്രം. അവര്‍ക്ക് കോളു നല്‍കണം. അതോടെ എല്ലാം കഴിഞ്ഞു.
“എന്നാ പിന്നെ നമ്മക്ക് തൊടങ്ങാല്ലെ” പ്രസിഡണ്ട് കുഞ്ഞി കൃഷ്ണന്‍ നമ്പ്യാര്‍ എല്ലാവരോടുമായി പറഞ്ഞു. “രാമപ്പെര്ണ്ണാനെവിടെ... വിളി പെര്ണ്ണാനെ..”
എന്നാല്‍ പെരുവണ്ണാന്‍ വിളി കേള്‍ക്കുന്നുണ്ടായിരുന്നില്ല. തെയ്യങ്ങള്‍ പെരുവണ്ണാനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു... തിരിച്ചുവരാനാകാത്ത മറ്റൊരു ലോകത്ത്.....
(പുതിയോത്ര, പുതിയോതി എന്നിവ പുതിയ ഭഗവതിയുടെ തന്നെ വിളിപ്പേരുകളാണ്)
പെയിന്റിംഗ്: ധനരാജ് കീഴറ
ഫോട്ടോ: പ്രസാദ്
പുതിയ ഭഗവതിയെ നേരില്‍ കാണുവാന്‍ ഇവിടം സന്ദര്‍ശിക്കുക (കടപ്പാട്: കെ.എം.പ്രമോദ്)
24 comments:
എന്നാല്‍ പെരുവണ്ണാന്‍ വിളി കേള്‍ക്കുന്നുണ്ടായിരുന്നില്ല. തെയ്യങ്ങള്‍ പെരുവണ്ണാനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു... തിരിച്ചുവരാനാകാത്ത മറ്റൊരു ലോകത്ത്.....
ദൈവപ്പാതി അവസാനിക്കുന്നു.
പെരുവണ്ണാന്‍ അങ്ങിനെ ദൈവമായല്ലെ...
കണ്ണൂരാനേ...
ഈ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഏതാണ്ട് ഊഹിക്കാമായിരുന്നുവെങ്കിലും ഭംഗിയായി അവതരിപ്പിച്ചു.
നന്നായി.
:)
കണ്ണൂരാനേ നന്നായിട്ടുണ്ട് കഥ വായിക്കുമ്പോള്‍ ചില യഥാര്‍ത്ഥ ഓര്‍മകളും എന്റെ മനസ്സില്‍ മിന്നി മറഞ്ഞു
വളരെ നന്നായി. ഒരുപാടിഷ്ടപ്പെട്ടു.
51) മത്തെ കെട്ടിനു ശേഷം ദൈവപ്പാതി ആയി അല്ലെ...
മനോഹരമായിരിക്കുന്നു. തെക്കുള്ള ഞങ്ങള്‍ക്ക് തെയ്യം പരിചയമില്ല. തിരുവപ്പന കണ്ടിട്ടുണ്ട്. നന്നായി
മാഷേ ...അസ്സലായി... രണ്ടും ഒരുമിച്ചങ്ങ് വായിച്ചു... നന്നേ ഇഷ്ടായി...
:)
Thanks to your comments
MK Harikumar
നന്നായിരിയ്കുന്നു..
വടക്കന്‍ കേരളത്തിന്റെ കലകള്‍ തെക്കര്‍ക്ക് കൌതുകം പകരുന്നവയാണ് . കഥയിലെ അന്തരീക്ഷം നന്നായിരിക്കുന്നു.
ധനരാജിന്റെ പെയിന്റിഗ് ഇനിയും രണ്ട് കൂടിണ്ടല്ലൊ...???
അതെവിടെ???
ഇട്ടിമാളു: പെരുവണ്ണാന്‍ ദൈവമൊന്നുമായില്ലാട്ടൊ.
ശ്രീ, കീഴറ, വിഷ്ണു, വാല്‍മീകി, വേണു, മൈന, സഹയാത്രികന്‍, ഹരികുമാര്‍, ഹരിശ്രീ, ഗീതാഗീതികള്‍: സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെയധികം നന്ദി.
ഗിരീഷ് വെങ്ങര: 2 ചിത്രങ്ങള്‍ മാത്രമെ ഇട്ടുള്ളൂ. ഒരെണ്ണം ഭാഗം 1ല്‍ കാണാം. നന്ദി സന്ദര്‍ശനത്തിന്.
Dear brother,
enikku valareeshtamaayi
മുത്തപ്പന്‍ തെയ്യം എന്നൊരു തെയ്യത്തെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതു വായിച്ചപ്പോള്‍ ആ ഓര്‍മ്മ വന്നു.
നന്ദി എഴുതാം പിന്നെ.
"ദൈവപ്പാതി "രണ്ടാംഭാഗത്തിനുശേഷം
പുതിയതു ഒന്നും കാണുന്നില്ലല്ലോ?
എന്തു പറ്റി?
" മഞ്ഞിറങ്ങി വീണ
ഉഴുന്നു കണ്ടംങ്ങള്‍,
കറുകപുല്ലതിരിടും
നടവരമ്പുകള്‍,
വേലിയതിരുകള്‍
ചുറ്റിയിറങ്ങും
നാട്ടുവഴികള്‍,
ഒരോല ചൂട്ടു വെളിച്ചം
വഴികാണിച്ചെന്നെയെത്തിച്ച
തെയ്യക്കാവുകള്‍.
മിന്നിനിറയുന്നോര്‍മ്മകള്‍,
എണ്ണച്ചിരാതിന്‍
നേര്‍ത്ത ദീപ്‌തിയില്‍
മങ്ങി തെളിഞ്ഞൊരാ
മുഖത്തെഴുത്തുകള്‍...
കുരുത്തോലയഴകില്‍
പാളി മിനുക്കുംതിളങ്ങുമാ
ചെറു കത്തി വായ്‌ത്തല-
പ്പണി കണ്ടു കണ്ടങ്ങിരുന്നു-
റങ്ങി ഞാന്‍
മുറുകി പെരുകിയ
ചെണ്ടമേളം കേട്ടു-
റക്കത്തിലാരോ
പറയുന്നു,
തോറ്റമിറങ്ങാനായി.....
വാരിപ്പിടിച്ചെഴുന്നേറ്റിടം
നേടി കണ്ട തോറ്റം
ഉറയുന്നിതിപ്പൊഴും
ഉള്ളിലുണ്ടു!!!"
പ്രിയ കന്നുരാന്‍,
പെരുവണ്ണാനേയും പുതിയോത്യേയും പരിചയപ്പെടുത്തി തന്നതിന് നന്ദി. നല്ല അടക്കമുള്ള എഴുത്ത്. ഇഷ്ടപ്പെട്ടു.
തെക്കനാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ന്യു ഇയറിനു ലാലു പ്രസാദ് തിരുവനന്തപുരത്തു വന്നപ്പോള്‍ മുന്‍പില്‍ കെട്ടിയാടിയ തെയ്യത്തിനു 25000 രൂപ കൊടുത്തു എന്നു വായിച്ചപ്പോള്‍ ഒന്നും തോന്നാതിരുന്നത്. ദൈവപ്പാതി വായിച്ചു കഴിഞ്ഞപോഴാണു ആ സംഭവത്തില്‍ വിഷമം തോന്നിയത്. ദൈവീകമായ ഈ അനുഷ്ടാനത്തെയാണല്ലൊ ചിലര്‍ ഇങ്ങനെയൊക്കെ.... അതും പൊട്ടന്റെ മുന്നില്‍ ശംഖ് വിളിക്കും പോലെ,.... നല്ല കഥ.
കണ്ണൂരാന്‍, പതിവുപോലെ നന്നായി.
ധനരാജ് കീഴറയുടെ ചിത്രങ്ങളും ഉഗ്രന്‍. കൂടുതല്‍ എവിടെ കാണാനാവും?
രാജന്‍ വെങ്ങര: സ്ഥിരമായെഴുതുന്ന സ്വഭാവം എനിക്കില്ല. തോന്നുമ്പോള്‍ വല്ലതും കുത്തിക്കുറിക്കും. അത്രമാത്രം. നന്ദി കവിതയ്ക്..
ഹരിത്: വളരെ ശരിയാണ്.
പേര് പേരക്ക: ഞാന്‍ ധനരാജ് കീഴറ പോലെയുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്താനായി ഒരു ബ്ലോഗ് തുടങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്.
തീര്‍ച്ചയായും തുടങ്ങണം.കൊതിയോടെ കാത്തിരിക്കുന്നു.കണ്ണൂരാനും ധനരാജ് കീഴറ ക്കൂം
സ്നേഹാതിരേകത്തോടേ പുതുവത്സരാശംസകള്‍ നേരുന്നു.
വളരെ നന്നായി. ഒരുപാടിഷ്ടപ്പെട്ടു.
Post a Comment