Monday, April 07, 2008

ഒറ്റവരി കത്ത്

എപ്പോഴാണ് നിങ്ങള്‍ക്ക് അവസാനമായി കൈകൊണ്ടെഴുതിയ കത്തു കിട്ടിയത്? ഒന്നാലോചിച്ചു നോക്കൂ...

ഈയ്യിടെ എനിക്കൊരു കത്ത് ലഭിച്ചു. ഒരൊറ്റവരിക്കത്ത്.. താഴെ കാണുന്ന കത്ത്..



ഒരു പാടു നാളുകള്‍ക്ക് ശേഷമാണെനിക്ക് കൈകൊണ്ടെഴുതിയ ഒരു കത്ത് ലഭിക്കുന്നത്, കല്യാ‍ണക്കുറികളോ, യോഗ നോട്ടീസുകളോ, ലോണടക്കാന്‍ വീഴ്ച വരുത്തുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മക്കുറിപ്പുകളോ ഒക്കെയല്ലാതെ കൈകൊണ്ടെഴുതിയ എഴുത്തുകള്‍ ലഭിക്കാ‍റെയില്ല. ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റുന്നില്ല, ആരുടെ കത്തായിരുന്നു ഒടുവില്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി കിട്ടിയ ഈ കത്തില്‍ പേരും ഊരും ഒന്നുമില്ല ഒരു സെല്‍ഫോണ്‍ നമ്പര്‍ മാത്രം. കത്തെഴുതിയ സുഹൃത്തും ഒന്നും എഴുതിയില്ല, ഒരു വരിയല്ലാതെ മറ്റൊന്നും എഴുതുവാന്‍ അവനും തോന്നിയില്ല. എന്തുകൊണ്ടാണ് നാം കത്തെഴുതാന്‍ മറന്നു പോയത്?

പുതിയ സാങ്കേതിക വിദ്യകള്‍ (നെറ്റും, സെല്‍ഫോണുമൊക്കെ) നേടിയ പ്രചാരമാണോ ഇങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്?

അതു മാത്രമല്ലെന്നാണെനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം ചോരകൊണ്ട് പ്രേമലേഖനങ്ങളെഴുതിയവരുടെ നാടല്ലെ ഇത്? കാമ്പസിനുള്ളില്‍ പണ്ട് പ്രണയപരവശരായവരുടെ ലേഖനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. നിലാവിന്റെ വിശുദ്ധിയുള്ള, വികാര തീവ്രമായ, പ്രണയാതുരമായ വാക്കുകളാല്‍ സമ്പുഷ്ടമായ നിരവധി പേജുകളുള്ള പ്രേമലേഖനങ്ങള്‍‍. നന്നായി ലേഖനമെഴുതുന്നവര്‍ക്കും, നല്ല കൈയ്യെഴുത്തുള്ളവര്‍ക്കും എന്തൊരു ഡിമാന്റായിരുന്നു അക്കാലത്ത് കാമ്പസിനുള്ളില്‍. ഇന്ന്, അന്നത്തേക്കള്‍ പ്രണയങ്ങള്‍ കാമ്പസുകളില്‍ പൂവിടുന്നില്ലെ? പ്രണയലേഖങ്ങള്‍ കൈകൊണ്ടെഴുതുന്നത് കാമ്പസിലും വിരളമത്രെ!!! പ്രേമലേഖനങ്ങള്‍ എസ്.എം.എസുകളായും, ഇമെയിലുകളായും പറന്നു നടക്കുന്നു.. സെല്‍ഫോണിലൂടെയുള്ള പ്രണയസല്ലാപങ്ങള്‍ മണിക്കൂറുകള്‍ നീളുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഹൃദയ വികാരങ്ങള്‍‍ നന്നായി പ്രതിഫലിക്കുക കത്തിലൂടെ അല്ലെ?

ജോലി കിട്ടി ദില്ലിയിലെത്തിയ എണ്‍പതുകളുടെ ഒടുവില്‍‌, ഒരു മാസത്തിനുള്ളില്‍ ഞാന്‍ എഴുതിയിരുന്ന കത്തുകള്‍ നൂറിലധികമായിരുന്നു. ഇന്നലെ കെ.പി.സുകുമാരേട്ടനെ കണ്ടപ്പോള്‍ പറയുകയുണ്ടായി, രാത്രിമുഴുവന്‍ കത്തെഴുതിയ ദിവസങ്ങളുണ്ടായിരുന്നത്രെ അദ്ദേഹത്തിന്. തൂലിക സൌഹൃദങ്ങള്‍ നാട്ടിലെങ്ങും പടര്‍ന്നൊരു കാലം. എന്നാല്‍ ഇന്നോ? എത്രയോ വര്‍ഷങ്ങളായി ഞാന്‍ ആര്‍ക്കും കത്തെഴുതാറില്ല്ല, സുകുമാരേട്ടന്റെയും കഥ ഒട്ടും വ്യത്യസ്ഥമല്ല. പട്ടാളത്തിലും, ഗള്‍ഫിലുള്ള മക്കളും അയക്കുന്ന മണി ഓര്‍ഡറുകളേക്കാളും, ഡിമാന്റ് ഡ്രാഫ്റ്റുകളെക്കാ‍ളും, കത്തുകള്‍ക്കായ് കാത്തിരുന്നൊരു കാലമുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം. സര്‍ക്കാരാഫീസിലെന്തെങ്കിലും അപേക്ഷയോ, ആത്മഹത്യക്കുറിപ്പോ അല്ലാതെ മറ്റൊന്നും നാം കൈകൊണ്ടെഴുതില്ലെന്നുണ്ടോ?

കുനുകുനായായ്‌ മനോഹരമായി വടിവൊത്ത അക്ഷരങ്ങളാല്‍ എഴുതപ്പെട്ട കത്തുകളുടെ ഓര്‍മ്മപോലും ഗൃഹാതുരത ഉണര്‍ത്തുന്നു. എത്രമാ‍ത്രം ആകാംക്ഷയായിരുന്നു കൊച്ചു കൊച്ചു സങ്കടങ്ങളും, സന്തോഷങ്ങളും, വിശേഷങ്ങളും നേര്‍ത്ത മഷിയില്‍ കടലാസില്‍ പതിഞ്ഞത് വായിച്ചെടുക്കാന്‍. അക്ഷരങ്ങളല്ലെ ഹൃദയത്തോടേറ്റവും നന്നായി സംവദിക്കുന്നതെന്നത്.

മലയാളികള്‍ എഴുത്തു മറന്നു പോയോ??????? അല്ലതെന്തു പറയാന്‍...

ഇതോടൊന്നിച്ച് വായിക്കുന്നതിന്:-

കാണാമറയത്തിന്റെ പോസ്റ്റ്

മിന്നാമിനുങ്ങുകള്‍ //സജിയുടെ പോസ്റ്റ്

40 comments:

കണ്ണൂരാന്‍ - KANNURAN said...

മലയാളികള്‍ കത്തെഴുത്ത് മറന്നു പോയോ?

ഇട്ടിമാളു അഗ്നിമിത്ര said...

ഞായറാഴ്ച വൈകുന്നേരങ്ങള്‍ എനിക്ക് കത്തെഴുതാനുള്ളതായിരുന്നു.. അതൊരു ഇരുത്തമാണ്.. കൂട്ടുകാര്‍ക്കെല്ലാം എഴുതാന്‍ ഒരേ വിശേഷങ്ങള്‍ ആവും ..പക്ഷെ ഓരോരുത്തരോടും പറയുന്നതിന്റെ ആഴവും പരപ്പും മാത്രം വ്യത്യസ്തം... മുല്ലപൂത്തതും കുഞ്ഞാറ്റക്കിളി കൂടുവെച്ചതും മാത്രമല്ല, വഴിയില്‍ കണ്ട ചുള്ളനും എഴുത്തിലെ കഥാപാത്രങ്ങളാവും.. ഇന്‍ലന്റില്‍ ആണെഴുതുന്നതെങ്കില്‍ മടക്കിയൊട്ടിക്കാനുള്ളിടത്തു പോലും കുനുകുനാ എഴുതി നിറക്കും.. സ്റ്റാമ്പിന്റെ കാശ് ലാഭിക്കാന്‍ ഏറ്റവും കനം കുറഞ്ഞ പേപ്പറിലെ എഴുതു..ഗര്‍ഭിണിയായ കവര്‍ കാണുമ്പോള്‍ എന്തൊരു സന്തോഷം.. കോളേജ് വിട്ട് വന്നാല്‍ ആദ്യ്ം നോക്കുന്നത് എഴുത്തുകള്‍ വെക്കുന്നിടത്തേക്കാണ്.. ഡിഗ്രിവരെ അമ്മ പൊട്ടിച്ചു വായിച്ചെ എനിക് കിട്ടുമായിരുന്നുള്ളു... മുതിര്‍ന്നെന്ന് തോന്നിയതുകൊണ്ടോ ഞാന്‍ നടത്തിയ സമരത്തിന്റെ ഫലമോ പിന്നെ സെന്‍സറിംഗ് നിര്‍ത്തി.. എന്നാലും കത്തുകളുടെ എണ്ണം കൂടുമ്പോള്‍ ഇടക്കൊക്കെ പഠിത്തമുഴപ്പുന്നെന്ന് പഴികേള്‍ക്കാം.. ഒരു മൊബൈല്‍ നമ്പര്‍ സ്വന്തമാവും വരെ ഞാനിത് തുടര്‍ന്നിരുന്നു..പക്ഷെ അതിനു ശേഷം..

സന്തോഷിപ്പിച്ചതും സങ്കടപ്പെടുത്തിയതും അങ്ങിനെ എത്ര എഴുത്തുകള്‍ ഞാന്‍ കളയാതെ അടുത്തകാലം വരെ സൂക്ഷിച്ചുവെച്ചിരുന്നു... ഈ പുതുവര്‍ഷത്തിന് എല്ലാം എടുത്തു കളഞ്ഞു..(ആ കഥയുമായി ഞാനും ഒരിക്കല്‍ വരാം).. പക്ഷെ എന്നിട്ടും കൈവിടാനാവതെ ചിലതെല്ലാം ഇന്നും കാത്തുവെച്ചിരിക്കുന്നു..

അങ്ങോട്ടെഴുതാതെ ഒരെഴുത്ത് കിട്ടണമന്ന് പറയുന്നത് അതിമോഹമാവുമെന്നറിയാവുന്നതിനാല്‍ ആരോടും അങ്ങിനെ ആവശ്യപ്പെടാനും വയ്യ..

കണ്ണുരാനെ നന്ദിയുണ്ട്.. ഓര്‍മ്മയുടെ ചിറകിലേറി പറക്കാന്‍ ഒരവസരം തന്നതിനു..

പ്രിയ said...

ശരിയാണ് , കത്ത് കിട്ടിയ കാലം മറന്നു. അയച്ചതും. കുഞ്ഞുനാളില് അച്ഛനും ഏട്ടന്മാര്ക്കും ചിറ്റക്കും ചേച്ചിക്കും എല്ലാം ഓരോ കത്ത് മുടങ്ങാതെ എല്ലാ ആഴ്ചയിലും അയച്ചിരുന്ന ഒരു കാലം. പോസ്റ്മാനെ ദൂരേന്നെ കാണുമ്പോള് ഒത്തിരി പ്രതീക്ഷയോടെ നോക്കിയിരുന്ന കാലം. ഇന്നു ഫോണ് തന്നെ വില്ലന്. വല്ലപ്പോഴും അയച്ചിരുന്ന സൈഡില് കുത്തി നിറച്ച ആശംസകള് എഴുതിയ ഗ്രീറ്റിങ്ങ് കാര്ട് പോലും രാത്രി കൃത്യം 12 മണിക്ക് കാത്തിരുന്നു വിളിക്കുന്ന ഫോണ് ആശംസ ഏറ്റെടുത്തു പോയി.

എഴുതണം അയക്കണം ഓരോ എഴുത്ത് ഇന്നു തന്നെ :)

നാടന്‍ said...

രണ്ട്‌ ദിവസം മുമ്പേ ഒരു പോസ്റ്റ്‌മാനെ കണ്ടപ്പോള്‍ ഞാനും ആലോചിച്ചു, ഇപ്പോള്‍ ആരെങ്കിലും കത്തെഴുതുന്നുണ്ടോ എന്ന്. ചിലപ്പോള്‍ ഗ്രാമപ്രദേശങ്ങളിലൊക്കെ ഇപ്പോഴും ഇതുതന്നെയായിരിക്കാം മാധ്യമം.

Kaithamullu said...

കല്യാണശേഷം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ വസിക്കുന്ന ചേച്ചിക്ക് പോലും ആഴ്ച തോറും കത്തെഴുതിയിരുന്ന ആ കാലം......

കണ്ണേ മടങ്ങുക.

Sharu (Ansha Muneer) said...

കത്തെഴുതുന്നത് മറന്നു എന്ന് തന്നെ പറയാം. പക്ഷെ ഇപ്പോഴും ആരെങ്കിലും നാട്ടില്‍ പോകുന്നുണ്ടെങ്കില്‍ കത്തെഴുതി കൊടുത്തു വിടണം എന്നത് എന്റെ മാതാശ്രീയ്ക്ക് നിര്‍ബന്ധമാണ്. തിരിച്ചൊരു കത്തെഴുതി കൊടുത്തു വിടാന്‍ പറഞ്ഞാല്‍ കേള്‍ക്കുകയും ഇല്ല. അതുകൊണ്ടുതന്നെ ഞാന്‍ കഴിഞ്ഞ മാസവും ഒരു കത്തെഴുതി വീട്ടിലേയ്ക്ക്.

എനിയ്ക്കു കത്തെഴുതാനും വായിയ്ക്കാനും ഒരുപാടിഷ്ടമായിരുന്നു.ഇപ്പോള്‍ ആരുടെയും കത്ത് എനിയ്ക്കു വരാറും ഇല്ല. ഞാന്‍ വേറെ ആര്‍ക്കും അയയ്ക്കാറുമില്ല

പ്രിയ said...

:) ഇട്ടിമാളുന്റെ കമന്റ് ഒത്തിരി ഒത്തിരി സന്തോഷങ്ങള് ഓര്മയില് കൊണ്ടാന്നുട്ടോ. കുനുകുന എഴുതുന്ന ആ ഇനലന്റും കുത്തി ഒതുക്കി ഒട്ടിച്ച കാവിക്കളര് കവറും കോളേജ് ലൈബ്രറിയിലെ ആ എഴുത്ത് പെട്ടിയും (inbox :D) എല്ലാം കൂടെ നല്ല കുറെ സന്തോഷകാലങ്ങള്.കസിന് ചേച്ചിടെ മംഗ്ലീഷ് എഴുത്തുകള് (പുള്ളിക്കാരിക്ക് മലയാളം എഴുത്ത് അത്രക്ക് പിടിയില്ല. എനിക്ക് പിന്നെ ഇംഗ്ലീഷ് ABCD മാത്രമേ അറിയൂ. ന്നിട്ടും ഞങ്ങള് അപ്ഡേറ്റ്ഡ് ആയിരുന്നു. വര്ഷത്തിലെ 11 മാസവും, പിന്നെ നേരിട്ടു കാണുന്നത് വരെ)ഇന്നലെ അവള്ക്കൊരു sms അയച്ചു "ഡിയര് സിസ് , ഐ അം തിങ്കിങ്ങ് എബൌട്ട് യു :) " ന്നു. അതും ഒരു സുഖം. ആ ഇരിപ്പില് തന്നെ അത് കിട്ടുമ്പോള് അവള് കണ്ണ് ചിമ്മണത് ചിന്തിക്കാനും ആ എഴുത്തിന്റെ സുഖം.

സകടം വേണ്ടല്ലേ. ഇപ്പളും sms അയക്കുമ്പോള് 140 *2 നെറച്ച് കുത്തി കുറിക്കണില്ലേ? കിട്ടണ ചെല ആശംസകള് ഡെല്ലിറ്റാതെ ഇന്ബോക്സില് സൂക്ഷിച്ചു ഇടക്ക് തുറന്നു വായിക്കനില്ലേ. പിന്നെ കാലാകാലം അടുത്ത തലമുറയ്ക്ക് പഴയ പെട്ടീന്നു തെരഞ്ഞു പിടിച്ചു വായിച്ചു കളിയാക്കാന് കിട്ടില്ല. അതൊരു നഷ്ടാ.

പൈങ്ങോടന്‍ said...

കത്തെഴുത്ത് പണ്ട് എന്റെ ഒരു ശീലമായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളാണ് അത് തുടങ്ങിയത്. തൃശ്ശൂര്‍, തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലുള്ള ആകാശവാണി നിലയങ്ങളിലേക്കുള്ള കത്തുകളായിരുന്നു അതെല്ലാം.

കൊച്ചി എഫ്.എം. സ്‌റ്റേഷന്റെ അഭിപ്രായവദേയും,തിരുവനന്തപുരം നിലയത്തിന്റെ എഴുത്തുപ്പെട്ടിയും,തൃശ്ശൂര്‍ നിലയത്തിന്റെ നിങ്ങളുടെ കത്തുകളും, പിന്നെ യുവവാണി,വിടരുന്ന മൊട്ടുകള്‍..അങ്ങിനെ അങ്ങിനെ...

ഡിഗ്രി കഴിയുന്ന വരെ ആ എഴുത്തുകള്‍ തുടര്‍ന്നു പിന്നീട് റേഡിയോ പരിപാടികള്‍ കേള്‍ക്കാറുണ്ടെങ്കിലും കത്തെഴുത്ത് എന്നോ നിന്നുപോയി.

പക്ഷേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും ഒരു കത്തെഴുതി...നാലുപേജോളം വരുന്ന ഒരു കത്ത്...
അപ്പോള്‍ ഞാന്‍ കത്തെഴുത്ത് മറന്നു എന്നു പറയാന്‍ പറ്റില്ലല്ലോ..അല്ലേ :)

Mubarak Merchant said...

ആശയ വിനിമയത്തിനു കത്തെഴുതി പോസ്റ്റ് ചെയ്യുന്ന മെനക്കേടില്ലാത്തതും കൂടുതല്‍ വേഗത്തില്‍ കാര്യങ്ങള്‍ നടക്കുന്നതുമായ നൂറു മാര്‍ഗ്ഗങ്ങള്‍ വേറെയുള്ളപ്പോള്‍ ആരെഴുതും കത്ത്!

മൊബൈല്‍ ഫോണ്‍ കയ്യിലുണ്ട്, എപ്പൊ വിളിച്ചാലും കിട്ടുമല്ലോ എന്ന ഉറപ്പ് വീട്ടില്‍ നിന്നു പുറത്തുപോവുന്നവര്‍ക്കായി വീട്ടിലുള്ളവരുടെ ‍കാത്തിരിപ്പിനു പോലും അര്‍ത്ഥമില്ലാതാക്കിയില്ലേ?

കടലാസിന്റെ, അതില്‍ വീണ മഷിയുടെ ഒക്കെ മണം പലരിലും പലതരം ഭാവങ്ങള്‍ ഉണര്‍ത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത്തരക്കാരൊക്കെ ഒരുപക്ഷേ ഇപ്പൊഴും കത്തെഴുത്ത് തുടരുന്നുണ്ടാവാം.

[ nardnahc hsemus ] said...

മലയാളികള്‍ എഴുത്തു മറന്നു പോയോ???????
അല്ലതെന്തു പറയാന്‍...

ആ പറഞ്ഞത് ശരിയാണൊ?



ഇക്കാസ് പറഞ്ഞ ആദ്യ പാരപോലെ കടലാസെഴുത്തില്ലെങ്കിലും കാര്യസാധ്യത്തിനുള്ള അനേകം വഴികളുള്ളപ്പോള്‍ ഹൃദയവികാരം ഫലിപ്പിയ്ക്കാന്‍‘പേപ്പറിലെഴുതിയ പ്രേമലേഖനം തന്നെ വേണോ? അതിന്റെ പ്രതികൂലമായ പല അവസ്ഥകളും അനുഭവിച്ചിട്ടുണ്ടാവില്ലേ? (എഴുതി വച്ച കത്ത് കൊടുക്കാനുള്ള ചമ്മല്‍, പുസ്തകത്തില്‍ നിന്ന് താഴെ വീണപ്പോള്‍ വീട്ടുക്കാര്‍ കണ്ടത്..എന്നിങ്ങനെ..) ഇപ്പോഴങനെ ആണോ? ഒരു എസ് എം എസ്, ഇമെയില്‍,ഓര്‍കൂട്ട്.. ഇതൊക്കെ വച്ച് ഇന്നത്തെ തലമുറയുടെ ജീവിതാസ്വാദനത്തേയോ എഴുത്തിനോടുള്ള താല്പര്യത്തേയോ കണക്കാക്കാന്‍ പറ്റില്ലെന്നാണ് എന്റെ അഭിപ്രായം.. വിദേശത്തേയ്ക്കയച്ച കത്തിന് പണ്ടത്തെപോലെ 15 ഓ 20 ദിവസം കഴിഞുള്ള മറുപ്ടിയ്ക്ക് ആര്‍ക്കാണ് കാത്തിരിയ്ക്കാന്‍ കഴിയുക.. പഴയ ആള്‍ക്കാര്‍ക്കുപോലും അതിനു പറ്റോ? ആ ? കി. മീറ്ററുകളോളം താണ്ടി സ്കൂളില്‍ പോയവരൂണ്ടാകാം, ഇന്നോ? കരണ്ടില്ലാതെ മണ്ണേണ്ണ ചിമ്മിണിവെളിച്ചത്തില്‍ പഠിച്ചവരുണ്ടാകാം, ഇന്ന് ഒരു മണിക്കൂര്‍ നേരത്തെ പവര്‍ കട്ട് പോലും സഹിയ്ക്കാന്‍ പറ്റോ? മലയാളികളുടെ എഴുത്തിന്റെ വാഞ്ച കൈയ്യെഴുത്തില്‍ മാത്രമാണോ? എഡിറ്റിംഗ്, കോപി, പേസ്റ്റ് , ഡാറ്റാ ആര്‍കൈവ്സ് തുടങ്ങി ഒട്ടനവധി സാധ്യതകള്‍ സമാഗതമായ ഈ കാലത്ത്, പഴയ കടലാസ് ‘പഴഞ്ചന്‍’ തന്നെ അല്ലെ? പിന്നെ പരിസ്ഥിതിപരമായി പറഞ്ഞാല്‍ കടലാസ് ഒരു മരത്തിന്റെ അരച്ചെടുത്ത ശവമല്ലെ..അതില്‍ ചായം പുരട്ടിയെഴുതിയ ഒരു കത്ത്, പ്രേമമെന്ന സന്ദേശത്തെക്കാള്‍ ഒരു മരത്തിന്റെ മരണവിലാപമെന്ന സന്ദേശമല്ലെ നമുക്കു തരുന്നത്? അങ്ങനെയവുമ്പോഴാണല്ലോ കടമ്മനിട്ട പാടിയപോലെ മരംവെട്ടുകാരന്റെ മഴു അവനിലേയ്ക്കുതന്നെ ആഴ്ന്നിറങ്ങുന്നത്...

അങ്ങനെ മലയാളത്തെ മറക്കാനാണോ നമ്മളൊക്കെ ഇവിടെ കൂടിയത്? എന്റെ കുട്ടികള്‍ മലയാളം പഠിച്ചിരിയ്ക്കും, കടലാസില്ലേങ്കിലും..ഉറപ്പ്! :)


:)

കുഞ്ഞന്‍ said...

എന്റെ കത്തിനു വേണ്ടി കാത്തിരിക്കുന്ന അമ്മ, കത്തിനു വേണ്ടി മാത്രമല്ല അതിന്റെ കൂടെയുള്ള ഡീഡി കൂടി കിട്ടിയാലെ അമ്മയ്ക്ക് ആ മാസം മനസ്സമാധാനം ഉണ്ടാകുകയൊള്ളൂ. അത് കിട്ടിക്കഴിഞ്ഞാല്‍ നാലഞ്ചു പേജുള്ള മറുപടി കത്ത് തിരിച്ച് അമ്മ അയച്ചിരുന്നു. അതില്‍ എനിക്കെന്റെ അമ്മയുടെ സാന്നിദ്ധ്യം അനുഭവപ്പെടുമായിരുന്നു. എഴുത്തില്‍ അമ്മയുടെ കണ്ണൂനീര്‍ വീണ് അക്ഷരങ്ങള്‍ തെളിച്ചമില്ലാതായതൊ എന്റെ കണ്ണുനിറഞ്ഞു വായിക്കാന്‍ പറ്റാഞ്ഞിട്ടാണൊയെന്നറിയില്ല ഒറ്റയിരുപ്പിന് മൂന്നാലു പ്രാവിശ്യം വായിച്ചു നോക്കും എന്നാലെ മനസ്സിലാവൂ...! ഇപ്പോള്‍ ഒന്നരാടം ദിവസങ്ങളില്‍ ഫോണ്‍ വിളിക്കുന്നതുകാരണം അവിടെ നിന്നും കത്തെഴുതുന്നത് അമ്മ നിര്‍ത്തി.

പക്ഷെ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം തേടിയും ഒരു ജോലി തരപ്പെടുത്തിക്കൊടുക്കുമൊയെന്നു ചോദിച്ച് ചില ബന്ധുജനങ്ങളും, കൂട്ടുകാരും ഇടക്കിടക്ക് കത്തുകള്‍ ഇപ്പോഴും അയക്കാറുണ്ട്. മടി കാരണം ഞാന്‍ അവയ്ക്കൊന്നും മറുപടി അയക്കാറില്ല.

കണ്ണൂര്‍ജീ നന്ദി ഒരുപിടി നല്ല ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിച്ചതിനും പിന്നെ കമന്റികലിലൂടെ അനുഭവങ്ങള്‍ അറിയാന്‍ ഇടവരുത്തിയതിനും.

മൂര്‍ത്തി said...

നല്ല പോസ്റ്റ്...പണ്ട് കാണാമറയത്ത് ഒരു നല്ല പോസ്റ്റ് ഇട്ടിരുന്നു. ഇവിടെ

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരനും പണ്ടൊരു കത്തെഴുത്തുമാഷായിരുന്നു! അതൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ വയ്യ. കാച്ചിക്കുറുക്കിയ പബ്ലിക്ക് റിലേഷന്‍ വര്‍ക്ക് !! അതിനെത്ര സമയം വേണ്ടിയിരുന്നു. ഇപ്പോള്‍ സ്പീഡ് യുഗമല്ലേ!

ദിലീപ് വിശ്വനാഥ് said...

കത്തെഴുത്ത് എനിക്കും ഒരു ഹരമായിരുന്നു ഒരുകാലത്ത്. ഇപ്പോള്‍....

ആ നീല കളറുള്ള പേപ്പറില്‍ നീല മഷികൊണ്ട് എഴുതിയിരുന്നതിന്റെ ഒരു സുഖം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കത്തെഴുത്തിന്റെ സുഖമൊന്നു വേറെ തന്നെ.ഇപ്പോള്‍ എഴുഥണമെന്നു വിചാരിച്ചാലും കൈ അറീയാതെ ഫോണിലേയ്ക്ക് നീളും.

vadavosky said...

ഒരു കാര്യം പ്രത്യേകമോര്‍ക്കേണ്ടതുണ്ട്‌ കണ്ണൂരാന്‍ ഈ ബൂലോഗത്തുള്ള ഭൂരിഭാഗമാളുകളും മലയാളം വീണ്ടും എഴുതിത്തുടങ്ങിയത്‌ ബ്ലോഗിലൂടെയാണ്‌. അത്‌ കീ ബോര്‍ഡിലൂടെയാണെങ്കിലും. ബ്ലോഗില്ലായിരുന്നെങ്കില്‍ എന്തിന്‌ മലയാളം എഴുതണം. അതിന്റെ ആവശ്യം മിക്കവര്‍ക്കും വേണ്ടിവരുന്നില്ല.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പണ്ടൊക്കെ നമ്മുടെ നാട്ടില്‍ നിന്നും മരുഭൂവിലേയ്ക്ക് വന്ന കത്തുകളില്‍
അടങ്ങിയിരുന്ന സ്നേഹവും കോപവും താപവും വിരഹവും ഒക്കെ
ഇന്ന് കാണാന്‍ കഴിയുന്നുണ്ടൊ..?
മൌനം പോലും വാചാലനിമിഷങ്ങളാക്കാന്‍ ആ കത്തുകള്‍ക്ക് കഴിവുണ്ടായിരുന്നൂ,


ഒരിക്കല്‍ ഇതുസംബന്ധിച്ച് ഒരു പോസ്റ്റ്ഞാന്‍ ഇട്ടിരുന്നു ആ ലിങ്ക്
ഇവിടെനല്‍കുന്നു അവിവേകമാണെങ്കില്‍ പൊറുക്കുക.

Unknown said...

ഞാന്‍ ബ്ലൊഗെഴുത്ത് തുടങ്ങുന്നതിനു മുമ്പ് കത്തെഴുത്തൊരു ഹോബിയായി എടുത്തിരുന്നു ഏഷ്യാനെറ്റ്,കൈരളി..ദൂരദര്‍ശന്‍,ആകാശവാണി,മനോരമ പത്രംവീ‍ക്കലി,മാത്രുഭൂമി വീക്കലി,മഹിളാരതനം നാന വെള്ളി നക്ഷത്രം ചിത്രഭൂമി,ഹാ‍സ്യ കൈരളി വനിത മഹിളാ രത്ന്ം തൂടങ്ങിയവയിലൊക്കെ മിക്കവാറും ഈ പേരു ഉണ്ടാകുമായിര്യ്ന്നു.ഏഷ്യാനെറ്റിലെ ശ്രി കണ്ഠ്ന്‍ നായര്‍ സാര്‍ പറഞ്ഞ (സ്ഥിരമായി മെയില്‍ ബോക്സീല്‍ മൂന്നു വര്‍ഷത്തോളം മുടങ്ങാതെ എഴുതിയിരുന്നു)ഒരു ഡയലോഗ് ഇപ്പോഴും ഓര്‍മ്മയീല്‍ ഉണ്ട് കോതനല്ലൂരില്‍ ഞങ്ങള്‍ ചെന്നാല്‍ അറിയുന്ന രണ്ടു കാര്യങ്ങള്‍ ഒന്നു സുര്യനും മറ്റൊന്നു അനൂപുമാണെന്നു

Promod P P said...

കണ്ണൂരാനെ നന്നായിട്ടുണ്ട്

ഞാന്‍ പഠിക്കുന്ന കാലത്ത് ഒരുപാട് കത്തുകള്‍ എഴുതുമായിരുന്നു.പിന്നീട് ജോലി ചെയ്യാന്‍ തുടങ്ങിയ ആദ്യകാലങ്ങളില്‍ നാടു വിട്ടതിന്റെ ആവേശത്തില്‍ ദില്ലിയിലെ വിശേഷങ്ങള്‍ നാട്ടിലേയും മറ്റു പല നഗരങ്ങളിലും രാജ്യങ്ങളിലും ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായി പങ്കു വെയ്ക്കാനായി കത്തുകള്‍ അയയ്ക്കുമായിരുന്നു. കാലാന്തരത്തില്‍ കര്‍മ്മപ്രയാണത്തിനിടെ എന്നോ കത്തുകള്‍ നിലച്ചു പോയി..കത്ത് എഴുത്തും നിന്നു കത്ത് വരവും നിന്നു.

ആഴ്ച്കയില്‍ രണ്ടും മൂന്നും കത്തുകള്‍ അയച്ചിരുന്ന ഒരാളുണ്ടായിരുന്നു. ഈ ജന്മത്തിന്റെ മുഴുവന്‍ സ്നേഹവും അന്ന് അവള്‍ക്കായി നീക്കി വെച്ചതായിരുന്നു.പിന്നീടെന്നൊ ഒരു ദിവസം അവളുടെ കത്തുകള്‍ എന്നെ തേടി വരാതെയായി.നീല ഇന്‍ലന്റില്‍ മനോഹരമായ കൈപ്പടയില്‍ എഴുതിയിരുന്ന സ്നേഹ സാന്ത്വനങ്ങള്‍ നിലച്ചു.അതോടെ എന്റെ കത്ത് എഴുത്തും നിലച്ചു. അന്ന് ഞാന്‍ അവള്‍ക്കയച്ച നീണ്ട കത്തുകളാണ് എന്റെ എറ്റവും ഉദാത്തമായ സൃഷ്ടികള്‍..

ഇപ്പോള്‍,ഒരു കൈ കൊണ്ട് എഴുതിയ ഒരു കത്ത് അയച്ചിട്ടൊ കിട്ടിയിട്ടൊ 10ഇല്‍ അധികം വര്‍ഷമായി..

ശരിയാണ്.. കണ്ണുരാന്‍ നമ്മള്‍ ആ സിദ്ധി മറന്നു പോയിരിക്കുന്നു..

Radheyan said...

2003ല്‍ ആണ് ഞാന്‍ അവസാനമായി കത്തെഴുതിയത്.അമ്മയ്ക്ക്.അതിനു മുന്‍പ് പ്രതിശ്രുത വധുവിന്.

അതിനു ശേഷവും കത്ത് എഴുതിയിട്ടുണ്ട്.ചില നേതാക്കള്‍ക്ക്.അതൊന്നും എഴുതുകയായിരുന്നില്ല.കമ്പ്യൂട്ടറില്‍ തയാറാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.

എഴുത്ത്‌കുത്തുകള്‍ എന്നല്ലേ പറയുക.ഇപ്പോള്‍ എഴുത്തില്ല,കുത്ത് മാത്രമേ ഉള്ളൂ (കീബോര്‍ഡില്‍,ആരും തെറ്റിദ്ധരിക്കല്ലേ)

ശ്രീലാല്‍ said...

ഓര്‍മ്മമാത്രമാവുന്നു കത്തെഴുത്ത്.ഇന്‍ലന്‍ഡിനിപ്പോള്‍ എത്രയാ പൈസ ? ഇന്‍ലന്‍ഡിന്റെ ഉള്ളില്‍ മുഴുവനും എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ മടക്കുന്ന വശങ്ങളില്‍ കുനു കുനാന്ന് ചെറുതായി എഴുതി നിറച്ചിരുന്നതിന്റെ ഓര്‍മ്മകള്‍.. അവസാനം തുപ്പല്‍ കൂട്ടി ഒറ്റ ഒട്ടിക്കല്‍.

ഇപ്പോള്‍ മലയാളത്തില്‍ മെയില്‍ അയക്കാന്‍ പറ്റുന്നതു കൊണ്ട് കടലാസിലല്ലെങ്കിലും ചിലപ്പോള്‍ കത്തു പോലെ ഓരോന്ന് എഴുതാറുണ്ട്.

വ്യത്യസ്ഥമായ ചില കത്തുകള്‍ എനിക്കും കിട്ടിയിട്ടുണ്ട് പല സുഹൃത്തുക്കളില്‍ നിന്നും പണ്ട്. ഒരിക്കല്‍ ഒരു സുഹൃത്ത് എനിക്കയച്ച പോസ്റ്റ് കാര്‍ഡില്‍ ഇങ്ങനെയൊക്കെയായിരുന്നു എഴുതിയിരുന്നത്.


പ്രിയപ്പെട്ട പോസ്റ്റ്മാന്,

താങ്കള്ക്കും കുടും‌ബത്തിനും സുഖം തന്നെയെന്നു കരുതുന്നു. ജോലിയിയും ജീവിതവും ഒക്കെ നന്നായി പോകുന്നുണ്ടല്ലോ ?

താങ്കളെ ഒന്ന് അല്പം ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടിയാണ് ഞാനിതെഴുതുന്നുന്നത്. താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ പറ്റുമെങ്കില്‍ എന്റെ സുഹൃത്ത് ശ്രീലാലിനെ ഒന്ന് കാണുകയും അവനോട് എന്റെ അന്വേഷണം അറിയിക്കുകയും ചെയ്യുമോ ?. എനിക്ക് സുഖം തന്നെയെന്നും അടുത്തമാസം നാട്ടില്‍ വരുമ്പോള്‍ കാണാമെന്നും അവനോട് ഒന്ന് പറയണേ.

മറ്റു വിശേഷങ്ങള്‍ ഒന്നുമില്ല,
താങ്കള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം താങ്കള്‍ ചെയ്യുന്ന സേവനത്തിന് ഹൃദയംഗമമായ നന്ദിയും രേഖപ്പെടുത്തുന്നു.

നന്ദിപൂര്‍വ്വം

prabha said...

pandokke randu roopayude inlandnu, mashi padarnna snehanweshanangalkku njaan randu kodiyekkal vilamathichirunnu.annokke njaan kodeeswariyum aayirunnu.post office vare poyi oru inland vangi, kurachu samayam kandethi,kathu veendum veendum vayichu,pinne marupadi ezhuthi...oru inlandinte stalaparimithikkullil othukkanayi urumbu nadannu pokum pole kunu kune aksharangal nirachu...oduvil marupadiye thirichum marichum onnukoodi vayichu pasha thechu... ee muzhuvan process ne sneham ennu vilichirunnu... hostelukalil ninnum hostelukalilekku melvilaasam maarunna koottukaarkku oru kulirma ee neela kadalaasukal aayirunnu....njaan ninne ormikkunnu ennathinte snehasmarakam... ippozhathe ente hostel vilasathilekkum vallappozhum vazhi thetti oru kathu varaarundennu paranjaal...enne vamsa naasam vanna jandukkalude pattikayil cherkkumo???

prabha said...

malayalam fontil comment ezhuthunnathinte reethisastram ariyilla..shemikkuka..njaan puthiya blogger aanu...

കണ്ണൂരാന്‍ - KANNURAN said...

ഒരു ചെറിയ പോസ്റ്റുകൊണ്ട് ഒരുപാടാളുകളുടെ ഹൃദയത്തില്‍ സൂക്ഷിച്ച സ്വകാര്യ ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍ പറ്റിയതില്‍ ഏറെ സന്തോഷമുണ്ട്. ഈ പോസ്റ്റ് എഴുതിയത് 2007 ഏപ്രില്‍ മാസമായിരുന്നു. ഡ്രാഫ്ടായിക്കിടന്ന ഈ പോസ്റ്റ് ഇപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ കാരണം കെ.പി.സുകുമാരേട്ടനുമൊത്ത് കോഴിക്കോടു നിന്നും തിരികെ വരുമ്പോള്‍ നടത്തിയ സംഭാഷണങ്ങളായിരുന്നു. പോസ്റ്റിനെക്കാളും നല്ല കുറെ കമന്റുകള്‍ സമ്മാനിച്ച ഇട്ടിമാളു, പ്രിയ, നാടന്‍, കൈതമുള്ള്, ഷാരു, പൈങ്ങോടന്‍, ഇക്കാസ്, സുമേഷ്, കുഞ്ഞന്‍, ചിത്രകാരന്‍, വാല്‍മീകി, പ്രിയ ഉണ്ണി, വഡോവോസ്കി, അനൂപ്, തഥാഗതന്‍, രാധേയന്‍, ശ്രീലാല്‍, പ്രഭ എന്നിവര്‍ക്കും, കത്തിനെക്കുറിച്ചുള്ള മറ്റു പോസ്റ്റുകളിലേക്ക് വഴി കാട്ടിയതിനു മൂര്‍ത്തി, സജി എന്നിവര്‍ക്കും പ്രത്യേകം നന്ദി. ഒരാളെ മറന്നു, ഈ കത്തെഴുതിയ എന്റെ പ്രിയ സുഹൃത്തെ ശ്യാമിനെ.

Vish..| ആലപ്പുഴക്കാരന്‍ said...

:)

Cartoonist said...

ഞാനാ എണ്‍പതിലെ വ്യത്യസ്തവ്യാഴാഴ്ച്ച ഓര്‍ത്തുപോകയാണ് -

ബാര്‍ബര്‍മാര്‍ പത തുടയ്ക്കുമ്പോലുള്ള തുണ്ടുകടലാസ്സുമായി പ്രമീള എന്റെ മുന്നില്‍ വന്നു രസതന്ത്രം സംശയം കണക്കെ വികാരരഹിതയായി ചോദിക്കുന്നു: ഇത്രേം മനസ്സിലായി... അല്ല, ഇതെന്തുന്നാ.. ഞാന്‍ നിന്നെ എന്തിനെപ്പോലേന്ന് ?

കണ്ണൂരാന്‍ എന്റെ കരള്‍ പിളര്‍ത്തി

കൊച്ചുത്രേസ്യ said...

പ്രീ-ഡിഗ്രിയ്ക്ക്‌ ഹോസ്റ്റലിലിരുന്ന്‌ ഹോംസിക്‌ക്‍നെസ്‌ കൊണ്ടു വലഞ്ഞപ്പോള്‍ ഒരാശ്വാസത്തിനാണ്‌ ആദ്യമായി പപ്പയ്ക്ക്‌ കത്തെഴുതിയത്‌. ഹോസ്റ്റലിലെ കാര്യങ്ങളും ഒരു പാടു തമാശയും അല്‍പ്പം സങ്കടവും ഒക്കെ കുനുകുനാന്ന്‌ എഴുതി അയച്ചു.പോരാത്തതിന്‌ എല്ലാത്തിന്റേം താഴെ ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പടവും വരച്ചു ചേര്‍ത്തു. എന്തായാലും ആ കത്തു കിട്ടിയ അന്നു രാത്രി തന്നെ പപ്പ എന്നെ കൂട്ടികൊണ്ടു പോകാനെത്തി.രാത്രി ഹോസ്റ്റലില്‍ ആരെയും പ്രവേശിപ്പിക്കില്ലാന്നു പറഞ്ഞ സിസ്റ്റര്‍മാരോട്‌ 'എന്റെ മോളേം കൊണ്ടേ ഞാന്‍ പോകൂ' എന്നും പറഞ്ഞ്‌ വാശി പിടിച്ച്‌ എന്നെ വീട്ടിലെക്കു കൂട്ടിക്കൊണ്ടു പോയി.

ഇതിലെ ഏറ്റവും വല്യ രസമെന്താണെന്നു വച്ചാല്‍ പപ്പയുടെ ഹൃദയം അലിയിച്ച ആ കത്തു വായിച്ചിട്ട്‌ മമ്മി പൊട്ടിച്ചിരിക്കുകയാണു ചെയ്തത്‌. ആ കത്തില്‍ നിറയെ കോമഡിയാണു പോലും മമ്മി കണ്ടത്‌. പപ്പ ആ വരികള്‍ക്കിടയിലൂടെ കണ്ട സങ്കടമൊന്നും മമ്മി കണ്ടതേയില്ല.മക്കളുടെ മനസ്സു കാണുന്ന കാര്യത്തില്‍ അച്ഛന്മാരും ഒട്ടും പിന്നിലല്ല എന്നു തെളിയിച്ച ഒരു സംഭവമായിരുന്നു ആ കത്ത്‌..

Unknown said...

ഒരുപാട് പഴഞ്ചത്തിയായതു കൊണ്ടാവാം..ഇപ്പോഴും എഴുത്തിനോട് എനിക്കിത്ര ആഭിമുഖ്യം.നാട്ടിലുള്ള അമ്മക്കിപ്പോഴും മുടങ്ങാതെ എഴുതാറുണ്ട്.എന്നും രാത്രി ഡയറിയെഴുതുന്നതും ദിനചര്യയില്‍ പെടും.അന്നന്നത്തെ വിശേഷങ്ങളല്ല.എന്തൊക്കെയോ..ഇരുന്നും,നടന്നും,കിടന്നും അതുകൊണ്ടൊക്കെത്തന്നെ ഒട്ടും വടിവില്ലാത്ത കൈപ്പടയില്‍.ബ്ലോഗ്ഗില്‍ ഇടുന്നതും ആദ്യം ഏകാന്തതയില്‍ ഇരുന്നു പേപ്പറില്‍ കുത്തിക്കുറിച്ചശേഷം ആണ്.(soo bachward na?)ഇവിടെ ബൂലോകത്ത് വന്ന ശേഷം സമാന മനസ്സുള്ള ഒരു സുഹൃത്തിനേയും കിട്ടി.ഈ അറുപഴഞ്ചന്‍ ശീലത്തെ എന്തോ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു..നന്ദി കണ്ണൂരാനേ..

ശ്രീ said...

കൊള്ളാം മാഷേ... നന്നായി ഈ പോസ്റ്റ്. ഇപ്പോഴും വല്ലപ്പോഴും എങ്കിലും ഞാന്‍ എന്റെ സ്വന്തം കൈപ്പടയില്‍ എന്റെ വീട്ടിലേയ്ക്കും കൂട്ടുകാര്‍ക്കും എല്ലാം കത്തെഴുതാറുണ്ട് എന്നു പറഞ്ഞാല്‍ ആരും ചിരിയ്ക്കരുത്. എന്തിന്, ഇന്നു രാവിലെ പോലും വീട്ടിലേയ്ക്ക് ഒരു കത്തെഴുതി അത് അയയ്ക്കാനായി ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ പോന്നത്. [ ഇന്നലെയും വീട്ടിലേയ്ക്കു ഫോണ്‍ ചെയ്തിരുന്നു. എങ്കിലും വീട്ടിലേയ്ക്ക് ഒരു സാധനം അയച്ചു കൊടുക്കേണ്ടതുണ്ട്. അപ്പോള്‍ ഒരു പേജ് കത്തെഴുതി വച്ചെന്നേയുള്ളൂ. എങ്കിലും...]

:)

അശ്വതി/Aswathy said...

കത്തെഴുത്ത് ശീലം തന്നെ ഇപ്പോഴില്ല.
ഒരിക്കല്‍ ഒരു ഹോസ്റ്റല്‍ മുഴുവന്‍ കാത്തിരിക്കുന്നത് ഭാസ്കരേട്ടനെ ആയിരുന്നു. ഞങ്ങ ളുടെ പറ ശിനികടവ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാന്‍ ഭാസ്കരേട്ടനെ.
ഒരിക്കല്‍ ഒരു സ്വപ്നം കുടി കണ്ടു ഞാന്‍ . ടാക്സി യില്‍ വരുന്ന ഭാസ്കരേട്ടന്‍ . ഡിക്കി തുറന്നപ്പോള്‍ കെട്ട് കണക്കിന് കത്ത് .'ഒക്കെ അശ്വതി യ്ക്ക്' .എന്നുപറഞ്ഞു ചിരിക്കുന്ന ഭാസ്കരേട്ടന്‍.ഹായ് എന്തൊരു സന്തോഷം ആയിരുന്നു രാവിലെ...
ഇന്നും എല്ലാ കത്തുകളും എന്റെ കൈയില്‍ തന്നെ ഉണ്ട്. കളയാന്‍ തീരെ മനസില്ലാതെ.
ഈ ഒറ്റവരി കത്ത് കണ്ടപ്പോ പണ്ടു എനിക്ക് വന്ന ഒരു കത്ത് ഓര്‍മ വന്നു.
'ഇപ്രാവശ്യത്തെ മാതൃ ഭൂമിയുടെ മുഖചിത്രം കണ്ടോ? ഒരു കുന്നികുരു ....'
എന്ന ഒരു പോസ്റ്റ് കാര്ഡ് കത്ത്.

മഴവില്ലും മയില്‍‌പീലിയും said...

അഡ്രസ്സ് തന്നാല്‍ എനിക്ക് ഒരെഴുത്ത് എഴുതാമൊ കണ്ണൂരാനെ...വെറുതെ ഒരു കത്തു വായിക്കാന്‍ കൊതി ഇതു വായിച്ചു കഴിഞ്ഞപ്പോള്‍

M. Ashraf said...

വീടിനു പുറത്തിറങ്ങിനിന്ന്‌ പോസ്റ്റ്‌ മാനെ ദൂരെ കാണുമ്പോള്‍ തന്നെ കത്തുണ്ടോ എന്നു വിളിച്ചു ചോദിച്ചിരുന്ന കാലം. തപാല്‍ ഉരുപ്പടികള്‍ക്ക്‌ ശേഷം പുറത്ത്‌ കാത്തുനില്‍ക്കുന്നവര്‍ക്കായി പോസ്റ്റ്‌മാന്‍ ഉച്ചത്തില്‍ പേരുകള്‍ വിളിച്ചിരുന്ന കാലം. അങ്ങനെയൊരു പാട്‌ സങ്കടങ്ങളിലേക്കു കൊണ്ടുപോയി കണ്ണൂരാന്റെ കുറിപ്പ്‌.
പലരും പുകഴ്‌ത്തിയിരുന്ന കൈയക്ഷരത്തിന്റെ നൊമ്പരം കൂടി ഓര്‍മിക്കാനായി. പത്രം ഓഫീസുകള്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ വഴി മാറുന്നതിനു മുമ്പ്‌ ഞങ്ങള്‍ ടെലിപ്രിന്ററില്‍ വരുന്ന ഏജന്‍സി വാര്‍ത്തകള്‍ കടലാസിലേക്ക്‌ പരിഭാഷപ്പെടുത്തുമായിരുന്നു. അതും അവസാനിച്ചിട്ട്‌ ഏതാണ്ട്‌ പത്ത്‌ വര്‍ഷമായി.

Unknown said...

സംഭവം സത്യമാണു കണ്ണൂരാന്‍... ഇതു വായിച്ചപ്പോഴാണ്‌ ഓര്‍ത്തത്‌... ഒരു പിടി കത്തുകള്‍ എഴുതിയിരുന്ന നാളുകള്‍. പലതും അയച്ചുകൂടിയില്ല. നന്നായി സ്നേഹപൂര്‍വ്വം അയല്‍വാസി, രണ്ടു തരത്തിലും,, ജനനം കൊണ്ടും ജിവിതം കൊണ്ടും.

ജ്യോനവന്‍ said...

സത്യം പറയാമല്ലോ ബ്ലോഗെഴ്ത്തു തുടങ്ങിയേപ്പിന്നെ
മാത്രമാണ് കത്തെഴുത്ത് നിന്നുപോയത്. :)
എന്നാലും ഒരു പോസ്റ്റ് ബോക്സ് കാണുമ്പോള്‍ ഉള്ളു തുടിക്കറുണ്ട്.
മറഞ്ഞൊളിഞ്ഞ് ഒരു വേദനയുടെ തുണ്ട്.
ഈ പോസ്റ്റ് വായിച്ച് കമന്റെഴുതാന്‍ നിന്നില്ല.
ബുക്കിന്റെ നടുത്താളുപറിച്ച് ഒന്ന് കസറണമെന്ന്, അനുജന്.
വെട്ടിക്കളയാന്‍ തോന്നുന്ന രണ്ടു പാരഗ്രാഫ്.
മുന്‍പ് കൊട്ടക്കണക്കിന് എഴുതിയിരുന്നതാണ്.
എന്തായാലും അതു മറന്ന് ഇതു തുടങ്ങി.
അവന് നാളേയൊരു ഇ-മെയിലയക്കും. ഇതൊക്കെ പറഞ്ഞ്.

അപര്‍ണ്ണ said...

ഇടക്കൊക്കെ ഇപ്പഴും എഴുതാറുണ്ട്‌, കുനുകുനാന്ന്, ഒരു നാലു പേജ്‌ ഒക്കെ അമ്മയ്ക്ക്‌. :)

കണ്ണൂരാന്‍ - KANNURAN said...

വിഷ്ണു: :)

കാര്‍ട്ടൂണിസ്റ്റ്, കൊച്ചുത്രേസ്യ, ആഗ്നേയ, ശ്രീ, അശ്വതി, എം.അഷ്രഫ്, മുരളീകൃഷ്ണ, ജ്യോനവന്‍, അപര്‍ണ്ണ: ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള വരികള്‍ ഇവിടെ എഴുതിയതിന്...ഒരു പാട് നന്ദി.

കാണാമറയത്ത്: അഡ്രസ് തന്നാ എഴുതാം മാഷെ.

അനില്‍ ഐക്കര said...

ഒരു മദ്ധ്യവേനല്‍ അവധിക്കാ‍ലത്ത് വാശിയോടെ നൂറ് കത്തുകള്‍ മറുപടിയായി വരുത്തി കാത്തു സൂക്ഷിച്ച കാലം ഓര്‍മ്മ വരുന്നു. അന്ന് ആകെയുള്ള ആശ്രയം കത്തുകള്‍ ആയിരുന്നു.

ഇപ്പോള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍...
അന്നെഴുതിയ കത്തുകള്‍ ആരെങ്കിലും സൂക്ഷിക്കുന്നുഎങ്കില്‍ അത്യല്‍ഭുതകരം.

എന്റെ കൈവശത്തില്‍ ആയിരത്തോളം കത്തുകള്‍ ഇന്നും ഉണ്ട്. ചിലര്‍ക്ക് ആ വരികള്‍ ഇന്ന് മൈയില്‍ ചെയ്യും. അവര്‍ അല്‍ഭുതപ്പെടും!

നല്ല ലേഖനം കണ്ണൂരാന്‍...

മഴവില്ലും മയില്‍‌പീലിയും said...

എങ്കില്‍ ഇതാ അഡ്ഡ്രസ്സ് എഴുത് മാഷെ..
pradeep
G-4,M.R.C.B
IIT ROORKEE
ROORKEE-247667

മലബാറി said...

ഒത്തിരി വൈകി വായിക്കാന്‍.കുറച്ചുകാലത്തെ വായനക്കുറവ്.ഇപ്പോള്‍ എല്ലാം തപ്പി എടുക്കുന്നു

പോസ്റ്റും കമന്റുകളും വായിച്ചു.സത്യത്തില്‍ ഒരു പാടു പിറകിലേക്കു പോയി മനസ്.ഒരു നഷ്ടബോധം.ജീവിതത്തില്‍ കുറേക്കാലം ഹോസ്റ്റലില്‍ ചിലവിട്ടതിനാല്‍ അറിയാം വരുന്ന കത്തുകളിലെ വരികള്‍ തരുന്ന ആശ്വാസം
.ഇപ്പോള്‍ ആകെ കൈകൊണ്ടെഴുതിയ ഒരു വരി കിട്ടാറ് ആശംസാകാര്‍ഡുകളില്‍ മാത്രമാണ്.അതും ഇനി എത്ര കാലം ??

ചേലേരിയാന്‍ said...

പ്രിയപ്പെട്ട കണ്ണൂരാന്‍
നാന്‍ കത്തുകള്‍ ബയന്റ് ചെയ്തു സൂക്ഷിക്കുന്നുണ്ട് .
ഇല്ലണ്ടും കാര്‍ഡും

cheleriayan