Wednesday, September 26, 2007

കാവേരി

ഇനി നമുക്ക് ഓപണ്‍ സോഫ്റ്റ്വെയര്‍ കാവേരി പരിചയപ്പെടാം
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’യ്ക്കു ശേഷം പുറത്തിറക്കിയ പ്രധാന സോഫ്റ്റ്വെയറാണ് കാവേരി ഓപണ്‍ സോഫ്റ്റ്വെയര്‍. യുണീകോഡ് ഫോണ്ടുകളാണ് കാവേരിയില്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രധാനമായും വേഡ് പ്രോസസിംഗ് ഉദ്ദേശിച്ചിട്ടാണിതു പുറത്തിറക്കിയത്. മലയാളീകരിച്ചതും, പ്രാദേശികമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതുമായ ഓപണ്‍ ഓഫീസ് കൂടാതെ മലയാളത്തിലുള്ള സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം തര്‍ജ്ജമാ സഹായി, ഇംഗ്ലീഷ് മലയാളം ഔദ്യോഗിക ഭാഷാ പദാവലി, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കുമുള്ള ട്രാന്‍സ്ലിറ്ററേഷന്‍ സഹായി എന്നിവയും കാവേരിയില്‍ അടങ്ങിയിരിക്കുന്നു.
മലയാളം ഓപണ്‍ ഓഫീസ് കേരളത്തിലെ ഇ ഗവേര്‍ണന്‍സ് പരിപാടികള്‍ക്ക് ആക്കം കൂട്ടുന്നതിനായാണ് ഈ സോഫ്റ്റ്വെയര്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതുപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ ആയത് കാര്യമായെടുത്തിട്ടില്ലെന്നത് ഖേദകരമാണ്.

നാം സാധാരണ രീതിയില്‍ മൈക്രോസോഫ്റ്റ് വേര്‍ഡു പോലുള്ള വേര്‍ഡ് പ്രോസസിംഗ് സോഫ്റ്റ്വെയറിനേക്കാളും ഒട്ടനവധി പ്രത്യേകതകളും, ഗുണങ്ങളുമുള്ളതാണ് ഓപണ്‍ ഓഫീസ് എന്ന് നിങ്ങള്‍ക്കറിയാമല്ലൊ. കാവേരിയുടെ കൂടെ ലഭ്യമാവുന്ന മലയാളം ഓപണ്‍ ഓഫീസില്‍ എല്ലാവിധ സന്ദേശങ്ങളും, സംഭാഷണങ്ങളും മലയാളത്തിലാണെന്നുള്ളത് ഏതൊരു ഭാഷാപ്രേമിക്കും അഭിമാനിക്കാവുന്നതാണ്. ഫയലിനു പകരം രേഖയെന്നും, ന്യു എന്നതിനു പകരം പുതിയതെന്നൊക്കെ കാണുമ്പോള്‍ സ്ഥിരമായി മൈക്രോസോഫ്റ്റ് വേര്‍ഡുപയോഗിച്ച് ശീലിച്ചവര്‍ ആദ്യം അമ്പരക്കുമെങ്കിലും, സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നത് എന്റെ അനുഭവമാണ്. പ്രിന്റ് പ്രിവ്യു എന്നത് താളിന്റെ മുന്‍‌കൂര്‍ ദൃശ്യം എന്നൊക്കെ കാണുമ്പോള്‍ ആരും പകച്ചു പോകുമല്ലൊ. യൂസര്‍ ഇന്റര്‍ഫേസ് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും, തിരിച്ചും മാറ്റാന്‍ വളരെ എളുപ്പവുമാണ്.
ഓപണ്‍ ഓഫീസ് റൈറ്റര്‍ എന്ന ഒരൊറ്റ സോഫ്റ്റ്വെയറില്‍ തന്നെ മൈക്രോ സോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍ പോയന്റ്, ആക്സസ് എന്നിവയ്ക്കു സമാനമായ അപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നത് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മറ്റുള്ളവയേക്കാള്‍ എത്രമാത്രം മുന്നിലാണെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ്.
ഈ അപ്ലിക്കേഷനിലെ ഉപകരണങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തന സഹായി, മലയാളം സ്പെല്‍ചെക്കറിനു സമാനമായ ലിപി വിന്യാസ പരിശോധന, ഇന്ത്യന്‍ ഭാഷാന്തരം മുതലായവ ലഭ്യമാണ്. നാം പലപ്പോഴും ബ്ലോഗെഴുതുമ്പോഴും മറ്റും ഉണ്ടാകുന്ന സംശയ നിവാരണത്തിന് ഈ ഉപകരണങ്ങള്‍ വളരെയധികം പ്രയോജനപ്പെടുമെന്നതില്‍ തര്‍ക്കമില്ല. മലയാളത്തിലെ മുഴുവന്‍ പദാവലിയും ഉള്‍പ്പെടുന്ന ഒരു ഭാഷ നിഘണ്ടു നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
ഈ അപ്ലിക്കേഷനകത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്ത വാക്കുകള്‍ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കും, തിരിച്ചും ട്രാന്‍സ്‌ലിറ്ററേഷന്‍ ചെയ്യാന്‍ സാധിക്കും. പെരിങ്ങോടന്റെ മൊഴി കീമാന്‍ വളരെ ഭംഗിയായി ഇതിനകത്ത് പ്രവര്‍ത്തിക്കുമെന്നുള്ളത് ബ്ലോഗിംഗ് രംഗത്തുള്ളവര്‍ക്ക് ആഹ്ലാദദായകമായ വാര്‍ത്തയാണ്. ഇത്തരം ഫോണറ്റിക്ക് അപ്ലിക്കേഷന്‍ കൂടാതെ ഇന്ത്യാ ഗവണ്‍‌മെന്റ് നിര്‍ദ്ദേശിക്കുന്ന ഇന്‍സ്ക്രിപ്റ്റ് രീതി അവലംബിക്കുന്ന ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ടൈപ്പ് ചെയ്തെടുക്കുന്ന രേഖകള്‍ ഓപണ്‍ ഓഫീസ് രേഖയായോ, മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റായോ, പിഡി‌എഫ് ആയോ, റിച്ച് ടെക്സ്റ്റ് ഡോക്യുമെന്റ് തുടങ്ങിയ മറ്റേതെങ്കിലും ഫോര്‍മാറ്റിലോ സേവ് ചെയ്യാമെന്നുള്ളതും തിളക്കമാര്‍ന്നൊരു പ്രത്യേകതയാണ്.
ഓപണ്‍ ഓഫീസില്‍ ബോഷറുകള്‍, ന്യൂസ് ലെറ്ററുകള്‍, പരസ്യങ്ങള്‍ തുടങ്ങിയ ഉണ്ടാക്കാനുതകുന്ന നിരവധി ചിത്രരചനാ ടൂളുകള്‍ ലഭ്യമാണ്. ഓപണ്‍ ഓഫീസ് രേഖകള്‍ക്കകത്ത് ചിത്രങ്ങള്‍ മാത്രമല്ല വിവിധ ഫോര്‍മാറ്റുകളിലുള്ള പാട്ടുകളും, വീഡിയോ-സിനിമകള്‍ പോലും ‘തിരുകാന്‍’ സാധിക്കുന്നുവെന്നത് ചില്ലറ കാര്യമല്ലെന്നു തോന്നുന്നു.
കാവേരി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ സാധിക്കും. http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ ലഭിക്കുന്ന സെറ്റ് അപ്പ് ഫയല്‍ റണ്‍ ചെയ്താല്‍ മാത്രം മതിയാകും. ഇവ നൂ ജിപില്‍ (GNU GPL) ലൈസന്‍സ് അധിഷ്ഠിതമാണ്. കാവേരിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള നിവാരണങ്ങള്‍ ഇന്റലി അസിസ്റ്റന്റില്‍ ലഭ്യമാണ്. കച്ചവടപരമായ ഉദ്ദേശമില്ലാതെ ആര്‍ക്കും കാവേരിയുടെ പകര്‍പ്പുകളെടുത്ത് വിതരണം ചെയ്യാവുന്നതാണ്. ഇതിന്റെ പൂര്‍ണ്ണമായ അവകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
കാവേരിയുടെ ഭാവി പരിപാടികളില്‍ എല്ലാ ഭാഷാപ്രേമികളായ വ്യക്തികളുടെയും സഹായം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മലയാള പരിഭാഷ, ലിപി പരിശോധനാ സഹായി മുതലായവ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി നിങ്ങള്‍ക്കുള്ള സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളത്തെ അറിയിച്ചാല്‍ അവ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പൊ ഇനി താമസിക്കണ്ട, എത്രയും വേഗം കാവേരിയിലേക്ക് മാറാം...

11 comments:

കണ്ണൂരാന്‍ - KANNURAN said...

അപ്പൊ ഇനി താമസിക്കണ്ട, എത്രയും വേഗം കാവേരിയിലേക്ക് മാറാം... കാവേരി മലയാളം ഓപണ്‍ ഓഫീസ് സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്താനൊരു എളിയ ശ്രമം...

മനോജ് കുമാർ വട്ടക്കാട്ട് said...

കണ്ണൂസെ, നീളയെയും കാവേരിയെയും പരിചയപ്പെട്ടു. നല്ല ഉദ്യമം.

മനോജ് കുമാർ വട്ടക്കാട്ട് said...

സോറി, കണ്ണൂരാന്‍ :)

Vish..| ആലപ്പുഴക്കാരന്‍ said...

ഹി ഹി ഹി ഹി.. ഈ പോസ്റ്റ് എഴുതുന്നതിനു മുമ്പേ തന്നെ കവേരിയേ പറ്റി പറഞതുകൊണ്ട് ഓളേ നേരത്തെ പരിചയപെടാന്‍ പറ്റി.. :)ഓപ്പണ്‍ ഓഫീസ് ആള്‍റെഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ (ലേറ്റസ്റ്റ് വേര്‍ഷന്‍ ആണ് എങ്കില്‍)അപ്ഡേറ്റ് ചെയ്യണോ എന്ന് ചോദിക്കും.. വേണ്ടേ.. എന്ന് പറഞാല്‍ മതി :)

R. said...

അച്ചുമാമന് ഹൃദയം തുറന്ന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാനുള്ള ആദ്യകാരണങ്ങളിലൊന്ന് ഇതാകുന്നു.

ഒരു ടെക്നോളജി തൊഴിലാളി.
മറ്റൊരു കണ്ണൂരാന്‍.

:-)

ശ്രീ said...

നിള... കാവേരി...
ഇനി അടുത്തത് പോരട്ടേ മാഷേ...
:)

Anonymous said...

നല്ല ലേഖനം . ഞാന്‍ ഇതു റ്റെസ്റ്റ് ചെയ്തു.ആ അച്ചുമ്മാമനും ഓപണ്‍സോഫ്റ്റ്വേരും പചചിലയും കത്രികയും പോലേ അല്ലേ.. പിന്നേ ഇതു ചെയ്ത ചാത്തന്മാരോ .. കിടിലോല്‍കിടില്ങള്‍...
അതേ കീമാന്‍ ഉപയോഗിച്ചു റ്റൈപ്പ് ചെയ്യ്താല്‍ സിബുസിന്റെ മൊഴി സ്കീമുമായീ പരിചയപ്പെട്ടവര്‍ക്കു ഒരു ഫുള്‍ സ്കെയില്‍ വേര്‍ഡ് പ്രോസെസ്സറിന്റേ ഗുണം കിട്ടും ...കഴിഞ്ഞ നാലു കൊല്ലം ഓപെണ്‍ ഓഫീസ് മാത്രമേയുള്ളു എന്റെ കമ്പ്യൂട്ടറില്. ഡ്യുപ്ലിക്കേറ്റ് മൈക്രൊ സോഫ്റ്റ് കിട്ടനില്ല എന്ന്തു തന്നെ കാരണം.150 ഡോളര്‍ കൊടുത്തു അതു വാങുന്നതിലും എത്രയോ ഭേദം അണു ഇതു ഉപയോഗിക്കുന്നതു.

Mubarak Merchant said...

നന്നായി കണ്ണൂരാനേ.
ഇ-മലയാളത്തെ പരിചയപ്പെടും മുന്‍പ് ഉപയോഗിച്ചു നോക്കി പുച്ഛിച്ചു തള്ളിയ ഒന്നാണിത്.
ഇപ്പോള്‍ വീണ്ടും കാവേരിയെ പരിചയപ്പെടുമ്പോള്‍ ഒട്ടു പശ്ചാത്താപം കലര്‍ന്ന ഒരിഷ്ടം തോന്നുന്നു.. ഒന്നു തീരുമാനിച്ചു, ഇനി എന്റെ ഓഫീസ് ‘കാവേരി’യില്‍.

റിഷാദ് said...

പോസ്റ്റ് നന്നായി കണ്ണൂരാനേ, ഇത് കുറച്ച് മുമ്പെ കണ്ടിരുന്നെങ്കില്‍ ഓഫീസില്‍ കാവേരി ഉപയോഗിച്ച് തുടങ്ങാമായിരുന്നു. ഐ.എസ്.എം വേഡില്‍ ഉപയോഗിക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ സി ഡാകുമായി ചേര്‍ന്ന് പ്രാദേശിക ഭാഷകള്‍ക്കു വേണ്ടി വികസിപ്പിച്ച സോഫ്റ്റ്‌വെയറിനെക്കുറിച്ച് പത്രത്തില്‍ കണ്ടത്. www.ildc.gov.in ല്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ മലയാളഭാഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളടങ്ങിയ സിഡി സൌജന്യമായി നമുക്ക് അയച്ചു തരും. അപ്രകാരം കിട്ടിയ സോഫ്റ്റ്വെയറാണ് ഇപ്പോള്‍ ഓഫീ‍സില്‍ ഉപയോഗിക്കുന്നത്. ഇനി ഓപ്പണ്‍ ഓഫീസ് ഒന്നു പരീക്ഷിച്ചു നോക്കാം. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനിയെന്നാണാവോ ഇതൊക്കെ നടപ്പില്‍ വരുന്നത്?

കണ്ണൂരാന്‍ - KANNURAN said...

പടിപ്പുര: :)

ആലപ്പുഴക്കാരന്‍: :) നന്ദി, പുതിയ വിവരത്തിന്.

രജീഷ്: :)

ശ്രീ: ഇനി പെരിയാര്‍ വരാനുണ്ട്. എന്നിട്ടു നോക്കാം.. അല്ലെ?

ഗുണാളന്‍: എന്തിനു നമ്മള്‍ പൈറേറ്റഡ് എം.എസ്.ഓഫീസ് ഉപയോഗിക്കണം, നമ്മുടെ സര്‍ക്കാര്‍ വെറുതെ ഓപണ്‍ ഓഫീസ്, അതും മലയാളത്തില്‍, വെറുതെ കിട്ടുമ്പോള്‍..:)

ഇക്കാസ് ഭായ്: നന്ദി..:)

റിഷാദ്: കേരള സര്‍ക്കാറിന്റെ വിവര സാങ്കേതിക വിദ്യാ (ബി) വകുപ്പ് 25.6.07നു 2486/ബി1/2006/വി.സ.വ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം എല്ലാ വകുപ്പുകളിലും ഈ സോഫ്റ്റ്വെയറുകള്‍ (നിള, കാവേരി) എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ഛിട്ടുണ്ട്. പക്ഷെ എന്തു പ്രയോജനം.. എല്ലാവരും ഇപ്പോഴും പൈറേറ്റഡ് എം.എസ്.ഓഫീസ് തന്നെ ഉപയോഗിക്കുന്നു... :)

yetanother.softwarejunk said...

Please Check this Dictionary.

http://mashithantu.com/malayalam-dictionary/nighantu.html