Tuesday, May 13, 2008

ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പ് നിരാശ ജനകം

2008 മെയ് മാസത്തെ ഭാഷാപോഷിണി (പുസ്തകം 31, ലക്കം 12) മലയാളം ബ്ലോഗുകളെക്കുറിച്ച് ചര്‍ച്ചയെന്ന പേരില്‍ 5 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പത്രാധിപക്കുറിപ്പും മലയാളം ബ്ലോഗിനെകുറിച്ചു തന്നെയാണ്.

വാമൊഴിയുടെ മടങ്ങി വരവും കമന്റുകളുടെ ചടുല വിനിമയങ്ങളും കൊണ്ട് ബ്ലോഗ് മലയാളഭാഷയെ സമ്പന്നമാക്കിയേക്കാമെന്നാണ് പത്രാധിപക്കുറിപ്പിലെ പ്രതീക്ഷ.

ബ്ലോഗുകളെക്കുറിച്ചുള്ള 5 ലേഖനങ്ങളും ബ്ലോഗില്‍ രാജേഷ് വര്‍മ്മ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലെ ഒരു ഭാഗവുമാണ് മലയാളിയുടെ ബൂ ജീവിതമെന്ന തലക്കെട്ടില്‍ ചര്‍ച്ചയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉള്ളിലുള്ളത് സ്വതന്ത്രമായി, സ്വകാര്യമായി പങ്കുവെക്കാനുള്ള ബ്ലോഗെന്ന ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കുമെന്നതിലൂന്നിയാണ് ചര്‍ച്ച. ബ്ലോഗര്‍കൂടിയായ പി.പി.രാമചന്ദ്രന്റെ തിരമൊഴി, സി.എസ്.വെങ്കിടേശ്വരന്റെ മലയാളിയുടെ ബൂജീവിതം, ഇ.പി.രാജഗോപലന്റെ ഇ-എഴുത്തും ഈയെഴുത്തും, എന്‍.എം.കുമാറിന്റെ വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പുകള്‍, കലേഷ്കുമാറിന്റെ മലയാളം ബ്ലോഗ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലേഖനങ്ങള്‍. രാജേഷ് വര്‍മ്മയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമ സ്തോത്രം ഒരു ഒരു സാമ്പിള്‍ പോസ്റ്റെന്ന മട്ടിലും നല്‍കിയിട്ടുണ്ട്.

തിരമൊഴി എന്ന പി.പി.രാമചന്ദ്രന്റെ ലേഖനം വായനക്കാരനോട് സംവദിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്. ദുര്‍ഗ്രാഹ്യമായ ഭാഷയില്‍ ഈ ലേഖനത്തില്‍ ബ്ലോഗിന്റെ ആരംഭവും വികാസവുമൊക്കെ പറയുന്നുണ്ടെങ്കിലും, ബ്ലോഗിന്റെ എല്ലാവശങ്ങളെയും കാണുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ബ്ലോഗില്‍ കേവലം എഴുത്തുമാത്രമാണെന്നൊരു തെറ്റായ ധാരണ ഉണ്ടാക്കുന്നു ഈ ലേഖനത്തിന്റെ തലക്കെട്ട് (രാമചന്ദ്രന്റെ ബ്ലോഗിന്റെ പേരുകൂടിയാണ് തിരമൊഴി).

മലയാളിയുടെ ബൂജീവിതമെന്ന സി.എസ്.വെങ്കിടേശ്വരന്റെ ലേഖനം എട്ട് പേജ് നീളമുള്ളതാണെങ്കിലും വായിച്ചു കഴിയുമ്പോള്‍ ബ്ലോഗിനെക്കുറിച്ചെന്തെങ്കിലും വായനക്കാരന് അതു സമ്മാനിക്കുമെന്ന് തോന്നുന്നില്ല. പല ബ്ലോഗര്‍മാരുടെയും തലവാചകങ്ങളും (ശീര്‍ഷകങ്ങള്‍), വക്കാരിയുടെ പോസ്റ്റുകളില്‍ നിന്നും അടര്‍ത്തിയെടുത്ത നിരവധി വാചകങ്ങളാലും സമ്പുഷ്ടമാണെങ്കിലും ബ്ലോഗിന്റെ സ്വഭാവ വിശേഷങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ ഈ ലേഖനവും പരാജയമാണ്. ഇവിടെയും എഴുത്തല്ലാതെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍, പോഡ്കാസ്റ്റുകള്‍, മ്യൂസിക് ബ്ലോഗുകള്‍ തുടങ്ങിയവയെപ്പറ്റിയും നിശ്ശബ്ദത പാലിക്കുന്നു. ബ്ലോഗിന്റെ സാമൂഹ്യപ്രസക്തിയെയും ലേഖകന്‍ വിട്ടുകളഞ്ഞിരിക്കുന്നു.

ആദ്യ രണ്ടു ലേഖനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇ.പി.രാജഗോപാലന്റെ ലേഖനവും. ബ്ലോഗിനെ ഒരു കത്തെഴുത്തുമായി താരതമ്യപ്പെടുത്തുക വഴി ബ്ലോഗിന്റെ സാധ്യതകളെ ഇദ്ദേഹം നിസ്സാരവല്‍ക്കരിക്കുന്നു ഈ ലേഖനത്തിലൂടെ. കെ.പി.അപ്പന്റെ ഇന്റര്‍നെറ്റും വിമര്‍ശനകലയും എന്ന ലേഖനത്തില്‍ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിക്കാത്തതില്‍ രോഷം കൊള്ളുന്ന ലേഖകന്‍ തന്റെ ലേഖനത്തില്‍ തെറ്റായ കാര്യങ്ങളാണ് എഴുതിപിടിപ്പിച്ചിട്ടുള്ളത്.

“പെരിങ്ങോടന്റെ ബ്ലോഗ് വാരഫലം’ ഗൌരവം മുറ്റിയ ഒരു നീക്കമാണെന്നു” ഇദ്ദേഹം വിലയിരുത്തുന്നു. പെരിങ്ങോടനല്ല ഉമേഷാണ് ബ്ലോഗ് വാരഫലത്തിനു പിന്നിലെന്നും വാരഫലത്തില്‍ പുതിയ ലേഖനം വന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായെന്നും ബൂലോഗര്‍ക്കെല്ലാമറിയാം. ഇത്തരം കാര്യങ്ങള്‍ എഴുതുന്നതിനു മുന്‍പെ ഒന്നു പരിശോധിക്കാന്‍ പോലും ഇ.പി.രാജഗോപലന്‍ മിനക്കെട്ടില്ലെന്നു മാത്രമല്ല, മറ്റാരോ പറഞ്ഞു കൊടുത്ത വിവരങ്ങളാണിതെന്നും തെളിയുന്നു. ഒരു തരം തട്ടിക്കൂട്ട് പരിപാടി.


ബുദ്ധിജീവി ജാഡകളാല്‍ സമൃദ്ധമായ ഈ ലേഖനങ്ങള്‍ക്കിടയില്‍ അല്പെമെങ്കിലും ആശ്വാസമേകുന്നത് കുമാറിന്റെയും, കലേഷിന്റെയും ലേഖനങ്ങളാണ്. കുമാറിന്റെ വെര്‍ച്വല്‍ താളിലെ കുറിച്ചു വയ്പുകള്‍ ബ്ലോഗെഴുത്തിനെക്കുറിച്ചൊരു നല്ല ചിത്രം വായനക്കാര്‍ക്കു സമ്മാനിക്കുന്നു. മലയാളം ബ്ലോഗെന്ന കലേഷിന്റെ ലേഖനവും മലയാളം ബ്ലോഗിംഗ് രംഗത്തെക്കുറിച്ചും അതിന്റെ വളര്‍ച്ചയുടെ നാള്‍വഴികളെക്കുറിച്ചും, ഭാവിയെക്കുറിച്ചുമൊക്കെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

രാജേഷ് വര്‍മ്മയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീമദ് ഇ.എം.എസ്. അഷ്ടോത്തരശതനാമ സ്തോത്രമാണ് സാമ്പിള്‍ ബ്ലോഗായി നല്‍കിയിരിക്കുന്നത്.

ബ്ലോഗിനെക്കുറിച്ച് വായനക്കാരന് പുതുതായി ഒന്നും സമ്മാനിക്കാത്ത നിര്‍ജ്ജീവമായ മൂന്ന് ലേഖനങ്ങള്‍ ബ്ലോഗ് പതിപ്പിന്റെ ഉദ്ദേശത്തെ തന്നെ തകിടം മറിക്കുന്നതായി. മാതൃഭൂമിയുടെ ബ്ലോഗ് പതിപ്പ് കൂടുതല്‍ പേരെ ബ്ലോഗിലേക്ക് അടുപ്പിക്കുകയാണ് ചെയ്തതെങ്കില്‍ ഭാഷപോഷിണി ബ്ലോഗ് പതിപ്പ് ഇതിനു നേര്‍ വിപരീതമായാകും പ്രവര്‍ത്തിക്കുക.

വക്കാരിയുടെ നിരവധി വാചകങ്ങള്‍ സി.എസ്.വെങ്കിടേശ്വരന്‍ തന്റെ ലേഖനത്തില്‍ പലയിടത്തും നല്‍കിയെങ്കിലും എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പോസ്റ്റിന്റെ ലിങ്കെവിടെയും നല്‍കിയില്ല. അതെങ്കിലും നല്‍കിയിരുന്നെങ്കില്‍ എന്തെങ്കിലുമൊരു പ്രയോജനമുണ്ടായേനെ..


ഇതേ വിഷയത്തില്‍ വെള്ളെഴുത്തിന്റെ പോസ്റ്റ് ഇതാ

22 comments:

കണ്ണൂരാന്‍ - KANNURAN said...

വളരെ പ്രതീക്ഷയോടെയായിരുന്നു ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പ് വാങ്ങി വായിച്ചത്. പക്ഷെ തികച്ചും നിരാശജനകമായി പോയി ഭാഷാപോഷിണിയുടെ ബ്ലോഗ് പതിപ്പ്.

ഏറനാടന്‍ said...

അതെ എനിക്കും അതാണ് തോന്നിയത്. ഇപ്പോള്‍ ഭാഷാപോഷിണി ലേഖനങ്ങള്‍ മൊത്തം വായിച്ച് നടുനിവര്‍ത്തി ബൂലോഗത്ത് എത്തിയതേയുള്ളൂ. കണ്ണൂരാന്‍ പോസ്റ്റ് വായിച്ചപ്പോള്‍ അങ്ങനെതന്നെയെന്ന് തോന്നുന്നു.

sunilfaizal@gmail.com said...

മാതൃഭൂമിയുടെ ബ്ലോഗ് പതിപ്പ് കൂടുതല്‍ പേരെ ബ്ലോഗിലേക്ക് അടുപ്പിക്കുകയാണ് ചെയ്തതെങ്കില്‍ ഭാഷപോഷിണി ബ്ലോഗ് പതിപ്പ് ഇതിനു നേര്‍ വിപരീതമായാകും പ്രവര്‍ത്തിക്കുക.
ഈ വരികളോട് നൂറില്‍ നൂറുവട്ടം യോജിപ്പ് .

ദേവന്‍ said...

അഞ്ചെട്ടുമാസം മുന്നേ മനോരമയില്‍ ഇന്നും ഒരു വേണുഗോപാലിന്റെ ഈ മെയില്‍ വന്നു. എന്റെ നല്ല ലിറ്റററി വര്‍ക്ക്‌ പിഡിയെഫോ ജെപ്പെഗ്ഗോ ആയി അയച്ചുകൊടുക്കണമെന്നും ഭാഷാപോഷിണിക്ക്‌ അതാവശ്യമുണ്ടെന്നും.

മനോരമയില്‍ ഒരു വേണുഗോപാലിനെ അടുത്തു പരിചയമുണ്ടായിരുന്നതിനാല്‍ അദ്ദേഹം എന്നോട്‌ സ്വാതന്ത്ര്യമെടുത്തതാവുമെന്ന് കരുതി ഞാന്‍ ഒരു ലിറ്റററി വര്‍ക്കറല്ലെന്നും ബ്ലോഗെന്നാല്‍ സാഹിത്യമാണെന്ന് ധരിക്കരുതെന്നും ഞാന്‍ പബ്ലിഷ്‌ ചെയ്തത്‌ പീഡിയെഫ്‌ ആക്കുന്നത്‌ കഷ്ടമാണെന്നും യൂണിക്കോഡ്‌ ലോകത്തേക്ക്‌ കയറി വരാനും പറഞ്ഞ്‌ വിശദമായി മറുപടിയെഴുതി.

അങ്ങനെ മൂന്നാലു ഈമെയില്‍ കൈമാറ്റം കഴിഞ്ഞപ്പോഴാണ്‌ ഇദ്ദേഹം ഞാനറിയുന്ന വേണുഗോപാല്‍ അല്ലെന്നും എനിക്ക്‌ പ്രിന്റ്‌ മാദ്ധ്യമത്തില്‍ ഒരവസരം തരാന്‍ ഔദാര്യപൂര്‍വ്വം എത്തിയ അപരിചിതനാണെന്നും മനസ്സിലായത്‌.

മേലില്‍ അപരിചിതര്‍ക്ക്‌ മെയില്‍ ഈമെയില്‍ അയക്കുമ്പോള്‍ സ്വയം പരിചയപ്പെടുത്താനുള്ള വിവേകം കാട്ടി അന്യന്റെ സമയം പാഴാകാതെ സൂക്ഷിക്കണമെന്നും എനിക്കൊന്നും പ്രിന്റാന്‍ മുട്ടി ഇരിപ്പില്ലെന്നും ഞാന്‍ എഴുതി കത്തിടപാട്‌ അവസാനിപ്പിച്ചു. അന്നേ ഭാഷാപോഷിണി ബ്ലോഗ്‌ പതിപ്പ്‌ ഞാനെഴുതിത്തള്ളിയതാണ്‌. കലേഷിനെയും കുമാറിനെയും രാജേഷ്‌ വര്‍മ്മയേയും കിട്ടിയതു തന്നെ മഹാഭാഗ്യം എന്നു കരുതി സമാധാനിക്കാം

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

പി.പി.രാമചന്ദ്രന്റെ ‘തിരമൊഴി’വായിച്ചിട്ട് എന്തെങ്കിലും മനസ്സിലായോ?എനിക്കൊന്നും മനസ്സിലായില്ല.ഇങ്ങനെയൊക്കെ മലയാളത്തില്‍ വാക്കുകള്‍ ഉണ്ടോ ?സി.എസ്.വെങ്കിടേശ്വരന്‍ ഏതാണ്ടൊക്കെ എഴുതി അഞ്ചുപേജ് തികച്ചിട്ടുണ്ട്.ഇതിലെ ഇംഗ്ലീഷൊക്കെ എന്താണാവോ?മലയാളം ബ്ലോഗുകളുടെ ലോകത്ത് ഇത്രയും ഇംഗ്ലീഷ് വേണമായിരുന്നോ?
‘വക്കാരിമഷ്‌ടാ’എന്നു പറഞ്ഞാലെന്താണ് ?കുമാറും കലേഷും അധികം വിഷമിപ്പിച്ചില്ല.ഇ.പി.രാജഗോപാലന്റെ എഴുത്ത്
മൊത്തമായിട്ട് മനസ്സിലായില്ല...അമ്മച്ചിയാണേ
ഒരു സത്യം ഞാന്‍ പറയാം.ഈ ലേഖനങ്ങള്‍ വായിച്ചിട്ട് ഒരുത്തന്‍ പോലും ബ്ലോഗിംങ്ങിന്റെ ഏഴയലോക്കത്ത് വരത്തില്ല.... ആരയൊക്കയോ തോല്‍പ്പിക്കാനായിട്ട് തട്ടിക്കൂട്ടിയ
ഒരു പതിപ്പായി പോയി ഇത്.എഡിറ്റര്‍-ഇന്‍-ചാര്‍ജ് ശ്രി.കെ.സി.നാരായണന്‍ ഇതെങ്ങാണം
വായിച്ച് നോക്കിയിട്ടുണ്ടാവുമോ ?ഭാഷാപോഷ്ണി തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം

തറവാടി said...

വായിക്കണം :)

കണ്ണൂരാന്‍‌റ്റെ ലേഖനത്തില്‍ നിന്നും ആശാസ്യകരമല്ലെന്ന് കരുതുന്നു.

Unknown said...

ഭാഷാപോഷിണി വായിക്കാന്‍ കഴിഞ്ഞിട്ടില്ല . എന്നാല്‍ കണ്ണൂരാന്റെ വസ്തുനിഷ്ടമായ വിശകലനത്തില്‍ നിന്നും ബ്ലോഗ് പതിപ്പിന്റെ നിലവാരത്തെക്കുറിച്ച് ഒരേകദേശധാരണ ലഭിച്ചതിനാല്‍ വായിക്കണമെന്ന് തോന്നുന്നുമില്ല. ഏതായാലും ഇതിന് മുന്നേ തന്നെ മാതൃഭൂമി ബ്ലോഗ് പതിപ്പ് പ്രസിദ്ദീകരിച്ചത് ബ്ലോഗിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയായത് ആശ്വാസകരം തന്നെ .
നല്ല പോസ്റ്റ് കണ്ണൂരാനേ .. ആശംസകള്‍ !

വേണു venu said...

ഭാഷാ പോഷിണിയുടെ ബ്ലോഗു പതിപ്പു് വായിക്കാന്‍ കഴിഞ്ഞില്ല. ഉള്ളടക്കം എന്താണെന്നു് ഏകദേശം മനസ്സിലാക്കി തന്ന കണ്ണൂരാനു് നന്ദി.:)

nariman said...

പി. പി. രാമചന്ദ്രന്‍, സി.എസ്.വെങ്കിടേശ്വരന്‍, ഇ.പി.രാജഗോപാലന്‍ എന്നിവര്‍ വെറും pseudo intellectuals(വ്യാജ ബുദ്ധിജീവികള്‍) ആണെന്നാണ് എനിക്കു തോന്നിയത്.മലയാള ഭാഷ പോലും മര്യാദയ്ക്കെഴുതാന്‍ അറിയാത്തവര്‍.

Anonymous said...

അതു വാങ്ങി എന്റെ 12 രൂപ പോയി....



പുതുതായി ഒന്നും ഇല്ലെന്നേ......

യാരിദ്‌|~|Yarid said...

എന്റെ കാശും പോയി. ബ്ലോഗിനെ അങ്ങു ഉയര്‍ത്തിക്കൊണ്ടുവരുവാനൊന്നുമല്ല മനോരമയുടെ ശ്രമം. പക്ഷെ ബ്ലൊഗിനെ ഇനിയും അവഗണിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കണം ഭാഷാപോഷിണിയില്‍ ഇത്തരമൊരു ലേഖനം ഇടാന്‍ മനോരമയെ പ്രേരിപ്പിച്ചതു...

Nishedhi said...

ഇങ്ങ്‌ ദില്ലി വരെ പോഷിണി എത്തിയിട്ടില്ല. ഇനി കണ്ണൂരാന്‍ പറഞ്ഞ സ്ഥിതിയ്ക്ക്‌ കുറച്ച്‌ സമയം ലാഭിയ്ക്കാം!

asdfasdf asfdasdf said...

മനോരമ പണ്ടേ ബ്ലോഗിനെതിരാണ്. അവരുടെ ചാവേറുകള്‍ ചവറുകളെഴുതി ബ്ലോഗില്‍ അരങ്ങുതകര്‍ക്കൂന്നത് എന്തിനാണെന്ന് മനസ്സിലാവാന്‍ സാമാന്യബുദ്ധിമതിയാവും.

ബ്ലോഗ് വാരഫലം ഉമേഷിന്റെയായിരുന്നോ. യു.എ.ഇയില്‍ നിന്നുള്ള ചിലരുടെയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതോ വേറേ ആരുടെയെങ്കിലുമാണോ ? ഏതായാലും വാരഫലം ചില സാമിമാരുടെ പോലെയാണ്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ശ്രദ്ധപിടിച്ചുപറ്റും. വന്ന വഴിക്ക് പോവുകയും ചെയ്യും. ബ്ലോഗിലെ കൂ‍ട്ടായ്മകളും ഇതുപോലെയൊക്കെ തന്നെയാണ്.

ഇട്ടിമാളു അഗ്നിമിത്ര said...

പി പി രാമചന്ദ്രന്റെ ലേഖനം മുഴുവന്‍ വായിച്ചപ്പൊഴാ ഇങ്ങനെയും മലയാളം വാക്കുകള്‍ ഉണ്ടെന്നറിഞ്ഞത്.. അതിന്റെ ഒക്കെ അര്‍ത്ഥം കൂടി ഒപ്പം കൊടുത്തിരുന്നെങ്കില്‍ നന്നായേനെ അല്ലെ..?

മേനോനെ.. ആ ലിങ്കില്‍ ഒന്ന്നു ക്ലിക്കി നോക്കു...

asdfasdf asfdasdf said...

ഏത് ലിങ്ക് ?
http://varafalam.blogspot.com/
http://blogvaraphalam.blogspot.com/
http://boolokavarafalam.blogspot.com/
http://shihab-anchal.com/

Areekkodan | അരീക്കോടന്‍ said...

ഭാഷാപോഷിണി വായിക്കാന്‍ സമയം കിട്ടാത്തതിനാല്‍ വാങ്ങിയില്ല(അല്ലെങ്കിലും അത്‌ അത്ര കണ്ട്‌ പണ്ടേ ദഹിക്കാറില്ല).നന്നായി അല്ലേ ബാബൂ....നന്ദി

കണ്ണൂരാന്‍ - KANNURAN said...

അഭിപ്രായങ്ങള്‍ക്കു നന്ദി.
ദേവന്‍ ചെയ്തതു ശരിയായെന്നു തെളിഞ്ഞു :)
കുട്ടന്‍ മേനോനെ ഈ ആര്‍ട്ടിക്കിളില്‍ രാജഗോപാലന്‍ പറയുന്നത് ഉമേഷിന്റെ വാരഫലത്തെ തന്നെയാനെന്നതു ഉറപ്പാണ്. അക്ഷരതെറ്റുകളെക്കുറിച്ചെഴുതിയിരുന്നത് ഉമേഷായിരുന്നുവല്ലൊ. അതിന്റെ ലിങ്ക് അവിടെ ഞാന്‍ കൊടുത്തിട്ടുണ്ടായിരുന്നു.

Visala Manaskan said...

:(

ushateacher said...

ഭാഷാപോഷിണിയില്‍ നിന്നും കണ്ണൂരാന്‍ വലിയ കാര്യങ്ങള്‍ പ്രതീക്ഷിച്ചതു തന്നെയാണ് തെറ്റായിപ്പോയത്.അത് മലയാളമനോരമയുടേതല്ലേ?എന്നും പുതുമയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഭാവിച്ചു കൊണ്ട് അതിനെ നിരുത്സാഹപ്പെടുത്തുകയല്ലേമനോരമ ചെയ്തു വരുന്നത്.

Unknown said...

ഭാഷാപോഷിണിയിലെ ലേഖനങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ KBA ബ്ലോഗില്‍ വായിക്കുക !

കാഴ്‌ചക്കാരന്‍ said...

കണ്ണൂരാന്റെ വിശകലനം നന്നായി.
സാഹിത്യത്തിലെ ദുര്‍ഗ്രഹതയായിരുന്നു പണ്ടേ ഈ സാഹിത്യ മാസിക കൈകാര്യം ചെയ്‌തിരുന്നത്‌. ആ ഒരു രീതി ഇപ്പോഴും അവര്‍ അവലംബിക്കുന്നു എന്നു മാത്രം. അതിലപ്പുറം എന്തു പ്രാധാന്യം.

NITHYAN said...

കടലാസു മുതലാളിയുടെ ടേസ്‌റ്റ്‌ ബഡ്‌സിനുള്‍്‌ക്കൊള്ളാവുന്നതുമാത്രം നിര്‍ത്തി ബാക്കി കട്ടുചെയ്‌തുവിട്ടോളാനും ഭാവനയ്‌ക്കനുസരിച്ച്‌ ചമച്ചോളാനും എഡിറ്റനു സമ്മതം മൂളി നട്ടെല്ലുവളച്ച്‌ വയറ്റുപ്പിഴപ്പിനായി വല്ലതും പടച്ചുവിടുന്നവര്‍ കുരയ്‌ക്കട്ടെ.
വരികേണ്ടയിങ്ങോട്ടൊരു കുടം താറുമായ്‌
ബൂലോഗ ഭിത്തിയില്‍ താറടിക്കാന്‍ (എം.ഗോവിന്ദനുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ മൂപ്പര്‍ നമ്മളെ ദശകങ്ങള്‍ക്കുമുന്നേ അനുകരിച്ചതാവാനേ വഴിയുള്ളൂ)