Wednesday, May 21, 2008

ഇട്ടിയും കോലും

ചങ്ങാതിമാര്‍ കൂട്ടുകൂടി കള്ളുകുടിക്കുമ്പോഴാണ് ആ ചിന്ത പൊട്ടിവീണത്. ചെറുപ്പത്തില്‍ കളിച്ച പല കളികളും ഇന്നു കാണാനില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ മധ്യവേനലവധിക്കാലത്ത് രാവിലെ മുതല്‍ തുടങ്ങും, ഇട്ടിയും കോലും കളി (കുട്ടിയും കോലും). ഉച്ചക്ക് ചോറുണ്ണാനൊരോട്ടം, 10 മിനിട്ടിനകം വീണ്ടും തിരിച്ച് അമ്പലപ്പറമ്പിലേക്ക്. ഇടക്കിടെ കളികള്‍ മാറിക്കൊണ്ടിരിക്കും, കോട്ടി കളി (ഗോലി), പന്തുകളി, കണ്ടേറ് അങ്ങിനെ കളികള്‍ക്കൊരു ക്ഷാമവുമുണ്ടായിരുന്നില്ല അക്കാലത്ത്. ഒന്നു മടുക്കുമ്പോള്‍ മറ്റൊന്നിലേക്ക് മാറും.

ബഹറിനില്‍ നിന്നും അവധിക്ക് നാട്ടില്ലെത്തിയ അമ്പാസ്കയും, ചക്കരയും, ഓയില്‍ റിഗ്ഗില്‍ ജോലി ചെയ്യുന്ന അക്കുസോട്ടയും, നാട്ടില്‍ തന്നെ ഡ്രൈവറായ പൊടീഷും ഒക്കെ ഓര്‍മ്മകളിലൂടെ ഒരു മടക്കയാത്ര നടത്തി. (ഈ പേരുകള്‍ കേട്ടത്ഭുതപ്പെടേണ്ടതില്ല, ഈ നാട്ടിലങ്ങിനെയാ, എല്ലാര്‍ക്കും ഏറ്റവും കുറഞ്ഞത് 2 പേരെങ്കിലും കാണും.. പലരും സ്വന്തം പേരിനേക്കാളധികം അറിയപ്പെടുന്നത് ഇക്കട്ട പേരിലാണ് (കുറ്റപ്പേര്‍).. )

ഇപ്പോഴത്തെ പിള്ളേരെല്ലാം ക്രിക്കറ്റിന്റെ പിന്നാലെയാ.. അവര്‍ക്ക് ഇട്ടിയും കോലുമെന്താണെന്നറിയില്ല, നമ്മൊക്കൊരു കൈ നോക്കിയാലോ? ഇക്കസോട്ട പിന്നെ താമസിച്ചില്ല, നല്ലൊരു കാഞ്ഞിരത്തിന്റെ കമ്പു തപ്പി നടപ്പായി.

നല്ലൊരു കമ്പു കണ്ട്പ്പോള്‍ പൊടീഷുഷാറായി, കത്ത്യാളെടുത്ത് (വെട്ടുകത്തി) ചെത്തി വൃത്തിയാക്കാന്‍ തുടങ്ങി.

പത്തു മിനുട്ട് നേരത്തെ അധ്വാനം.

ഇട്ടീം കോലും റെഡി, പക്ഷെ കളിക്കാനാളു വേണ്ടെ?

കാണുന്ന നാട്ടുകാരെന്തു പറയും എന്നായിരുന്നു പലരുടെയും ചിന്ത, കുറേ പേര്‍ ചുറ്റുമതിലിരിപ്പായി, അഞ്ചാറു പേര്‍ കളിക്കാന്‍ തയ്യാറായി.

അധിക നേരം കഴിയും മുന്‍പു തന്നെ, നോക്കിയിരുന്നവരിലോരോരാളായി കളിക്കളത്തിലിറങ്ങി. ശരിക്കും ഒരു മടക്കയാത്ര, ബാല്യകാലത്തേക്ക്. പ്രായം മറന്ന്, മറ്റെല്ലാം മറന്ന് കുട്ടികളായി.

വലിയവര്‍ കളി മതിയാകിയപ്പോള്‍ പമ്മി പമ്മി നിന്നിരുന്ന ജൂനിയര്‍മാര്‍ രംഗത്തെത്തി.പതുക്കെ കളി തുടങ്ങി.
വെയിലേറിയപ്പോള്‍ കളി, ആലിന്‍ തണലിലേക്ക് കളി മാറി.

പിന്നെ ജൂനിയര്‍മാര്‍ കളി നിര്‍ത്തിയപ്പോള്‍ ‘പൊടികള്‍‘ കളിയേറ്റെടുത്തു. അങ്ങിനെ ഇട്ടീം കോലിനു പുനര്‍ജന്മം....

ഫോട്ടോ എടുത്തത് ചോട്ട, മൊബൈലില്‍..

39 comments:

കണ്ണൂരാന്‍ - KANNURAN said...

ഇട്ടിയും കോലും, ഓര്‍മ്മകളിലൂടെ ഒരു മടക്കയാത്ര..

യാരിദ്‌|~|Yarid said...

ഇതിനെ നമ്മുടെ നാട്ടിലൊക്കെ കുറ്റിയും കോലും കളിയെന്നാണു പറയുന്നതു. പണ്ടു സ്കൂളില്‍ പഠിച്ചിരുന്ന സമയത്തെപ്പോഴൊ കളിച്ചിരുന്നു,. ഇപ്പൊ കളിയുമില്ല ഒന്നുമില്ല.

നന്നായി വിവരണവും ഫോട്ടൊയും..:)

ഇട്ടിമാളു said...

ഇട്ടി എന്നു കണ്ടപ്പൊ എന്നെ കുറിച്ചാണോ ന്ന് അറിയാനാ ഓടിവന്നെ..

ഞാനും കുറെ കളിച്ചിട്ടുണ്ട്.. കുട്ടിയും കോലും..

കുഞ്ഞന്‍ said...

ഒരു മടക്കയാത്രയില്‍ ഞാനും സഞ്ചാരിയായി.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് ക്രിക്കറ്റ് ഫുട്ബാള്‍ വോളിബാള്‍ കം‌പ്യൂട്ടര്‍ ഗെയിം എന്നിവയല്ലാതെ നാടന്‍ കളികള്‍ വല്ലതുമറിയൊ... പഠിപ്പും ടി വി കാണലും കഴിയുമ്പോള്‍ എവിടെ സമയം?

Areekkodan | അരീക്കോടന്‍ said...

ബാല്യത്തിലേക്കുള്ള ആ മടക്കയാത്ര ഹൃദ്യം.....എന്താ അവിടെ ഈ കളിയും യൂനിഫോമിട്ടാണോ?എല്ലാവര്‍ക്കും ഒര്‌ കാവി മുണ്ട്‌?

ശ്രീ said...

നല്ലൊരു മടക്കയാത്ര തന്നെ മാഷേ. മാത്രമല്ല, പുതിയ തലമുറകള്‍ക്ക് നിങ്ങളുടെ കളി ഒരു പ്രചോദനവുമായല്ലോ.
:)

കാവലാന്‍ said...

കളി തൊടങ്ങ്യോ ഞാനൂണ്ടേയ്......

പ്രസാദ് said...

ഞാനും എല്ലാം മറന്നു എയ്ക്ക്‌ ശാന്തി മുട്ടി കോട അച്ച്‌ ... പിന്നെ ഇതാരോക്കെ ആണ് കളിക്കുന്നത് ആണ്ടവന്‍ , പോടീഷ് , അപ്പച്ചി , അമ്മായി നികേഷ്‌ , കുണ്ടന്‍ ഗോപാലേട്ടന്‍ , ബെരയന്‍ , അച്ചില്‍ .. പിന്നെ ബിചോര്‍മ്മനും ചുക്കനും എന്താ നോക്കി നില്‍ക്കുന്നത്‌ അവരെ കൂട്ടിയില്ലേ അടിചോന പിടിചോന്‍ പാടിയോ............

വെള്ളെഴുത്ത് said...

ഇട്ടി എന്ന സ്ത്രീ നാമം എങ്ങനെ വന്നു ഈ പുരുഷന്മാരുടെ കളിയില്‍? അത് ‘കുട്ടി’ യായിരുന്നു നമുക്കിവിടെ (യാരിദിന്റെ ‘കുറ്റി’യല്ല) ‘ഒരു നീണ്ട കോലും അതിന്റെ കുട്ടിയും!‘ സങ്കല്‍പ്പം തന്നെ എത്ര കാവ്യാത്മകം...! പിന്നെ ആ തണലന്‍ പ്രദേശങ്ങള്‍ കണ്ടിട്ട് പിരാന്ത് പിടിക്കുന്നു.. ഇപ്പോഴുമുണ്ടോ വലിയമരങ്ങളുടെ തണല്‍ വീണു കിടക്കുന്ന തുറസ്സുകള്‍ കേരളത്തില്‍?

യാരിദ്‌|~|Yarid said...

വെള്ളെഴുത്ത് മാഷെ, “കുട്ടി“ എന്നുദ്ദേശിച്ചതു “കുറ്റി“ എന്നായിപ്പോയതാണ്. അഷ്കര പിശാച് കൂടിയാല്‍ പിന്നെ എന്തു ചെയ്യാന്‍ സാധിക്കും..:(

പി.അനൂപ് said...

പൊതുവേ കുട്ടിയും കോലും എന്നറിയപ്പെടുന്ന കളി അല്ലേ ഇത്? മലയാളം വിക്കിപീഡിയയില്‍ ഇതിനെ പറ്റി ഒരു ലേഖനം ഉണ്ട്. ഇതാ ഇവിടെ
ഇട്ടിയും കോലും

Dinkan-ഡിങ്കന്‍ said...

കുട്ടിയും കോലും, കുറ്റിയും കോലും, ചൊട്ടയും മണിയും എന്നീ പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും “ഇട്ടി”ക്കോമ്പിയെ ആദ്യാണ് കേള്‍ക്കണത്.

ഒന്ന് ചൊട്ട
രണ്ട് കാള
മൂന്ന് കുട്ടുംകൈയ്യ്
നാല് നാരായം
അഞ്ച് മഞ്ച
ആറ് ആനപ്പുറം
ഏഴ് കോഴിക്കാല്
എട്ട് മട്ട
ഒമ്പത് ഓ(ഹോ)മക്കുറ്റി

അടിക്കുമ്പം കുട്ടിമാത്രേ തെറിച്ച് പോകാവൂ കോല്(ചൊട്ട) തെറിച്ച്/കൈവിട്ട് പോയാല്‍ എതിര്‍ ടീമിന് കിട്ടിയാല്‍ നമ്മുടെ ടീമിന്റെ കളി അവിടെ നില്‍ക്കും. “ചൊട്ടപിടുത്തം” എന്ന് പേര്. അതു പോലെ അടിച്ച് തെറിക്കുമ്പൊള്‍ (എഡ്ജ് എടുത്ത്) കുട്ടി കുഴിയുടെ പുറകില്‍ വീണാല്‍ പിന്‍‌ചൊട്ട ആയി; കളിക്കുന്നവന്റെ ഊഴം തീര്‍ന്നു.

കുനിഞ്ഞ് നിന്ന് കുഴിയിലേക്ക് കോലളവ് എടുക്കുമ്പോള്‍ കൂടെ ഒരുത്തന്‍ അളവ് നോക്കാന്‍ കാണും, കള്ളയളവ് എടുത്താല്‍ ദുഷ്ടന്‍ നെടുമ്പുറത്ത് ഇടിക്കും.. അതാണ് കഷ്ടം.

“നീയൊന്നും ചൊട്ട(10)കേറില്ലെഡാ” എന്നാണ് പത്താംതരം പാസാകാന്‍ സാധ്യതയില്ലാത്തവരെ പറഞ്ഞിരുന്നത്.

“ചൊട്ടയിലെ ശീലം ചുടലവരെ” എന്നതിലെ ചൊട്ട എന്നത് ചെറുപ്പം ആണെന്ന് തിരിച്ചറിയുന്നത് ഈ കളികളിക്കുന്ന കാലവും കഴിഞ്ഞാണ്.

ചെറുപ്പത്തിലിത് ഇത് കളിക്കുമ്പോള്‍ വീടിന് അടുത്തുള്ള ഒറ്റക്കണ്ണന്‍ അച്ചുണ്ണിയെ കാണിച്ച് അമ്മ പറയും “കണ്ടോ അയാള് ചെറുപ്പത്തില്‍ ഇത് കളിച്ച് കുട്ടി കണ്ണില്‍ കൊണ്ട് ഒറ്റക്കണ്ണനായതാണ്”.

ഓഫ്.ടോ
കണ്ണൂരാനേ, ചിത്രങ്ങളില്‍ ഒരു പാട് (വസ്ത്ര)രാഷ്റ്റ്രീയം ഒളിഞ്ഞിരിക്കുന്നുണ്ട്. കളിക്കിടയില്‍ ഫൌള്‍ ആയതിനാല്‍ പറയുന്നില്ല :)

Dinkan-ഡിങ്കന്‍ said...

*മൂന്ന് മുട്ടുംകൈയ്യ്

ശ്രീലാല്‍ said...

കലക്കന്‍ പോസ്റ്റ് !!! ചോട്ടാ മൊബൈലില്‍ എടുത്തതായാലും ചിത്രങ്ങളും ഉഗ്രന്‍.

ഇട്ടീം കോലും കളി എനിക്ക് അറിയില്ല.. ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട് എങ്കിലും. ഞാനൊക്കെ കളി തുടങ്ങിയപ്പൊഴേക്കും ക്രിക്കറ്റ് എത്തിയിരുന്നു നാട്ടില്‍. എന്നാലും കോട്ടിയും കിളിയും ചെറുപ്പത്തില്‍ കളിച്ചിട്ടുണ്ട്. പിന്നെ കബഡിയും ഒരു ആവേശമായിരുന്നു.

കളി അറിയാത്തവര്‍ക്ക് വേണ്ടി കളിക്കുന്നതെങ്ങനെ യെന്നും അതിന്റെ നിയമങ്ങള്‍ എന്തൊക്കെയെന്നും കൂടി എഴുതിച്ചേര്‍ത്തൂടെ ? ഭാവിയില്‍ ആര്‍ക്കെങ്കിലും, ഏതെങ്കിലും കുട്ടികള്‍ക്ക് ‘പുരാതന കേരളീയര്‍‘ കളിച്ച ഇമ്മാതിരി കളികള്‍ കളിക്കാന്‍ തോന്നിയാലോ ? ഉപകാരപ്പെടും. ഒരു ഗ്രൂപ്പ് ബ്ലോഗിനു തന്നെ സാധ്യതയുണ്ട് അല്ലെ ? കിളി, അപ്പം ബാരല്‍, കൊത്തംകല്ല്, കോട്ടി.. അങ്ങനെ എല്ലാം.

പിന്നെ ഒന്ന് രണ്ട് കാര്യങ്ങള്‍.

1. മുന്‍പൊരിക്കല്‍ ഞണ്ട് പിടുത്ത പരീക്ഷണങ്ങള്‍ എന്ന അടിപൊളി പോസ്റ്റിട്ട പ്രസാദ് ഉടന്‍ അടുത്ത പോസ്റ്റ് ഇടേണ്ടതാണ്.

2. ബാക്കിയുള്ള ആളുകളുടെയെല്ലാം എക്കിട്ടപ്പേര് പറഞ്ഞതിനാല്‍ കണ്ണൂരാന്റെയും എക്കിട്ടപ്പേര് ഉടന്‍ പുറത്ത് പറയേണ്ടതാണ്. പറയുന്നതാണ് നല്ലത്.. എനിക്ക് വെറുതേ പണിയുണ്ടാക്കരുത്.. ആ വഴി ഒന്ന് കറങ്ങിയാല്‍ കിട്ടുന്നതേയുള്ളൂ.. :) ( പ്രസാദേ, ഇങ്ങള് ചങ്ങായിമാരല്ലേ, ഒന്ന് പറയപ്പാ..)


മുന്‍പൊരിക്കല്‍ ശ്രീനാഥ് ഇട്ട കൊട്ടത്തോക്കിന്റെ രഹസ്യം എന്ന പോസ്റ്റും എനിക്ക് ഇതുപോലെ ഇഷ്ടപ്പെട്ട ഒന്നാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുട്ടിക്കാലത്ത് അമ്പലമൂറ്റത്തും ആലിഞ്ചുവട്ടിലുമൊക്കെ കൊട്ടിയും കോലും കളിച്ചിട്ടുണ്ട്. പിന്നെ, ഗൊട്ടി കളിയും...

നാടന്‍ കളിയോളം വരില്ലല്ലോ മോഡേണ്‍ കളി

സതീശ് മാക്കോത്ത്| sathees makkoth said...

“ശരിക്കും ഒരു മടക്കയാത്ര, ബാല്യകാലത്തേക്ക്. പ്രായം മറന്ന്, മറ്റെല്ലാം മറന്ന് കുട്ടികളായി”

കണ്ണൂരാ‍നെ, ശരിക്കും കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി ഇത്.

വെള്ളെഴുത്ത് said...

ചാക്കുട്ട
ചാക്യമ്പ്രം
മുറുമുട്ടി
നാലുനട
അതീക്യം
ആറേങ്കി
കീളേഴ്സ്...
എന്നാണ് ഞങ്ങളുടെ എണ്ണല്‍.. അതു ഏഴുവരേയുള്ളൂ... സെവന്‍സ് ...സെവന്റീസ്...കീളെഴ്സിന് ഒരു ചീത്ത അര്‍ത്ഥം വന്നത് അങ്ങനെയാണ് ‘ഒടുക്കത്തെ...’ എന്ന്

Sujithkumar said...

this is wonderful,while reading it i actually felt that i am playing kuttiyum kolum with my friends ......it is really great especially the un/realistic photos

പൈങ്ങോടന്‍ said...

കണ്ണൂരാനേ,വ്യത്യസ്തമായ പോസ്റ്റും ചിത്രങ്ങളും.നന്നായിരിക്കുന്നു.
പിന്നെ കള്ള് ബാക്കിയുണ്ടെങ്കില്‍ ഇത്തിരി എനിക്കൂടി..അല്ലാ, വല്ലാത്തൊരു ദാഹം, അതോണ്ടാ

lakshmy said...

ഈ കളിയെ കുട്ടിയും കോലും എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. ഒരുപാട് കളിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. ഗോലി[കച്ച്] കളിയും കബടി, കോട്ട ഇവയൊക്കെയായിരുന്നു മറ്റു കളികള്‍

അല്ല, ഒരു സംശയം. കാവിമുണ്ട് നിങ്ങളുടെ ഗ്രാമത്തിന്റെ ‘ദേശീയ’വേഷമാണൊ?!!

keerakkaran said...

ന്നാന്‍ എല്ലാവര്‍ക്കും കൊണകം കൊടുക്കന്‍ പൊകുന്നു.......കാവിമുണ്ട് കൊഴപ്പ്പം.

കണ്ണൂരാന്‍ - KANNURAN said...

വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ കണ്ടപ്പോഴാണ് ഈ കളി കേരളത്തിലെല്ലായിടത്തും ഉണ്ടെന്നറിഞ്ഞത്. അനൂപിന്റെ വിക്കി ലിങ്കിനും നന്ദി. പ്രസാദ് പറഞ്ഞത് (ഡിങ്കനും വെള്ളെഴുത്തും എഴുതിയതു അവരവരുടെ നാട്ടില്‍ പറയുന്നത്) പോലെ അതൊക്കെ ഞാനും മറന്നു. ചെറുപ്പത്തില്‍ പേടിക്കൊടലനും സര്‍വ്വോപരി രോഗിയുമായതിനാല്‍ ഇത്തരം കളികളില്‍ പങ്കെടുക്കാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പുറമേ നിന്നു കണ്ടുള്ള പരിചയമേ ഉള്ളൂ ഈ കളിയുമായി. കളിയുടെ നിയമങ്ങളും മറ്റും സംഘടിപ്പിച്ച് ഈ പോസ്റ്റില്‍ തന്നെ ചേര്‍ക്കാന്‍ ശ്രമിക്കാം.

കാവിയാണ് പല കൂട്ടുകാരുടെയും പ്രശ്നം, അതിനിത്ര തലപുണ്ണാക്കേണ്ടതില്ല. ലക്ഷ്മി പറഞ്ഞതാണ് ശരി, ഞങ്ങടെ നാട്ടിന്റെ ദേശീയ വേഷം തന്നെ കാവിമുണ്ട്. നാട്ടിലെ ഒട്ടുമിക്ക ആളുകളും ഈ വേഷമാണ് ധരിക്കാറ്, ഞാനടക്കം (സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അടക്കം). വെള്ളമുണ്ടിന്റെയും, കൈലിയുടെയും പ്രയോജനം ഒരേ സമയം ചെയ്യും ഈ കാവി. അതല്ലാതെ സംഘപരിവാര്‍ ബന്ധമൊന്നും ഈ നാട്ടുകാര്‍ക്കില്ല. ഈ ചിത്രങ്ങളിലെ 90% ആളുകളും സി.പി.എം. കുടുംബങ്ങളിലെ അംഗങ്ങളാണ്. സംഘപരിവാരന്മാരെ ഈ നാട്ടിലോ തൊട്ടടുത്ത നാടുകളിലോ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല :)എന്റെ പഞ്ചായത്തിലെ മുഴുവന്‍ സീറ്റുകളും തുടക്കം മുതല്‍ ഇന്നേ വരെ സി.പി.എമ്മോ അവരുടെ സഖ്യകക്ഷികളോ മാത്രമേ നേടിയിട്ടുള്ളൂ....

ഒരു കാലത്ത് (1980കളില്‍) കോളജ് കാമ്പസുകളിലും, ക്ലാസുകളിലും കാവിമുണ്ടുടുത്ത് പോകാറുണ്ടായിരുന്നു, ഞാനും പോയിട്ടുണ്ട്. അന്ന് പരിഷത്തുകാരും കാവിയായിരുന്നു :)

തോന്ന്യാസി said...

ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്നു..........

Noti Morrison said...

ഇട്ടിയും കോലും എന്നത് കുട്ടിയും കോലും തന്നെ അല്ലെ? പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടിക്കാലം ഓര്‍മ വന്നു.

മലയാളത്തില്‍ കമന്റ് ഇടാന്‍ ഗൂഗിള്‍ ലിങ്ക് തന്നു സഹായിച്ചതില്‍ വളരെ നന്ദി ഉണ്ട്.

നിത്യന്‍ said...

ഫോട്ടോഗ്രാഫ്‌സ്‌ ആര്‍ ദ ഫ്രോസണ്‍ മൊമന്റ്‌സ്‌ ഓഫ്‌ ദ പാസ്റ്റ്‌ എന്നെവിടെയോ വായിച്ചിട്ടുണ്ട്‌. നല്ല ഓര്‍മ്മകള്‍ളും അതുപോലെയാണ്‌. അല്ലേ കണ്ണൂരാന്‍. എന്തായാലും ആ കുപ്പിക്കള്ള്‌ ഒരു വല്ലാത്ത പ്രലോഭനമായി പിന്നെ പ്രകോപനമായി.......

sowgath said...

I remembered these words.. dont know by whom...

He who checks a child with terror,
Stops its play, and stills its song,
Not alone commits an error,
But a great and moral wrong.
---------------------------
Thanks...I just realised .. Iam still very much a child at HEART.

മൈന said...

അമ്മേ..ഇതു കണ്ടപ്പോ അന്തം വിട്ടുപോയി. ഈ കളി തിരിച്ചുകൊണ്ടുവന്നതിന്‌ .എഴുതാന്‍ തോന്നിയ കണ്ണൂരാനും നന്ദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ തമ്പുരുവില്‍ മധുരമാം കാലത്തിലേയ്ക്കൊരു തിരിച്ചുപോക്കായിരുന്നു മാഷെ ഈ വിവര്‍ത്തനം,
ഞാനും ഒന്ന് പോയി മാഷെ എന്റെ കൌമാരത്തിന്റെ സുവര്‍ണ്ണകാലത്തിലേയ്ക്ക് അമ്പലമുറ്റവും ആല്‍തറയും അരയാലില്‍ കൊമ്പും..പകലായ് കുയിലുകള്‍ പാടിയിരുന്ന ആ ആല്‍ത്തറയും..
ഹൊ സുഖമുള്ള ഓര്‍മ്മകള്‍ മാഷെ ഓര്‍ക്കുവാനും ഓമനിയ്ക്കുവാനും സുഖമുള്ള നോവുകള്‍..

വക്രബുദ്ധി said...

എന്റെ കണ്ണൂരാനേ, ഗംഭീകരം....!
രണ്ടു മൂന്നു വര്‍ഷം മുമ്പോരു ദിവസം ഇടുക്കിയിലെ ഏന്റെ വിദ്യാലയമായ നെടുങ്കണ്ടം എം. ഇ. എസ്‌ കോളജില്‍ ചെന്നപ്പോള്‍ ഞാനിതേ കാഴ്‌ചകണ്ടു. അവിടെ കുറെ പിള്ളേര്‌ സെറ്റ്‌ കുട്ടിയും കോലും കളിക്കുന്നു. ഞാനന്തം വിട്ടുപോയി. ആണും പെണ്ണുമുണ്ട്‌. പെണ്‍കുട്ടികള്‍ക്കു പ്രവേശനമില്ലാത്ത ക്രിക്കറ്റിന്റെ മോന്തക്കിട്ടാണ്‌ അവരെറിയുന്നത്‌!
കോളജിനെപ്പറ്റി ഞാനന്നു ജോലിചെയ്‌തിരുന്ന പത്രത്തിന്റെ ടാബ്‌ളോയ്‌ഡ്‌ സപ്‌ളിമെന്റിന്‌ ഒരു ഐറ്റം തയ്യാറാക്കാന്‍ ചെന്നതായിരുന്നു. ഇതുതന്നെ കാച്ചി. ഒന്നാം പേജില്‍ പടം വച്ച്‌ ഒരു വീശുവീശി.
കുട്ടിയും കോലും, കിളിത്തട്ട്‌, വട്ടുകളി(ഗോലി) തുടങ്ങിയ നാടന്‍ കളികളുടെ നിയമങ്ങള്‍ അറിയാവുന്നവര്‍ അതു പറഞ്ഞുതന്നാല്‍ നമുക്കതു അച്ചടി മാധ്യമത്തിലും പ്രസിദ്ധീകരിക്കാം. ഒപ്പം ആരെക്കൊണ്ടെങ്കിലും ഒരവധിക്കാല കോച്ചിംഗ്‌ പരിപാടി വരുന്ന വേനലവധിക്കെങ്കിലും സംഘടിപ്പിക്കുകയും ചെയ്യാം...

nisha..... said...

ഓര്‍മ്മകളിലെക്കൊരു മടക്കയാത്ര
ഞാനും കളിച്ചിട്ടുണ്ട് ഈ കളി
പക്ഷെ ഇനിയുള്ള കുട്ടികള്‍ ഈ പേരു പോലും കേട്ടിട്ടുണ്ടാകില്ല ......

നിധിന്‍ ജോസ് said...

കാഴച്ചകള്‍ ഇഷ്ടപ്പെട്ടു. നാടന്‍ വഴികളിലൂടെ സഞ്ചരിച്ചപോലെ ......

Arjun said...

valliyavarenthe pettannu kalli nirthiyathu....bakki kallu kudikan poyyoo....

കുഴൂര്‍ വില്‍‌സണ്‍ said...

നല്ല ഒരു ഗ്രാമം

ചുമട്ടുകാരൻ said...

തൃശ്ശൂര് ചെന്നാ വടക്കുംനാഥനെ കാണാതെ മടങ്ങാനാവോ? .... അതുപോലാ ബ്ലോഗില് വന്നാ കണ്ണൂരാനെ കാണാതെ തിരിക്കുന്നത് ശര്യാവോ?... ഒട്ടൂല്ലാ.. സാറിന്റെ പുസ്തകം വാങ്ങി, വായിച്ചു, തൊടങ്ങീ അങ്ങ്ട് പ്രയോഗം.. ശരിയാവോ ആവോ? ദ്രോണാചാര്യരുടെ പ്രയോഗങ്ങള് കേട്ട് പടിച്ച ഏകലവ്യനെപ്പോലെ... ഒരു സംശയം.. പെരുവിരല്..... വേണ്ടിവരോ..ആവോ? തൊടക്കത്തില് ചെല അരിഷ്ടതകൾ ഒണ്ട്.. സാവധാനം ശരിയാവും എന്നാ പ്രതീക്ഷ.. ഞാനൊരു ചുമട്ടുകാരൻ മാത്രമാണേ.. തൽക്കാലം ഞാനെന്റെ ചുമടുമായി പോകട്ടെ ... വീണ്ടും കണ്ടുമുട്ടും വരെ വിട കണ്ണുരാൻ സാറെ... നമസ്കാരം.......

mouse said...
This comment has been removed by the author.
mouse said...

SIVA!SIVA! ENDHA EEE KANNUNADHU! IDHU NAMMUDE KUTTIYUM KOLLUM KALI ALLE! MUDHIRNNAVAR THANE KUTTIKALKKU MADRUKA AVATTE.EE KALI VEEDUM KALICHA AA CHETTANMARKKUM PINNE ADHU POST CHEYAN THONIYA KANNOORANUM ORAYIRAM NANDHI.....ORAYIRAM NANDHI.

B. S. Rahman (Br. Balasubrahmaniam) said...
This comment has been removed by the author.
B. S. Rahman (Br. Balasubrahmaniam) said...
This comment has been removed by the author.
ബാലസുബ്രഹ്മണ്യം കേശവന്‍ (Balasubrahmanian Kesavan) said...

മൊബൈല്‍ ചോട്ടയായാലെന്താ പടങ്ങളൊക്കെ പടംപിരടുത്ത തൊഴിലാളികളുടേതിനോട് കിടപിടിക്കുന്നതാണ്

-ബാലു പാലക്കുളം.