Wednesday, August 20, 2008

കേളിപാത്രം



ഓര്‍മ്മ ഒരു പൊട്ടക്കിണറുപോലെയാണെനിക്ക്. അതിലെത്തിനോക്കാന്‍ വല്ലാത്ത പേടിയാണ്. എങ്കിലും വളരെ അപൂര്‍വ്വമായി ആ പൊട്ടക്കിണറ്റിലെത്തിനോക്കാറുണ്ട്.

ആദ്യ ഓര്‍മ്മ എന്താണ്? കുട്ടിക്കാലത്തെ ഓര്‍മ്മകളെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. സമയ സൂചികള്‍ നഷ്ടപ്പെട്ടവയാണ് മിക്കവയും. പലതും കൂടിക്കുഴഞ്ഞിരിക്കുമെങ്കിലും ചിലതിന്റെ തെളിച്ചം വല്ലാതെ എന്നെ വിസ്മയിപ്പിക്കാറുണ്ട്.

ഏറ്റവുമാദ്യത്തെ ഓര്‍മ്മ അച്ഛമ്മയുടെ കൈയ്യില്‍ തൂങ്ങി പെരുമഴ കാണുന്നതാണ്. ഉമ്മറത്തേക്കിറങ്ങാതെ പടിക്കകത്തു നിന്ന് കണ്ട ആ പെരുംമഴ ഇനിയും തോര്‍ന്നിട്ടില്ല!!

പിന്നെത്തെ ഓര്‍മ്മ എന്താണ്?

അടിയന്തിരാവസ്ഥയില്‍ അറസ്റ്റിലായിരുന്ന ഇളയച്ഛന്റെ തിരിച്ചു വരവോ, അതോ കേളിപാത്രമോ? തടിച്ച സോഡാകുപ്പി പോലുള്ള കണ്ണടയിട്ട കൂട്ടുകാരനെ ആദ്യം വീട്ടിലേക്കയച്ച്, പിന്നാലെ കയറിവന്ന മെലിഞ്ഞു വിളറിയ 20 വയസ്സുകാരനായ ഇളയച്ഛന്‍, ആരോടുമൊന്നുമുരിയാടാതെ മണികിലുക്കി വരുന്ന കേളിപാത്രം.. രണ്ടുപേരും എത്ര രാത്രികളില്‍ എന്റെ ഉറക്കംകെടുത്തിയില്ല.

കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഞാന്‍, ഞാന്‍ മാത്രമായിരിക്കില്ല എന്റെ നാട്ടിലെ കുട്ടികളെല്ലാവരും, ഭയന്നിരുന്നത് കേളീപാത്രത്തെയായിരുന്നു. ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്നും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കേളീപാത്രത്തിന്റെ വരവു മുടങ്ങിയിട്ടെത്ര വര്‍ഷമായെന്നെനിക്കറിയില്ല, പക്ഷെ ഇന്നും ആ മണിമുഴക്കം എന്റെ കാതുകളിലുണ്ട്. മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന പാഠവും പഠിപ്പിച്ചത് കേളിപാത്രം തന്നെ.

കണ്ണൂര്‍ ജില്ലയിലെ മിക്കവാറുമെല്ലാ പ്രദേശങ്ങളിലെ വീടുകളിലും മുന്‍‌കാലങ്ങളില്‍ കേളിപാത്രം ഭിക്ഷാടനത്തിനായെത്തും. അഴീക്കോട് ഭാഗത്തുള്ള യോഗി സമുദായത്തില്‍ പെട്ടവരാണ് എന്റെ നാട്ടില്‍ കേളിപാത്രത്തിന്റെ വേഷമണിയാറുള്ളത്. കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും മുക്തി നേടാനായി ശിവന്‍ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവന്‍ കപാലം ‘യോഗി’യെ ഏല്‍പ്പിച്ചുവെന്നുമാണ് വിശ്വാസം.

അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തില്‍ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേല്‍ ചുവന്ന പട്ടുടുക്കും. തലയില്‍ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യില്‍ ഭിക്ഷാപാത്രവും, വടിയും, മറ്റേക്കൈയ്യില്‍ മണി. വേഷമണിഞ്ഞു കഴിഞ്ഞാല്‍ ഉരിയാട്ടമില്ല. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാല്‍ ആളുകള്‍ താനേ വഴിമാറി കൊടുക്കും. മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. വീടുകളിലെത്തിയാല്‍ നാലു ദിക്കും നോക്കി, 3 വട്ടം വെക്കും. ഒരോ വട്ടമെത്തിയതിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തില്‍ അരിയിടും. തുടര്‍ന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക്, വെയില്‍ മൂക്കുന്നതിനു മുന്‍പു തന്നെ ഭിക്ഷാടനം നിര്‍ത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. ഒരാഴ്ചകൊണ്ടേ ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും തീര്‍ക്കാറുണ്ടായിരുന്നുള്ളു.

കേളിപാത്രത്തിന്റെ മണി ഇപ്പോള്‍ എന്റെ നാട്ടിൽ മുഴങ്ങാറില്ല, മണ്മറഞ്ഞു പോയ മറ്റു അനുഷ്ടാനകലകളിലൊന്നായി കേളിപാത്രവും. ഇന്നെവിടെയെങ്കിലും ഉണ്ടാകാറുണ്ടോ കേളിപാത്രം.??? നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

വര: ധനരാജ് കീഴറ
(ഈ പോസ്റ്റെഴുതുമ്പോള്‍ പലരോടും അന്വേഷിച്ചു കേളീപാത്രത്തിന്റെ ഒരു ഫോട്ടോയ്ക്കായി, എങ്ങു നിന്നും കിട്ടിയില്ല, ഒടുവില്‍ ഒരെണ്ണം വരക്കാന്‍ അനിയനോടു പറഞ്ഞു. അവന്‍ ഓര്‍മ്മയില്‍ നിന്നും വരച്ച കേളീപാത്രമാണ് മുകളില്‍.)

63 comments:

കണ്ണൂരാന്‍ - KANNURAN said...

ഓര്‍മ്മകളിലെന്നും ഭീതി വിതച്ച കേളീപാത്രം..

Anoop Narayanan said...

ഒരു ‘കണ്ണൂരാന്‍‘ തന്നെയാണു ഞാനെങ്കിലും ഈ സം‌ഭവത്തെ പറ്റി കേട്ടിട്ടേയില്ല. :(

യാരിദ്‌|~|Yarid said...

നല്ല അറിവുകള്‍ മാഷെ, കേട്ടിട്ടു പോലുമില്ല ഇങ്ങനെയുള്ള കാര്യങ്ങള്‍. ഇതു പോലുള്ളതെല്ലാം വരട്ടെ. ആ ഓര്‍മ്മയില്‍ നിന്ന് ഓരോന്നായി ചികഞ്ഞ് പുറത്തിടു..!

ശ്രീ said...

ആദ്യമായാണ് കേള്‍ക്കുന്നതു തന്നെ. ഈ അറിവ് പങ്കു വച്ചതിനു നന്ദി മാഷേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചെറുപ്പത്തിലെങ്ങാണ്ട് ഒരു മിണ്ടാത്ത സാമി മണിയുമടിച്ചോണ്ട് വന്നിരുന്നെന്ന് നേരിയ ഓര്‍മ്മയുണ്ട്.. പക്ഷേ ഇങ്ങനൊരു പേര് കേട്ടോ എന്നോര്‍ക്കുന്നില്ല. നാട്ടില്‍ പോയാല്‍ അച്ഛമ്മയോട് ചോദിച്ച് നോക്കട്ടെ...

Sharu (Ansha Muneer) said...

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആചാരത്തെക്കുറിച്ചറിയുന്നത്. പങ്കുവെച്ച അറിവിനും കുറച്ചെങ്കിലും അതിനെ കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിച്ച ചിത്രത്തിനും നന്ദി :)‌

NITHYAN said...

നന്നായിട്ടുണ്ട്‌ കണ്ണൂരാന്‍. ഞാന്‍ കേളീപാത്രം എന്ന പേരുതന്നെ കേട്ടിട്ടില്ല. എന്തായാലും പഴമയുടെ പ്രതീകമായ കേളീപാത്രത്തിന്‌ ചരിത്രത്തില്‍ ഒരിടം പുതുമയുടെ പ്രതീകമായ ബ്ലോഗില്‍തന്നെയാവട്ടെ. അഭിവാദ്യങ്ങള്‍. ഓര്‍മ്മകള്‍ ഇനിയുമുണ്ടായിരിക്കണം. ഓരോന്നായി പോരട്ടെ.

ഇട്ടിമാളു അഗ്നിമിത്ര said...

കേളീപാത്രം ?.. കേട്ടിട്ടെ ഇല്ലാട്ടൊ..!!

അതോണ്ട് അതിനെ കുറിച്ച് ഞാന്‍ എന്തു പറയാന്‍ ..

ഭാഷയിലൊരു മാറ്റമൊക്കെ ഉണ്ടല്ലൊ.. ഒരു നോസ്റ്റാല്ജിയ ..;).. കൊള്ളാം ട്ടൊ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കേളീപാത്രം പുതിയ അറിവാണ്.
ഓര്‍മ്മകളില്‍ നിന്നെടുത്തു വരച്ച ചിത്രം അതിന് ഒരു രൂപവും തന്നു

ശ്രീലാല്‍ said...

നല്ല പോസ്റ്റ്.
വേടനല്ലാതെ ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ടില്ല. നാട്ടില്‍ പോയാല്‍ ഒന്ന് അന്വേഷിച്ചുനോക്കാം.

പ്രസാദ് said...

oh എല്ലാവരും കേളിയാതം (കേളീപാത്രം) അറിയില്ല എന്ന് പറയുന്നു എന്റെ ഓര്‍മയില്‍ ഇപ്പോളും ആ പേടിയുള്ള ഓര്‍മ ഉണ്ട് .. ചിലപ്പോള്‍ ഒറ്റയ്ക്ക് കളിക്കുമ്പോള്‍ പുല്ലുമുട്ടായി മണി മുട്ടി വരുമ്പോള്‍ തന്നെ ഞാന്‍ ഓടി ഒളിക്കും കാരണം സാധാരണ മണിയും മുട്ടി വരുന്നത് കേളിയാത്രമാണ്. മുകത്തും ദേഹത്തും ഭസ്മം തേച്ചു വരുന്ന ആ രൂപം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല

Sarija NS said...

ഇതിലെ കുറച്ചു പ്രയോഗങ്ങള്‍ വല്ലാണ്ടിഷ്ടപ്പെട്ടു മാഷെ.

“ഓര്‍മ്മ ഒരു പൊട്ടക്കിണറുപോലെയാണെനിക്ക്“

“മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരം“

Appu Adyakshari said...

കണ്ണൂരാനേ, ഇതുവരെ കേട്ടുകേഴ്വിപോലുമില്ലാത്ത ഒരു കഥാപാത്രമായിരുന്നു ഇത്. ഇവിടെ പ്രസാ‍ദും കണ്ണൂരാനും പറയുന്നു ഇതൊരു ഭീതിവിതച്ച കഥാപാത്രമാണെന്ന്. എന്തുകൊണ്ടാണിത് എന്നു കൂടി പറയാമോ?

chithrakaran ചിത്രകാരന്‍ said...

അനിയന്റെ വരയും ഏട്ടന്റെ വിവരണവും അനുഗ്രഹമായി. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും,കഥാപാത്രങ്ങളും ഓര്‍ത്തെടുത്ത് സംരക്ഷിക്കുന്നത് നമുക്ക് നമ്മടെ നാടിനു നല്‍കാവുന്ന നല്ല കാര്യമാണ്. കേളീ പാത്രം എന്ന പേരും, ആ കഥാപാത്രത്തിന്റെ പ്രത്യേകതകളും വിചിത്രം തന്നെ !!
കൂടുതല്‍ വിവരങ്ങളും,ചരിത്ര-ഐതിഹ്യങ്ങളും,ഫോട്ടോയും ലഭിക്കുകയാണെങ്കില്‍ അതുകൂടി ചേര്‍ക്കണേ.

chithrakaran ചിത്രകാരന്‍ said...

ആ പിഞ്ഞാണത്തിന്റെ കഥ ഉപേക്ഷ കാണിക്കരുതേ...

ജിവി/JiVi said...

കേളീപാത്രം എന്ന പേര് കേട്ടതായി ഓര്‍ക്കുന്നില്ല.

വായിച്ചുകഴിഞ്ഞപ്പോള്‍ പണ്ട് വീട്ടില്‍ ഭിക്ഷക്കായി വരാറുള്ള പലവിധം രൂപങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

വീട്ടില്‍ ചോദിക്കണം. കണ്ണൂരാന് ഒരു ചെറീയ ഗവേഷണം നടത്തിക്കൂടെ?

കുറെക്കൂടി വിവരങ്ങള്‍ നമുക്ക് തന്നുകൂടെ, കേളീപാത്രത്തെക്കുറിച്ച്?

കണ്ണൂരാന്‍ - KANNURAN said...

അനൂപ്, കുട്ടിച്ചാത്തന്‍, നിത്യന്‍, ശ്രീലാല്‍, ജിവി: പല കണ്ണൂരാന്മാരും കേളിപാത്രത്തെ അറിയില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു പക്ഷെ നിങ്ങളൊക്കെ സ്കൂളില്‍ പോകുന്നതിനു മുന്‍പു തന്നെ ഈ ആചാരം നിന്നു പോയിട്ടുണ്ടാകും. എല്ലാരും ഓണത്തിനു നാട്ടില്‍ വരുമ്പോള്‍ ഒന്നു ചോദിച്ചു നോക്കൂ..

അപ്പു: കേളീപാത്രത്തെക്കുറിച്ചുള്ള എന്റെ സ്മരണകള്‍ വളരെ ചെറിയ പ്രായത്തിലുള്ളതാണ്. നമ്മുടെ നാട്ടിലെ തെയ്യങ്ങളും, വെളിച്ചപ്പാടുമൊക്കെ ആദ്യം രൌദ്രഭാവത്തിലാകുമെങ്കിലും അവസാനം അനുഗ്രഹം ചൊരിഞ്ഞ് സംസാരിക്കുക വാത്സല്യത്തോടെ ആയിരിക്കും. അതുകൊണ്ടു തന്നെ അവയെ ഒന്നും പേടിയില്ലായിരുന്നു. അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് കേളീപാത്രം, ഇതു ഒന്നും മിണ്ടില്ല, അതു തന്നെ മതി ഞങ്ങള്‍ കുട്ടികള്‍ക്ക് പേടിവരുത്താന്‍. അതാ ഞാന്‍ പറഞ്ഞത് സരിജ ക്വോട്ട് ചെയ്ത “മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരം“.

ജീവി: ഗവേഷണമൊന്നും എനിക്ക് വഴങ്ങില്ല,ഇങ്ങനെ ചിലതൊക്കെ കുത്തികുറിക്കുന്നുവെന്നു മാത്രം :)
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

രെജു said...

മലയാളം കംമ്പ്യൂട്ടിംഗി്ന്‍‍‍‍‍‍‍‍‍‍‍‍റെ ഭാഗമായി കണ്ണൂര്‍‍ ജില്ലയില്‍‍ അക്ഷയ സംഘടിപ്പിക്കുന്ന ജില്ലയിലെ ബ്ലോഗര്‍‍‍‍മാരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.താങ്കളുടെ സാനിധ്യം ഉണ്ടാകുമെല്ലോ
കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കാം

M A N U . said...

കേളീപാത്രത്തെക്കുറിച്ച്‌ ഇതിപ്പോള്‍ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌.ധനരാജിണ്റ്റെ ചിത്രം നന്നയിട്ടുണ്ട്‌. നന്ദി കണ്ണൂരാന്‍ നന്ദി ധനരാജ്‌

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കണ്ണൂരില്‍ വെട്ടും കുത്തും മാത്രമല്ല ഇത്തരത്തിലുള്ള പരിപാടികളും ഉണ്ടായിരുന്നു എന്നുള്ളത് ആദ്യ അറിവാണ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:കുരുമുളകും അരീം കൂടി മിക്സ് ചെയ്തിട്ടാ കേളീപാത്രത്തിനു കൊടുത്തോണ്ടിരുന്നത് എന്നൊരു ന്യൂസ് റിപ്പോർട്ട് കിട്ടീട്ട്ണ്ട്...

ഓഫ്: കേളീപാത്രത്തിനെ കണ്ടിട്ടേയില്ല എന്ന ഗ്രൂപ്പീന്ന് എന്റെ പേര് ഒഴിവാക്കണം. കണ്ട ആൾ ടെ പേര് അതു തന്നെയാണെന്ന് ഉറപ്പിച്ച് വരാംന്ന് ഞാൻ പറഞ്ഞതാ.. കൺഫേമാക്കി.(പേര് പക്ഷെ വീട്ടിലാർക്കും ഓർമ്മയുണ്ടായിരുന്നില്ല പക്ഷേ ഞാൻ പറഞ്ഞപ്പോൾ ഓർത്തു) അതേ മാതിരി പിന്നൊരു ആടിയേയും വേടനെയും പറ്റി പറയുവോ?

കണ്ണൂരാന്‍ - KANNURAN said...

കുട്ടിച്ചാത്താ ആ ഗ്രൂപ്പിൽ നിന്നും മാറ്റിയിരിക്കുന്നു :)
കുരുമുളകും അരീം മുളകും മിക്സ് ചെയ്താണ് നൽകിയതെന്നത് പുതിയ അറിവായി. നന്ദി. ആടീം വേടനും വിക്കിയിലുണ്ട്.. ഇതു നോക്കൂ..

ശ്രീലാല്‍ said...

ചാത്തനെ മാത്രം മാറ്റാന്‍ വരട്ടെ, കേട്ടിട്ടില്ല എന്നു പറഞ്ഞവരുടെ ഗ്രൂപ്പില്‍ നിന്നും എന്നെയും മാറ്റണം..അല്ലപ്പാ, ഇത് നമ്മളെ കേളീയാത്രല്ലേ ? ;)(ഇന്നലെയാണ് ഇതിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയത്).

എന്റെ അമ്മയുടെയും അച്ഛന്റെയും ഒക്കെ ചെറുപ്പത്തില്‍ കേളീയാത്രം വീടുകളില്‍ വരുമായിരുന്നെത്രേ. നീലിയാര്‍ കോട്ടത്തില്‍ നിന്നാണെത്രേ കേളീയാത്രം വീടായ വീടെല്ലാം മണിയും മുട്ടി മിണ്ടാതുരിയാടാതെ, വലതു കൈയില്‍ ഭസ്മത്തട്ടുമായി വന്നിരുന്നത്. അച്ഛനൊക്കെ ചെറുപ്പത്തില്‍ കണ്ടിരുന്നുപോലും. അമ്മ പറയുന്നത് ചെറുപ്പത്തില്‍ കുരുത്തക്കേട് കളിച്ചാലോ, ചോറ് തിന്നാതിരിക്കുമ്പോഴോ ഒക്കെ “ദാ, കേളീയാത്രം വര്ന്നാ“ എന്ന് പറഞ്ഞ് വലിയവര്‍ പേടിപ്പിക്കുമായിരുന്നെത്രേ.

ഇല്ലാതായ പഴയകാലത്തെ ഇത്തരം പ്രാദേശികമായ അനുഷ്ഠാനങ്ങളും കലകളും വിശ്വാസങ്ങളും കഥാപാത്രങ്ങളും ഒക്കെ ബ്ലോഗിലെന്നല്ല എവിടെയും കുറിച്ചുവെയ്ക്കപ്പെട്ടുകാണില്ല. കണ്ണൂരാന് അതിനൊരു വലിയ സലാം.

ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും എഴുതൂ..

ആദര്‍ശ്║Adarsh said...

ഉണ്ട്...എന്റെ ഓര്‍മയിലുണ്ട്..കേളിപാത്രം.....ചിറക്കലില്‍ ഞങ്ങളുടെ ആ വാടക വീട്ടില്‍ വരുമായിരുന്നു...ഒരു കേളിപാത്രം.. ഒന്നും മിണ്ടാതെ മണിയും കിലുക്കി വരുന്ന കേളിപത്രത്തെ ആദ്യം പേടിയായിരുന്നു..തലയില്‍ ചൂടിയ നാഗ രൂപത്തെ അതിലേറെ പേടിയായിരുന്നു..മുറ്റത്ത്‌..വട്ടത്തില്‍ തിരിഞ്ഞു..അരിയും വാങ്ങി..ഭസ്മവും തന്നു പോകുന്ന കേളിപാത്രം..... കാലം മാറിയപ്പോള്‍ 'മിണ്ടാത്ത 'കേളിപാത്രത്തെ കളിയാക്കാന്‍ തുടങ്ങി,ചില വട്ടന്മാര്‍..കള്ളുകുടിയന്‍മാരകട്ടെ.. കേളിപാത്രത്തെ വഴിയില്‍ പിടിച്ചു നിര്‍ത്തി തല്ലി,മിണ്ടിക്കാന്‍ തുടങ്ങി..പേടിച്ചിരുന്ന കുട്ടികളാകട്ടെ ചിരിച്ചു കൊണ്ട് പുറകെ ഓടാന്‍ തുടങ്ങി..അങ്ങനെ കേളിപാത്രം ഓര്‍മയായി മാറി..എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1994-95 വരെയൊക്കെ ഞാന്‍ കേളിപാത്രത്തെ കണ്ടിട്ടുണ്ട്...കേട്ടിടുണ്ട്..
ഓര്‍മകളെ മണികിലുക്കി ഉണര്‍ത്തിയതിന്...നന്ദി...ഞാനും എഴുതാന്‍ പോവുകയാണ്.. ആ നല്ല കാലത്തെക്കുറിച്ച്..

Fayas said...

പഴമയുടെ മേല്‍ പുതുമയുടെ അധിനിവേശമാണിന്ന് നടക്കുന്നത്. പഴയ നന്മയെ തമസ്കരിച്ച് ആധുനികതയുടെ മുഖംമൂടി അണിയുന്ന മലയാളിക്ക് പഴയ ആചാരങ്ങളും കലകളും സാംസ്കാരികചിഹ്നങ്ങളുമൊക്കെ സംരക്ഷിക്കാനോ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുവാനോ സമയമില്ല എന്നതാണ് സത്യം. എല്ലാവരും ജീവിതപാച്ചിലിലാണ്. ഈ കേളിപാത്രത്തെ കുറിച്ചു ഞാനിതുവരെ കേട്ടിട്ടില്ല. അതിനെ കുറിച്ചുള്ള നല്ല അറിവുകള്‍ പോസ്റ്റ് ചെയ്തതിനു കണ്ണൂരാന് അഭിനന്ദനങ്ങള്‍.

മൂസ എരവത്ത് കൂരാച്ചുണ്ട് said...

nannayi kelipaatrathinte ormayum chitravum

Anil cheleri kumaran said...

നല്ല പോസ്റ്റ് ബാബുവേട്ടാ

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ഓര്‍മ്മക്കുറിപ്പൂം ചിത്രവും.

biju p said...

എന്റെ നാട്ടില്‍ ഓണത്തിന്‌ ഓണപ്പൊട്ടന്‍ കെട്ടി വരാറുണ്ട്‌. മണിയും കുലുക്കി ഒന്നും ഒരിയാടാതെ.. മലയന്‍മാരാണ്‌ ഓണെപ്പൊട്ടന്‍ കെട്ടാറുള്ളത്‌. അതുപോലുള്ള ആചാരം തന്നെയാണോ ഈ കേളീ പത്ര കണ്ണൂരാനേ...?

biju p said...

ഡിയര്‍ കണ്ണൂരാന്‍,
ഞാന്‍ ബിജു. ഒരു തെയ്യം 'ഡൈഹാര്‍ഡ്‌ ഫാന്‍'. കഴിഞ്ഞ രണ്ട്‌ സീസണുകളില്‍ പെരുങ്കളിയാട്ടം കാണാനായി പയ്യന്നൂരില്‍ വന്നിട്ടുണ്ട്‌. എടാട്ട്‌ തിരുവര്‍ക്കാട്ട്‌ ഭഗവതിയുടെയും പിലാത്തറ തിരുവര്‍ക്കാട്ട്‌ ഭഗവതിയുടെയും പടക്കത്തി ഭഗവതിയുടെയും കോലം കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്‌. പിന്നെ വൈവിധ്യമാര്‍ന്ന നൂറുകണക്കിന്‌ തെയ്യങ്ങളും കണ്ടു. ചില ഫോട്ടോകളും എടുത്തിരുന്നു. ഫോട്ടോഗ്രഫി അത്ര വശമില്ലാത്തതിനാല്‍ ചിത്രങ്ങള്‍ നന്നായി വന്നില്ല. എങ്കിലും ഞാന്‍ ഇന്നും അത്‌ നിധി പോലെ സൂക്ഷിക്കുന്നു. ചില ഫോട്ടോകള്‍ pbase.com എന്ന സൈറ്റില്‍ ഇട്ടിട്ടുണ്ട്‌. അഡ്രസ്‌: http://www.pbase.com/bijup/gods_own_country
കുന്നത്തൂര്‍ പാടി മുത്തപ്പനെ കാണാന്‍ ഞാന്‍ വര്‍ഷം തോറും പോകാറുണ്ട്‌. കാനനാന്തരീക്ഷത്തില്‍ ഒരു രാത്രി ചെലവഴിക്കുക അനിര്‍വചനീയമായ അനുഭവമാണ്‌ എനിക്ക്‌ സമ്മാനിച്ചിട്ടുള്ളത്‌. വടകരയിലും തെയ്യങ്ങളുണ്ട്‌. തിറ എന്ന പേരാണെന്ന്‌ മാത്രം. എന്നാല്‍ ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവനാണ്‌. കോഴിക്കോട്‌ ജില്ലയിലെ ഒരേയൊരു മുച്ചിലോട്ട്‌ കാവായ ചോറോട്‌ രാമത്ത്‌ പുതിയ കാവ്‌ എന്റെ വീടിന്‌ കഷ്ടിച്ച്‌ അര കിലോമീറ്റര്‍ അകലെയാണ്‌. വര്‍ഷം തോറും കളിയാട്ടം കാണാന്‍ ഞാന്‍ ലീവെടുത്ത്‌ പോകും. നരമ്പില്‍ ഭഗവതിയും കണ്ണങ്ങാട്ട്‌ ഭഗവതിയും പുലിയൂര്‍ കണ്ണനും ഒടുവില്‍ മുച്ചിലോട്ട്‌ ഭഗവതിയും തിരുമുടിയും ആദരവോടെ ആശ്ചര്യത്തോടെ നോക്കിനില്‌ക്കും.
തുലാപ്പത്ത്‌ മുതല്‍ വീണ്ടും കാവുകള്‍ ഉണരുകയാണല്ലോ. ഇത്തവണ കൂടുതല്‍ തെയ്യങ്ങള്‍ കാണണമെന്ന്‌ ആഗ്രഹമുണ്ട്‌. പ്രത്യേകിച്ച്‌ കാസര്‍ക്കോട്ട്‌ ജില്ലയിലെ വയനാട്ടുകുലവന്‍. അതോടൊപ്പം പടമടക്കി തമ്പുരാട്ടി, ബാലി, കരിംകുട്ടി
ച്ചാത്തന്‍ തുടങ്ങിയവയും കാണണമെന്നുണ്ട്‌. പിന്നെ, എന്റെ ഒരാഗ്രഹം കാസ
ര്‍ക്കോട്ടുള്ള പാണക്കാട്‌ മഞ്ഞടുക്കം തുളുര്‍വന ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കാണണമെന്നതാണ്‌. ഏറ്റവും കൂടുതല്‍ തെയ്യം കെട്ടിയാടുന്നത്‌ അവിടെയാണെന്നാണ്‌ എന്റെ അറിവ്‌. എട്ട്‌ ദിവസത്തോളം നീളുന്ന ഉത്സവത്തില്‍ 105 തെയ്യങ്ങള്‍ കെട്ടിയാടുമെന്നാണ്‌ അറിയുന്നത്‌.
കണ്ണൂരാന്‍ തെയ്യങ്ങളെ കുറിച്ച്‌ നല്‌കുന്ന അറിവ്‌ എന്നെ സംബന്ധിച്ചിടത്തോളം ഏറെ വിലപിടിച്ചതാണ്‌. ഇനിയും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു. ബ്ലോഗിനും കണ്ണൂരാനും എല്ലാ ഭാവുകങ്ങളും നേരുന്നു.

രാജന്‍ വെങ്ങര said...

ഒരു ഇരുപത്തഞ്ച് വര്‍ഷത്തിനപ്പുറത്ത് ബാല്യത്തിലെ ഒരു സജ്ജീവ സാന്നിധ്യമായിരുന്നു ഈ കേളീപാത്രം.ഐതിഹ്യമറിമായിരുന്നില്ല കണ്ണൂരന്റെ ഈ പോസ്റ്റിലൂടെ കയറിയിറങ്ങുന്നതു വരെ.ഭീതിതമായ മൌനതിന്റെ ചലിത രൂപമായ കേളിപാത്രത്തെ പേടിച്ചു വാതില്‍ പാളീക്കു പിറകിലൊളിച്ച കുഞ്ഞുപ്രായത്തിലേക്കു, മനസ്സിനെ കൈ പിടിച്ചു കൊണ്ടൂ പോയി ഈ പോസ്റ്റ്.
എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷത്തിടെ എപ്പൊഴൊ ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോ‍ള്‍ കേളീപാത്രത്തെ കണാനായതും,കൌതുകം വിടാതെ ഞാന്‍ നോക്കിനിന്നതും ഞാന്‍ ഓര്‍മ്മിക്കുന്നു..എനിക്കു തോന്നുന്നതു ഇപ്പോ‍ഴും ഞങ്ങളുടെ നാട്ടില്‍ (മാടായി,വെങ്ങര )കേളീപാത്രം “സര്‍വ്വീസ്”നടത്തുന്നുണ്ട് എന്നാണു.
ചുവപ്പുടുത്തു കയ്യില്‍ ആമ തോടു കൊണ്ടുള്ള ഭിക്ഷാ പാത്രവും,ഒക്കെയായി ഗൌരവഭാവത്തില്‍ വീടണയുന്ന കേളീപാത്രം ഭയത്തിന്റെ ഒരു സിമ്പല്‍ ആയിരുന്നു.
വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്താന്‍ ഒരു ഉപാധി കൂടിയായിരുന്നു കേളീപാത്രം.
അന്യനാട്ടില്‍ അനവധി നാള് കഴിക്കേണ്ടി വന്നപ്പോള്‍ ,നാട്ടിലെ കണ്ടു മാറന്ന കഴ്ച്ചകളീലേക്കു മനക്കണ്ണയച്ചപ്പോഴൊക്കെ ഈ ചിത്രവും എനിക്കു കാണാ‍നായിട്ടുണ്ടൂ.അതുകൊണ്ടു തന്നെ കണ്ണൂരന്റെ ഈ പോസ്റ്റും മറ്റു പോസ്റ്റുകളെ പോലെ തന്നെ ആകര്‍ഷകമായി എനിക്കു അനുഭവപെടുന്നു.
നന്ദിയുണ്ട് ഇതുപോലെയുള്ള വിഷയങ്ങളിലേക്കു ശ്രദ്ധ തിരിച്ചതിനു.ഇനിയും ഓര്‍മയുടെ നിധി പെട്ടിയില്‍ നിന്നും ഇത്തരത്തിലുള്ള വര്‍ണ്ണമുത്തുകള്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയൊടെ....സ്നെഹപൂര്‍വ്വം..രാജന്‍ വെങ്ങര.

smitha adharsh said...

ഇവിടെയെത്താന്‍ വൈകി..
ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്.

ഏറനാടന്‍ said...

നാട്ടുസമ്പ്രദായപെരുമകള്‍ ഹൃദ്യം. ഇനിയും പ്രതീക്ഷിക്കുന്നു.

പെണ്‍കൊടി said...

കേളീപാത്രം എനിക്ക് പുതിയ അറിവാണ്‌. എന്റെ പാലക്കാട്ടില്‍ ഈ കഥപാത്രം ഇല്ലെന്നു തോന്നുന്നു..
നന്നായിട്ടുണ്ട്..

-പെണ്‍കൊടി.

ജെ പി വെട്ടിയാട്ടില്‍ said...

കണ്ണൂരാന്‍ ചേട്ടാ
ഫോണ്‍ നമ്പര്‍ തരാമോ?
സംശയങ്ങള്‍ ചോദിക്കാന്‍....
how to make good blogs....... in lay out, pagination, presentation etc.

NIZAR said...

super

NIZAR said...
This comment has been removed by the author.
Sureshkumar Punjhayil said...

:) :) :)

Pramod.KM said...

നന്ദി.:) പുതിയ അറിവാണിത്. വേടനെയും ആടിയെയുമേ അറിയൂ..

ചേലേരിയാന്‍ said...

കണ്ണൂരാനേ പഴയ കാലത്തേക്കു ഒരു യാത്റ

ശ്രീഇടമൺ said...

പുതിയ അരിവ് പങ്കു വെച്ചതിന് നന്ദി...
വീണ്ടും വരാം...

nabacker said...

nallath but orav vattathe kakkuka

മാണിക്യം said...

ആദര്‍ശ്ന്റെ "കില്ങ്ങ്ന്ന പാദ്സരം "-മൂന്ന്

"മുഴുവനും തിന്നോ...അല്ലേ .. കേളിപാത്രം വരുന്നുണ്ട്..ചോറ് തിന്നാത്ത കുട്ടികളെ പിടിച്ചിട്ടങ്ങ് കൊണ്ടോകും .." വായിച്ച് എന്താവും ഈ കേളിപാത്രം എന്നാലോചിച്ചിരിക്കുമ്പോഴാണ് കുട്ടിച്ചത്തെന് ലിങ്ക് അഭിപ്രായത്തില്‍ ഇട്ടത്
ആര്‍ദ്ശിനും കുട്ടിചാത്തനും നന്ദി അത്കൊണ്ട് കണ്ണുരാന്റെ പോസ്റ്റ് കണ്ടു..
കേരളത്തില്‍ തെക്കും വടക്കും പല നല്ല ആചാരങ്ങളും
അനുഷ്ടാനങ്ങളുമുണ്ട് അവയില്‍ ചിലത് മണ്‍ മറയുകയുമാണ്. അതു തീരാനഷ്ടങ്ങളാകുന്നു..
രാജന്‍ വെങ്ങര . കേളിപാത്രം ഇനിയും എവിടെ വരുമെന്ന് ഒന്നു തിരക്കൂ കിട്ടുന്ന ചിത്രങ്ങളും ആയി ഒരു പോസ്റ്റ് ഇട്ടാല്‍ നന്ന്..

കണ്ണൂരാന്‍ , ഇത്രയും നല്ല ഒരു പോസ്റ്റ് ഇട്ടതിനു നന്ദി.. ഇനി കേളീപാത്രത്തെ മറക്കില്ല, അത്രക്ക് തെളിമയാര്‍ന്ന ചിത്രം ‘അനിയന്റെ വരയും ഏട്ടന്റെ വിവരണവും’ ഉഗ്ര ന്‍. നന്മകള്‍ നേരുന്നു.

അഷ്റഫ് .വി(ashraf.v) said...

വായിച്ചു.നന്നായിരിക്കുന്നു.നമ്മള്‍ ബ്ലോഗ് പരിശീലന കളരി കോഴിക്കോട് .പരിചയം പുതുക്കാമെന്ന് തോന്നി.എന്റെ ബ്ലോഗ് സാമ്പാര്‍ കാണുമല്ലോ

yousufpa said...

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഗതി ഉണ്ടെന്ന് അറിയുന്നത് തന്നെ ..സന്തോഷം ....

നിഷ........ said...

ഇങ്ങനെയൊരു കഥാപാത്രത്തെ കുറിച്ചു കേട്ടിട്ട് പോലുമില്ല.
ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു...

Madhavikutty said...

ഞങ്ങളുടെ നാട്ടിലെ വെളിച്ചപ്പാട് ?
ആദ്യമായിട്ടാണ് കേളിപാത്രം എന്ന കേള്‍വി
കണ്ണൂര്‍ നന്നായി അറിയാന്‍ ആഗ്രഹം ഉണ്ട്

Anonymous said...

പ്രിയ കന്നുരാന്‍ ലേഖനം വായിച്ചു.നന്നായി. ആരും പറയാത്ത കാര്യം . ഒരു പുരാവൃതത്തിന്റെ പുനരാഖ്യാനം.. നന്ദി .കന്നുരന്‍ നന്ദി .കാലം പെരുത്ത്‌... മാറിപ്പോയി.ഒപ്പം കേലീപട്രവും വിസ്മ്രുthയിലായി.കര്‍ക്കിടകതിലനെന്നു തോന്നുന്നുമൂപ്പര്‍ ദെസടനതിനിരങ്ങുന്നത്. ആ മൂക പരമേസ്വരെന്റെ രൂപം അത്ര വേഗം മറക്കാനാവില്ല.മണിമുഴക്കി കേള്‍പ്പിച്ചു വരുന്നത് കൊണ്ടാവാം അതിന്റെ പേര് കേളീ പാത്രം എന്നായത്. പാത്രം എന്നാല്‍ കഥാപാത്രം എന്നുമാവആം.മലയാളം ടൈപ്പ് പടിച്ചുവര്‍നെയുല്ല്. ക്ഷെമിക്കുക.


പ്രകാശ്‌ ചിറക്കല്‍

smiley said...

കണ്ണൂരാൻ, പുതിയ അറിവുകൾക്കു നന്ദി..


പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു..

ബിനു ജോര്‍ജ് said...

സാറേ, സാറിന്റെ പുസ്തകം വാങ്ങി(വന്നോ,വന്നോ എന്ന് തിരക്കിത്തിരക്കി വാങ്ങി)ബൂലോഗം ടേസ്റ്റുചെയ്യാന്‍ തുടങ്ങിയവനാണ്‍ഊ ഞാന്‍. നന്ദി

Anonymous said...
This comment has been removed by a blog administrator.
Thampuran said...

അന്യമാവുന്ന നാട്ടായ്മയെ കുറിച്ച് കൂടുതല്‍ എഴുതുക

ബ്ലോഗില്‍ എനിക്ക് കൂടുതല്‍ അറിവൊന്നും ഇല്ല.
എല്ലാം വളരെ നന്നായിട്ടുണ്ട്..
ആത്മാര്‍ഥതലെ പ്രശംസിക്കുന്നൂ

ശ്രീക്കുട്ടൻ said...

കണ്ണൂരാനേ ബ്ലോഗ് നിര്‍ത്തിയോ? എന്താ കാണാതേ ....

sainualuva said...

നന്ദി ഈ അറിവിന്‌ ....

n.prabhakaran said...

കേളീപാത്രത്തിന്റെ ഓർമ പുനരുജ്ജീവിപ്പിച്ചലിനു നന്ദി
എൻ.പ്രഭാകരൻ

Unknown said...

Thank you for new knowledge.

Unknown said...

Dear P.M.Baburaj,

Your book Malayalathil Engane Blogam helped me a lot to make my blog.
Thanks a lot.

ചന്തു നായർ said...

പല നാടുകളിലും പല പേരിലാണ് ഇവരെ അറിയപ്പെടുന്നത് “കേളീപാത്രം”എന്ന് കേട്ടിട്ടേയുള്ളൂ..ഇതിനു സമാനമായി ‘കുമ്മാട്ടി’ ഉമ്മാക്കി,പണര്, വാത്തി തുടങ്ങിയ പേരുകൾ പലയിടത്തും പറഞ്ഞ് കേട്ടിട്ടുണ്ട്...തിരുവനന്തപുരത്തുള്ള ഞങ്ങളുടെ ഗ്രാമങ്ങളിൽ,ഭദ്രകാളീ ക്ഷേത്രങ്ങളീൽ പൂജ ചെയ്യുന്ന ‘വാഴ്തി‘ മാരാണ്..ഓണക്കാലത്തും,കൊയ്തു കഴിയുമ്പോഴും ‘കോമരത്തിന്റെ’ വേഷമണിഞ്ഞു,മിണ്ടാട്ടമില്ലാതെ വാളും.ചിലമ്പുമണിഞ്ഞ് രത്രികളിൽ വീടുകളിലെത്താറുണ്ട്..നെല്ലോ,അരിയോ കൊടുത്താൽ സന്തോഷം. രൂപയായിക്കൊടുത്താൽ പെരുത്ത് സന്തോഷം...കൊയ്തൊക്ക് ഒരു ‘വക’യായപ്പോൾ ഇവരും അന്യം നിന്ന് പോയി...ഇങ്ങനെയുള്ള ഒരു കോമരത്തിനെകുറിച്ച് ഒരു കവിത “തെക്കേ തെയ്യം” എന്ന പേരിൽ ഒരു കവിത എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്.... ഇത്തരം അറിവുകൾ പകർന്ന് തരുന്ന കണ്ണൂരാനു എല്ലാവിധ ഭാവുകങ്ങളും

ഒരു കുഞ്ഞുമയിൽപീലി said...

പുതിയ അറിവിന്‌ നന്ദി .......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Gopi said...

Would you please write about "Kothamoori" . these were the rights of "Malayans" they come and ransack the compound and demand, rice, spices, oil, chilli, Coconut, money etc. they also sing " Thottam" Can you write in detailed about that? There was a "Vedan" - it was the right of "Vannan" family to visit every house during Karkitaka masam. Please write more about that also. Thanks - GN

Gopi said...

for a picture of a reasonably good "Keli Pathram" please look at the given link in Face Book

https://www.facebook.com/NammudeKannapuram/photos/a.142850549248504.1073741828.142401545960071/391750571025166/?type=1&theater

Some one from Kannur has put that picture on the FB page

krishnakumarkoodali said...

ഞാന്‍ ഒരു പാട് തിരഞ്ഞു അന്യേഷിച്ചു കണ്ടു പിടിച്ചതാണ്, താങ്കളുടെ ഈ ബ്ലോഗ്‌...അതിനു കാരണം തന്നെ കേളിപത്രം തന്നെ...എന്റെ ബാല്യകാലത്ത്‌ എന്നെ അത്ഭുത പ്പെടുത്തുകയും,ഒപ്പം ഭീതിപ്പെടുതുകയും ചെയ്ത രൂപമാണ് കേളിപാത്രം...ആ രൂപവും ഭാവവും താങ്കളുടെ കുറിപ്പില്‍ ഒത്തു വരുന്നുണ്ട്...മണിയടിച്ചു മൌനിയായി വരുമായിരുന്ന കേളിപത്രത്തെ കണ്ടു ഭയന്നു പനിപിടിച്ചു കിടന്നതും ഞാന്‍ വ്യക്തതയോടെ ഓര്‍ക്കുന്നു...നന്ദി കണ്ണുരാന്‍..യോഗി സമുദായക്കാരാണ് ഈ വേഷം അണിയുന്നവര്‍ എന്ന വിവരം പങ്കു വച്ചതിനും, നല്ല വിവരണത്തിനും...സ്മൃതി പഥം എന്നൊരു ബ്ലോഗ്‌ ഞാനും എഴുതുന്നുണ്ട്..എന്ന് കൂടി പറയട്ടെ..

Unknown said...

Kashtam