Wednesday, September 05, 2007
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
നൃത്തം ചെയ്ത് എന്റെ കാലുകള്‍ തളരാന്‍ തുടങ്ങിയിരുന്നു. ചെവികളില്പാട്ടും മേളവും അലയടിക്കുന്നു. ചുറ്റും ആരൊക്കെയൊ കൈകൊട്ടുന്നുണ്ട്. പക്ഷെനഴ്സാന്റി വന്ന് തട്ടി ഉണര്‍ത്തിയപ്പോള്‍ മാത്രമാണ് അതൊരുസ്വപ്നമായിരുന്നെന്ന് ഞാനറിഞ്ഞത് .. അവര്‍ തരുന്ന ഗുളികകള്‍ കഴിച്ചുതന്നെയാണ് ഞാന്‍ ഉറങ്ങിപ്പൊയതും.. എനിക്കിപ്പൊ സ്വപ്നവും യാഥാര്ഥ്യവുംഒന്നുമില്ല... എപ്പൊഴും ഒരു മയക്കം മാത്രം ...
ഞാനിവിടെ വന്നിട്ട് ഒരു മാസമാകാന്‍ പോകുന്നു. ഇവിടം വല്ലാതെ ബോറടിച്ചുതുടങ്ങി. മിണ്ടാനും പറയാനും ആരുമില്ലല്ലൊ. സ്കൂളും വീടും എല്ലാം കാണാന്‍തോന്നുന്നു.. ഇനി കൂട്ടുകാര്‍ ഒക്കെ ഇനി എന്നോട് മിണ്ടുമോ ആവൊ.. കണ്ടാല്‍ അവരെന്നെ തിരിച്ചരിയുമോ? ഗുളികകളൊക്കെ കഴിച്ച് ഞാനാകെ വല്ലാതായിരിക്കുന്നു. ദേഹം ചീര്‍ത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പൊ ഞാന്‍ കണ്ണാടിയിലും നോക്കാറില്ല, എന്റെ രൂപം കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ ഇഷ്ടമല്ല.. കണ്ണാടി തച്ചുടക്കാന്‍ തുടങ്ങിയപ്പോഴാണല്ലൊ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതെന്ന് നിങ്ങള്‍ക്കറിയില്ലെ. അതൊന്നും ആരോടുംപറയരുതെന്നാ അമ്മമ്മ എന്നോട് സ്വകാര്യമായി പറഞ്ഞത്. പക്ഷെ എന്റെ രൂപത്തോടു തന്നെ എനിക്കിപ്പൊ പകയാ... അതോണ്ടു മിണ്ടാതിരിക്കാനും തോന്നുന്നില്ല..
നിങ്ങള്‍ക്കെന്നെ ഇനിയും മനസ്സിലായില്ലെ, ഞാനാണ് വിദ്യ. നിങ്ങള്‍ക്കൊക്കെ എന്നെ നന്നായി അറിയാം. എന്റെ ഈ കോലം കാണുമ്പോള്‍ ഒരു പക്ഷെ നിങ്ങളെന്നെ തിരിച്ചറിയില്ല, പക്ഷെ ബി.ടി.വിയിലെ ഗ്ലോബല്‍ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യയെ നിങ്ങള്‍ക്കറിയില്ലെ? ഒന്നോര്‍ത്തു നോക്കൂ... ക്ലാസിക്കല്‍ ഡാന്‍സൊന്നും പഠിക്കാതെ, കളിക്കാതെ അവസാന മൂന്നിലെത്തിയ വിദ്യയെ നിങ്ങള്‍ക്കങ്ങിനെ മറക്കാനാവുമോ?? നിങ്ങളയച്ച എസ്.എം.എസുകള്‍ കൂടെയല്ലെ എന്നെ അവിടം വരെ എത്തിച്ചത്..... നിങ്ങള്‍ക്കറിയോ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോള്‍ ഞാന്‍ വാശി പിടിച്ച് കരഞ്ഞിരുന്നു, വായനശാലയിലെ ഡാന്‍സ് ക്ലാസില്ചേരാന്. അന്നാരും എന്നെ അവിടെ ചേര്‍ക്കാന്‍ താല്പര്യം കാട്ടിയില്ല. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലും ചേരാന്‍ അമ്മ സമ്മതിച്ചിരുന്നില്ല.
ഈ ബി.ടി.വി.യിലെ ആള്ക്കാര് സ്കൂളില്‍ വന്ന് സ്ക്രീനിംഗ് നടത്തിയപ്പോള്‍, തമാശക്ക് ചോളി കെ പീച്ചെ ക്യാഹെ അവതരിപ്പിച്ച എന്നെ അവര്‍ക്കിഷ്ടപ്പെടുകയും സെലക്ഷനു വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോഴാണ് എനിക്ക് ബോധം വന്നത്. വീട്ടില്‍ പറഞ്ഞാല്‍ അമ്മയുടെ തല്ലാണോ കിട്ടുക എന്ന് സംശയിച്ച് ഞാന്‍കാര്യം പറഞ്ഞപ്പോള്‍ അമ്മക്കറിയേണ്ടത് പ്രൈസെന്താണെന്നായിരുന്നു. 40ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് കൊച്ചിയില്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ അമ്മവിശ്വസിച്ചില്ല. ഞങ്ങളുടെ സ്കൂളില്‍ വന്ന ടിവി ടീമിലെ മാമന്റെ ടെലഫോണ്നമ്പറെന്റെ കൈയ്യില്‍ ഉണ്ടായതു കൊണ്ടു രക്ഷപ്പെട്ടു. അമ്മ അവരോടെത്രസമയമാ സംസാരിച്ചതെന്നോ. അതിനു ശേഷം അമ്മക്കെന്നോടെന്തൊരു സ്നേഹമായിരുന്നു. ഓഹ്... ഒന്നും പറയേണ്ട... അമ്മക്കു പിന്നെ ഓഫീസില്പോകണമെന്നോ ജോലി ചെയ്യണമെന്നോ ഒന്നുമില്ലായിരുന്നു. ഒറ്റ ചിന്ത മാത്രം എങ്ങിനെ ഈ മത്സരത്തില്‍ പങ്കെടുക്കാമെന്നു മാത്രം. ടൌണിലെ അറിയപ്പെടുന്നഎല്ലാ ഡാന്‍സ് ടീച്ചര്‍മാരെയും, ഡാന്‍സു മാസ്റ്റര്മാരെയും അമ്മ കണ്ടു, സംസാരിച്ചു, പരിപാടികള്‍ ആസൂത്രണം ചെയ്തു. അങ്ങിനെ രണ്ടു മാഷമ്മാരെ എനിക്കു വേണ്ടി മാത്രമായി കണ്ടുപിടിച്ചു.
അതുവരെ ക്ലാസിക്കല്‍ ഡാന്‍സോ, മറ്റേതെങ്കിലും ഡാന്‍സോ പഠിക്കാതിരുന്ന എന്നെ രണ്ടു പേരും കൂടി ഒരാഴ്ചകൊണ്ടു തല്ലി ഒരു പരുവമാക്കി. എന്നെ ഹോംവര്ക്ക്ചെയ്യാനോ, സ്കൂളില്‍ പോകാനോ സമ്മതിച്ചില്ല. അമ്മ ജോലിക്കു പോയതുമില്ല. ആദ്യ ട്രയത്സില്‍ ഞാന്‍ ക്വാളിഫൈ ചെയ്പ്പോള്‍ അമ്മക്കത്ഭുതമായിരുന്നു. പിന്നീടങ്ങോട്ട് പറയുകയേ വേണ്ട, ആകപ്പാടെ ഒരു ബഹളമായിരുന്നു. യൂണിറ്റ് പരീക്ഷക്കു പോകണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ തന്നെ ടീച്ചറെ വിളിച്ചെന്തൊക്കെയോ പറഞ്ഞു പരീക്ഷ ഒഴിവാക്കി. ആകെയുണ്ടായിരുന്ന 32 പേരില്‍ നിന്നും 16 പേരെ തിരഞ്ഞെടുത്തപ്പോഴും ഞാനതില്പ്പെട്ടു. അമ്മക്കാകെ പ്രേതാവേശം ബാധിച്ച പോലെ ആയിരുന്നു. മറ്റൊരുചിന്തയുമില്ല, ഫ്ലാറ്റ് എനിക്കു തന്നെ എന്നുറപ്പിച്ച മട്ടിലായിരുന്നുഅമ്മയുടെ സംസാരം. ദിവസവും അറിയാവുന്നവരെ മുഴുവന്‍ വിളിച്ച് എന്നെക്കുറിച്ചുംഎന്റെ ഡാന്‍സിനെക്കുറിച്ചും സംസാരിക്കും. എല്ലാവരും എസ് എം എസ് അയക്കേണ്ടഫോര്മാറ്റും, രീതിയും ഒക്കെ അമ്മ പറഞ്ഞു പഠിപ്പിക്കും. 16 പേരില്‍നിന്നും 8 പേരെ തിരഞ്ഞെടുത്തത് ഒരഗ്നി പരീഷണം തന്നെയായിരുന്നു. ശരീരംഇളക്കി, കുലുക്കി, മെയ്യും മനവും മറന്ന് ഡാന്‍സ് കളിക്കണമെന്ന മാഷിന്റെ ഉപദേശം ശിരസ്സാവഹിച്ചു ഞാന്‍ എല്ലാം മറന്നാടി. അവസാന 8ല്‍ ഞാന്‍ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ അമ്മ തികച്ചും ഭ്രാന്തമായ ആവേശത്തിലായിരുന്നു.
ഇനി കളിക്കേണ്ട ഓരോ ഡാന്‍സും നൂറായിരം തവണ മാസ്റ്റര്‍മാരുമായി കൂടിയാലോചിച്ച് മാറ്റി മറിച്ചു. അവസാനം 3 എണ്ണം തിരഞ്ഞെടുത്തു, മാധുരിദീക്ഷിതിന്റെ ചോളി കെ പീച്ചെ ക്യാ ഹൈ, സില്‍ക്ക് സ്മിതയുടെ പുഴയോരത്തെ പൂത്തോണി, സീനത്ത് അമന്റെ ദം മാരോ ദം.... മൂന്നും എനിക്കിഷ്ടായില്ല... ഈ ഡാന്‍സൊന്നും എനിക്കിഷ്ടായില്ലെന്ന് മാസ്റ്റര്‍മാരോടും അമ്മയോടുംപറഞ്ഞെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. എന്റെ കളിയെക്കുറിച്ച് വെറും കുറ്റമല്ലാതെ നല്ലൊരു വാക്കു പോലും ആരും പറഞ്ഞില്ല. കുലുങ്ങുന്നത് ശരിയല്ല, തുള്ളുന്നത് ശരിയല്ല അങ്ങിനെ വെറും കുറ്റങ്ങള്‍ മാത്രം... ഒപ്പം"സമ്മാനം കിട്ടിയില്ലെങ്കില്‍" എന്നു പറഞ്ഞ് അമ്മയുടെ ഭീഷിണിയും.. ഞാന്‍ ഒന്നാമതാവേണ്ടതിനെ കുറിച്ചു മാത്രമായിരുന്നു അമ്മക്ക് ചിന്ത... അമ്മ കാണേണ്ടവരെ കണ്ടും വിളിക്കേണ്ടവരെ വിളിച്ചും എനിക്കുള്ള പോയിന്റുകള്‍ നേടികൊണ്ടിരുന്നു.
3 ദിവസങ്ങളായി നടന്ന അവസാന റൌണ്ടില്‍ 8 പേരില്‍ 4 പേര് പുറത്തേക്ക്പോകേണ്ടി വരും... കയ്യും മെയ്യും മറന്ന ഞാനാടി... കളിയുടെ പാരമ്യത്തിലെത്തിയ എനിക്കൊന്നും ഓര്‍മ്മയില്ലാതായി..... ഞാനാരാണെന്നോ, എന്താണെന്നോ ഒന്നും എനിക്കു മനസ്സിലായില്ല, ഒരു മയക്കത്തിലായിരുന്നു .... ഫലപ്രഖ്യാപനം കേള്‍ക്കാന്‍എനിക്കൊരു താല്പര്യവും ഉണ്ടായിരുന്നില്ല, ആ ഡാന്‍സുകള്‍ തിരഞ്ഞെടുത്തപ്പോഴെ ഞാനെന്റെ പരാജയം ഉറപ്പിച്ചിരുന്നു.. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവസാന റൌണ്ടിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആ വിവരം അറിഞ്ഞതോടെ എനിക്കെന്തു സംഭവിച്ചെന്നറിയില്ല കൂട്ടരെ.... ..ഓരോറൌണ്ട് കഴിയുന്തോറും ഡ്രെസ്സിന്റെ ഇറക്കം കുറയുകയും ഇറുക്കം കൂടുകയുംചെയ്തുകൊണ്ടിരുന്നു. ഇന്ന് അവസാനം അതെന്നെ ശ്വാസം മുട്ടിക്കാന്തുടങ്ങി..ഞാനാറിയാതെ എനിക്കെന്തൊക്കെയോ മാറ്റം വരുന്നതായി തോന്നി. എന്റെ തല പൊട്ടിത്തെറിക്കുന്നതു പോലെ... ചുറ്റും ആക്രോശങ്ങളും അട്ടഹാസങ്ങളും നിറയുന്നതു പോലെ.. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ കണ്ടതെന്റെ രൂപമായിരുന്നില്ല.. ചുറ്റും നൃത്തം വയ്ക്കുന്ന ഭീകരരൂപികള്ക്കൊപ്പം മറ്റൊരു വികൃത രൂപമായി എന്നെകണ്ണാടിയില് കണ്ടപ്പൊഴാണ് ഞാന്‍ ആ കണ്ണാടി പൊട്ടിച്ചത്..
പിന്നീടുള്ള മത്സരങ്ങളില്‍ എന്നെ കാണാതിരുന്നപ്പൊ എന്നെ കുറിച്ച് നിങ്ങള്ഓര്ത്തൊ...
എനിക്കു ഇനിയും മനസ്സിലായില്ല, എനിക്കെന്താണെന്ന്??? ഇനി നിങ്ങള്‍ പറയൂഎനിക്കെന്തു പറ്റി, എനിക്കിനി സ്കൂളില്‍ പോകാനാവില്ലെ?പഠിക്കാനാവില്ലെ... എനിക്കെന്താണ്??? നിങ്ങളെന്നെ സഹായിക്കുമോ????
(പെയിന്റിംഗ്: മധുസൂദനന്)
Subscribe to:
Post Comments (Atom)
19 comments:
ഒരു കഥയെഴുതാനുള്ള ശ്രമത്തിലായിരുന്നു. കഥയായോന്നൊരു സംശയം. എന്തായാലും രണ്ടും കല്‍പ്പിച്ച് പോസ്റ്റുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.. അതെന്തായാലും...
“ഠേ......” ഒരു തേങ്ങയിവിടെയടിക്കട്ടെ.
റിയാലിറ്റി ഷോക്കെല്ലാം ഇപ്പോ എന്താ മാര്‍കറ്റ് :)
ബ്ലോഗിലും അതു പെരുകുന്നു.
-സുല്‍
കണ്ണൂരാനേ...
നല്ല കഥ. വളരെ ഇഷ്ടമായി. ഒരു സൊസൈറ്റിയില്‍ വളര്‍ന്നു വരുന്ന സംസ്കാരത്തെ നല്ല പോലെ വരച്ചു കാട്ടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
:)
പല ചാനലുകളിലായി വരുന ഇത്തരം പരിപാടികള്‍ മാസങള്‍ നീണ്ടു നില്ക്കുന്നു.. പാവം പിള്ളേര് ഈ സമയം എല്ലം ഒന്നും പ്ഠിക്കാതിരിക്കുന്നു..
അതേ ഇപ്പോ നടക്കുന്ന ഒരെണ്ണത്തില്‍ ഒരു ചെക്കന് ഉണ്ട്.. അവനും ഞാന്‍ ഒരേ ദിവസം ഒരേ സാറിന്റെ മുന്പില് ആണ് സ രി ഗ മ പാടി തുടങിയത്.. അത് ഏത് പ്രോഗ്രാം .. അത് ആര്.. ഈ ഞാന്‍ ആര്?
ഇതിന് ശരിയുത്തരം അയക്കുന്നവരെ വെച്ച് ഒരു റിയാലിറ്റി ഷോ ഞാനും നടത്തും :)
ക്ലൂ:
ഞാന്‍ ആലപ്പുഴക്കരന്‍ മാത്രമല്ല.. തൃശ്ശൂര്‍ ക്കാരനും, എറണകുളം കാരനും, കോഴിക്കോട്കാരനും എല്ലാമാ :)
nannayi ezhuthi..
കൊള്ളാം ബാബുഭായ്.. നന്നായി അവതരിപ്പിച്ചു. ഇനിയുമെഴുതൂ പ്ലീസ്..
കണ്ണൂരാന്‍,
ഒരു ചാനല്‍ ബലിയാടിനേയും,അമ്മയേയും ഭംഗിയായി വരച്ചുചേര്‍ത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍ !!!
കൂടെ കൊടുത്തിരിക്കുന്ന ചിത്രം മനോഹരമായിരിക്കുന്നു.
കണ്ണൂരാനേ...നന്നായിട്ടുണ്ട്.
സസ്നേഹം
ദൃശ്യന്‍
അമ്മയെ കുറ്റം പറയാതെടാ, കണ്ണൂര്‍ ആനേ.. ഒരു ജാതി മറ്റേ കഥയായല്ലോ ഇത്...രണ്ടാനമ്മ എന്നൊക്കെ പറയുവാന്നെങ്കില് പിന്നെയും സമ്മതിക്കാമായിര്യ്ന്നു.. ഇത്, ശരിയാവില്ല.. നോ കോമ്പ്രമൈസ്.. നോ..നോ.. അനോ.. അനോണി.. അയ്യോ.. ഓടിക്കോ..
കണ്ണൂരാനേ,
ചാനലുകാരെ പ്പണ്ടെ തന്നെ തല്ലിക്കൊല്ലേണ്ടതാണ്. അവരാണ് പിള്ളേരെ ചീത്തയാക്കുന്നത്...
നല്ല എഴുത്ത്
:)
സുനില്‍
നല്ലൊരു തീം.താങ്കള്‍ക്ക് പറ്റും പോലെ അത് ആവിഷ്കരിക്കുകയും ചെയ്തു.നന്ദി
റിയാലിറ്റിഷോയിലെ പരാജയത്തിനു ശേഷം വിട നല്കുന്ന രംഗമാണു് പലപ്പോഴും കലക്കന്‍. കരയാതെ നില്ക്കുന്ന പരാജിതനെ(പരാജിതയെ) കരയിപ്പിച്ചു വിടുന്ന രംഗം.:)
കഷ്ടം ചാനല്യുഗേ...
നാട്ടിലെ പുതിയ പ്രാന്ത് നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു..
ഈ വഴി വന്ന് വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും, അഭിപ്രായം പറയാതെ പോയവര്‍ക്കും നന്ദി. അവ ഇനിയും എഴുതാനുള്ള പ്രചോദനം തരുന്നു.
good one
നന്നായി എഴുതിയിരിക്കുന്നു, തുടരുമല്ലോ.
നല്ല എഴുത്ത് തുടരുക
കഥ നന്നായിരുന്നു...
എല്ലാവര്ക്കും ഇഷ്ടപ്പെട്ടുകാണുമെന്നു വിശ്വസിക്കുന്നു.
പിന്നെ എല്ലാവരും എനിക്ക് എസ്സെമ്മെസ് ചെയ്യണം...
വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്....
Post a Comment