Saturday, September 22, 2007

നിളയെ പരിചയപ്പെടാം

കമ്പ്യൂട്ടറിലൂടെ മലയാ‍ളം എഴുതാനും വായിക്കാനും നിലവില്‍ നിരവധി സോഫ്റ്റ്വെയറുകള്‍ ഉണ്ടല്ലൊ. എന്നാല്‍ യുണികോഡിന്റെ ആവിര്‍ഭാവത്തോടുകൂടി കമ്പ്യൂട്ടറില്‍ മലയാളമെഴുതുന്നതിനു പുതിയ ചില എഴുത്തുപകരണങ്ങള്‍ അത്യാവശ്യമായി വന്നു. സിബു സി ജെയുടെ വരമൊഴി, പെരിങ്ങോടന്റെ മൊഴി, ഇലമൊഴി തുടങ്ങിയവയാണ് ഈ രംഗത്തിപ്പോള്‍ നിലവിലുള്ള പ്രധാന എഴുത്തുപകരണങ്ങള്‍. ‍

യുണികോഡ് വരുന്നതിനു മുമ്പും പിമ്പും ഡിടിപി രംഗത്ത് പ്രധാനമായി ഉപയോഗിച്ചു വരുന്നത് ഐഎസ്‌എം ആയിരുന്നു, അതിനുപയോഗിച്ചു വരുന്ന കീ ബോര്‍ഡ് ലേ ഔട്ട് ഇന്‍സ്ക്രിപ്റ്റും. ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡിനുള്ള ഏറ്റവും പ്രധാനമായ ആകര്‍ഷണം ഏത് ഭാഷയായാലും കീ ബോര്‍ഡ് ലേ ഔട്ട് മാറില്ലെന്നുള്ളതായിരുന്നു. ഈ കീബോര്‍ഡ് പരിശീലിച്ചവര്‍ ബ്ലോഗിംഗ് രംഗത്തേക്കു കടന്നു വരുമ്പോള്‍ ഫൊണറ്റിക് കീ ബോര്‍ഡ് ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരാവുന്നതു മൂലം ടൈപ്പിംഗിനു പ്രശ്നങ്ങളുണ്ടാകുന്നു. ഒരു കീ ബോര്‍ഡ് ലേ ഔട്ട് പരിശീലിച്ചയാള്‍ മറ്റൊരു കീ ബോര്‍ഡ് ലേ ഔട്ടിലേക്കു മാറുക വളരെ ശ്രമകരമാണ്. വീണ്ടും ഡി ടി പി ജോലികള്‍ ചെയ്യുമ്പോള്‍ തിരിച്ചു ഇന്‍സ്ക്രിപ്റ്റിലേക്ക് പോകേണ്ടതായി വരുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇതിനുള്ള ഏക പരിഹാരം ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ലേ ഔട്ടുള്ള മലയാളം യൂണികോഡ് എഴുത്തുപകരണം ഉപയോഗിക്കുക എന്നുളളതാണല്ലൊ.


ഇതിനായി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’ എന്നൊരു സോഫ്റ്റ്വെയര്‍ 2004ല്‍ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നാണ്. പൊതുജനങ്ങള്‍ക്ക് ഇവ സൌജന്യമായി http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി 2007ല്‍ കാവേരിയൊന്നൊരു സൌജന്യ മലയാളം ഓപണ്‍ സോഫ്റ്റ്വെയര്‍ പാക്ക് കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇവയെ എന്നാ‍ലാവും വിധം പരിചയപ്പെടുത്തുക എന്നുള്ളതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.


നിളയില്‍ യുണികോഡ് ഫോണ്ടുകള്‍, ഇന്‍സ്ക്രിപ്റ്റ് / ഫോണറ്റിക് കീബോര്‍ഡ് ഡ്രൈവറുകള്‍, ഔദ്യോഗിക മലയാളം നിഘണ്ടു, ASCIIല്‍ നിന്നും യുണികോഡിലേക്കുള്ള കണ്‍‌വര്‍ട്ടര്‍, മലയാളം സോര്‍ട്ടിംഗ് എന്നിവ ലഭ്യമാണ്.
കാവേരിയില്‍ മലയാളം ഓപണ്‍ ഓഫീസ്, മലയാളം സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം വിവര്‍ത്തന സഹായി, വിവിധ ഭാഷാ കീ ബോര്‍ഡുകള്‍, ഇന്ത്യന്‍ ഭാഷകളിലേക്കുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ തുടങ്ങിയവയുണ്ട്.
ആദ്യം നമുക്ക് നിള പരിചയപ്പെടാം...

നിള സൌജന്യമായി ലഭ്യമാകുന്നത് http://www.clickeralam.org/ എന്ന വെബ്‌സൈറ്റിലൂടെയാണ്... ഡൌണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പായി താങ്കളുടെ വിവരങ്ങള്‍ നല്‍കണമെന്നു മാത്രം... നിള പാക്കേജില്‍ നമുക്ക് ലഭിക്കുന്നത് നിള കലണ്ടര്‍, നിള കണ്‍‌വര്‍ട്ടര്‍, നിള എഡിറ്റര്‍, നിള കീ ബോര്‍ഡ്, നിള വെബ് ലിങ്കര്‍ എന്നിവയാണ്.

നിള കലണ്ടര്‍ 2000 വര്‍ഷത്തേക്കുള്ളതാണ്. എഡി 1000 മുതല്‍ എഡി 2999 വരെയുള്ള കലണ്ടറാണിത്.



രണ്ടാമതായുള്ളത് നിളകണ്‍‌വര്‍ട്ടറാണ്. നിങ്ങള്‍ മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫയലുകള്‍ യൂണികോഡിലേക്ക് മാറ്റാന്‍ ഇതു സഹായിക്കുന്നു.

നിള എഡിറ്റര്‍ വളരെ ലളിതമായ ഒരു എഴുത്തുപകരണമാണ്. ഇതുപയോഗിച്ച് ഏതൊരാള്‍ക്കും മലയാളം എഴുതാന്‍ സാധിക്കുന്നു. ഏറ്റവും മുകളിലുള്ള കീബോര്‍ഡില്‍ കാണുന്ന അക്ഷരങ്ങളിക് ക്ലിക്ക് ചെയ്താല്‍ മാത്രം മതി, ടൈപ്പിംഗ് സ്പീഡില്ലാത്ത ഏതൊരാള്‍ക്കും മലയാളമെഴുതാന്‍ സാധിക്കുന്നു. ടൈപ്പിംഗ് അറിയുന്നവര്‍ക്ക് 2 തരം കീ ബോര്‍ഡ് ലേ ഔട്ടുകള്‍ ലഭ്യമാണ്. ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും.



നിള കീ ബോര്‍ഡ് ഐ.എസ്.എം മിനു സമാനമായ സോഫ്റ്റ്വെയറാണ്. പ്രസ്തുത കീ ബോര്‍ഡ് ഡ്രൈവര്‍ ഉപയോഗിച്ച് കീ പാഡ്, ഓപണ്‍ ഓഫീസ് മുതലായവയില്‍ നമുക്കു മലയാളം അനായാസം ടൈപ്പു ചെയ്തെടുക്കാം. ഇവിടെയും ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും ഓപ്ഷനുകള്‍ ലഭ്യമാണ്.


നിള വെബ് ലിങ്കില്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ സൈറ്റുകളുടെ വിലാസങ്ങള്‍ ലഭ്യമാണ്. സര്‍ക്കാര്‍ വകുപ്പുകളുടേതു കൂടാതെ, വിവിധ കേന്ദ്ര-പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ് വിലാസങ്ങള്‍ അടങ്ങിയിരിക്കുന്നു.

8 comments:

കണ്ണൂരാന്‍ - KANNURAN said...

ഇതിനിടെ മാത്രം എന്റെ ശ്രദ്ധയില്‍ പെട്ട നിള മലയാളം സോഫ്റ്റ്വെയറിനെക്കുറിച്ചൊരു പോസ്റ്റ്.. കാവേരി ഓപണ്‍ സോഫ്റ്റ്വെയറുകളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ വിവരിക്കാം...

ശ്രീ said...

നല്ല ലേഖനം!
:)

Anonymous said...

കണ്ണൂരാനേ ലേഖനം വളരെ നന്നായീ.. കാര്യമായ പ്രതികരണം ഈ പോസ്റ്റിനു ലഭിക്കില്ല .. കാരണം ഇതൊന്നും ഉണ്ടാക്കിയ ആള്‍ക്കാരെ ആര്‍ക്കും അറിയില്ല.. അവരേക്കൂടി ഒന്നു പരിചയപ്പെടുത്തുമോ. പരിമിതികല്‍ക്കുള്ളില്‍ നിന്നു ഇത്രയും മികച്ച കാര്യങള്‍ സാധിച്ചെടുക്കുന്ന കേരള്‍ സര്‍ക്കാരിനു അഭിനന്ദനങള്‍....

നാടന്‍ said...

നമ്മള നാട്ട്ന്ന്ള്ള ആളാ ലേ ...
കണ്ണൂര്‌ന്ന് നാടിന്റ പേര്‌ പറേമ്പം എല്ലാരും ആദ്യം ചോയ്ക്ക്ന്നത്‌ ഇപ്പം ആട കുത്തും വെട്ടും ഇണ്ടാ ... റോഡില്‌ ബോംബ്‌ കാണല്‌ണ്ടാ ...എന്നെല്ലാന്ന്. ഞമ്മക്ക്‌ അതെല്ലം ഒന്ന് മാറ്റി എട്ക്കണം. അല്ലേ ...

കണ്ണൂരാന്‍ - KANNURAN said...

ശ്രീ: നന്ദി

ഗുണാളന്‍: അഭിപ്രായത്തിനു നന്ദി. സര്‍ക്കാര്‍ പരിപാടി ആയതുകൊണ്ടു വ്യക്തികള്‍ക്ക് പ്രാധാന്യമില്ല.

നാടന്‍: നമ്മുടെ നാട്ടിലെന്താ പ്രശ്നം. ഒന്നുമില്ലല്ലോ. വളരെ ശാന്തം. പോസ്റ്റിനെക്കുറിച്ചൊന്നും പറഞ്ഞില്ല.

Myna said...

ഐ. എസ്. എം ടൈപ്പിംഗ് മാത്രമറിയാമുയിരുന്ന എനിക്ക് പല കുറുക്കു വിദ്യകളിലൂടെയുമായിരുന്നു ബ്ലോഗില് പോസ്റ്റു കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ പല ബ്ലോഗുകള് കാണുന്പോഴും ഒന്നു കമന്റാന്] നോക്കിയാല് വലിയ വിഷമമായിരുന്നു.
നിള പരിചയപ്പെടുത്തിയതിന് നന്ദി.

മാനവന്‍ said...

I attended the blog workshop at calicut.
But i didn't get the malyalam words correctly.
And your links are also not found.
So i want to contact you to clear my doubts and to enquire about malyalam typing.
Please give me your Phone no:

കണ്ണൂരാന്‍ - KANNURAN said...

Dear Manavan, Please send your doubts to blogacademy@gmail.com.