Friday, April 27, 2007

ജീവരക്തം ചാലിച്ചെഴുതിയ ചിത്രങ്ങള്‍


കണ്ണൂര്‍ ടൌണ്‍ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഒരു ചിത്രപ്രദര്‍ശനം നടക്കുന്നു. അസാധാരണമായ ഒരു ചിത്രപ്രദര്‍ശനം....

നാള്‍ക്കുനാള്‍ ശരീരം ദുര്‍ബലമായികൊണ്ടിരിക്കുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രൊഫി എന്ന രോഗം ബാധിച്ച് സി.വി.സുരേന്ദ്രനാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ ഇദ്ദേഹത്തിനു സാധിക്കില്ല.

രോഗം ബാധിച്ച തന്റെ വിരലുകള്‍ക്കു വഴങ്ങാത്ത ബ്രഷിനെയുപേക്ഷിച്ച് സാധാരണ ബോള്‍പോയന്റ് പേന കൊണ്ടാണ് അപൂര്‍വ്വ സുന്ദരമായ ഈ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ബോള്‍പോയന്റ് പേന കൊണ്ടാണെങ്കിലും അതീവ ചാരുതയുള്ളതാണീ ചിത്രങ്ങള്‍. വിവിധ നിറങ്ങളിലുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ജലച്ഛായ, എണ്ണച്ഛായ ചിത്രങ്ങളോട് കിടപിടിക്കുന്നവയാണ്.

ഏകാന്തതയും, വിഹ്വലതയുമൊക്കെ നിറഞ്ഞു നില്‍ക്കുന്നുണ്ട് ഇദ്ദേഹത്തിന്റെ രചനകളില്‍. രണ്ട് മാസത്തോളം വേണം ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ എന്നാണ് ഇദ്ദേഹം പറയുന്നത്.

ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് സുരേന്ദ്രനിന്ന്. ഈ ചിത്രങ്ങള്‍ വിറ്റുപോയാല്‍ ചികിത്സക്കുള്ള വകയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രന്‍. ഈ മാസം 29വരെ കണ്ണൂര്‍ ടൌണ്‍ഹാളില്‍ ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കും. ചിത്രങ്ങളില്‍ താല്പര്യമുള്ള, ദീനാനുകമ്പയുള്ള നല്ലവരായ ബൂലോഗര്‍ ചിത്രങ്ങള്‍ വാങ്ങിയോ, സാമ്പത്തിക സഹായം നല്‍കിയോ ഇദ്ദേഹത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. 5000 രൂപ മുതല്‍ 30000 രൂപ വരെയാണ് ചിത്രങ്ങളുടെ വില. സുരേന്ദ്രനെ ബന്ധപ്പെടുവാനുള്ള വിലാസം:

സി.വി.സുരേന്ദ്രന്‍,
ചേലേരി വലിയ പുരയില്‍,
കണ്ണാടിപറമ്പ (പോസ്റ്റ്)
കണ്ണൂര്‍ - 670604

ഫോണ്‍: 0497 2796389 (വീട്)
9895361684 (സെല്‍)