Showing posts with label ഗൃഹാതുരത. Show all posts
Showing posts with label ഗൃഹാതുരത. Show all posts

Wednesday, August 20, 2008

കേളിപാത്രം



ഓര്‍മ്മ ഒരു പൊട്ടക്കിണറുപോലെയാണെനിക്ക്. അതിലെത്തിനോക്കാന്‍ വല്ലാത്ത പേടിയാണ്. എങ്കിലും വളരെ അപൂര്‍വ്വമായി ആ പൊട്ടക്കിണറ്റിലെത്തിനോക്കാറുണ്ട്.

ആദ്യ ഓര്‍മ്മ എന്താണ്? കുട്ടിക്കാലത്തെ ഓര്‍മ്മകളെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. സമയ സൂചികള്‍ നഷ്ടപ്പെട്ടവയാണ് മിക്കവയും. പലതും കൂടിക്കുഴഞ്ഞിരിക്കുമെങ്കിലും ചിലതിന്റെ തെളിച്ചം വല്ലാതെ എന്നെ വിസ്മയിപ്പിക്കാറുണ്ട്.

ഏറ്റവുമാദ്യത്തെ ഓര്‍മ്മ അച്ഛമ്മയുടെ കൈയ്യില്‍ തൂങ്ങി പെരുമഴ കാണുന്നതാണ്. ഉമ്മറത്തേക്കിറങ്ങാതെ പടിക്കകത്തു നിന്ന് കണ്ട ആ പെരുംമഴ ഇനിയും തോര്‍ന്നിട്ടില്ല!!

പിന്നെത്തെ ഓര്‍മ്മ എന്താണ്?

അടിയന്തിരാവസ്ഥയില്‍ അറസ്റ്റിലായിരുന്ന ഇളയച്ഛന്റെ തിരിച്ചു വരവോ, അതോ കേളിപാത്രമോ? തടിച്ച സോഡാകുപ്പി പോലുള്ള കണ്ണടയിട്ട കൂട്ടുകാരനെ ആദ്യം വീട്ടിലേക്കയച്ച്, പിന്നാലെ കയറിവന്ന മെലിഞ്ഞു വിളറിയ 20 വയസ്സുകാരനായ ഇളയച്ഛന്‍, ആരോടുമൊന്നുമുരിയാടാതെ മണികിലുക്കി വരുന്ന കേളിപാത്രം.. രണ്ടുപേരും എത്ര രാത്രികളില്‍ എന്റെ ഉറക്കംകെടുത്തിയില്ല.

കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഞാന്‍, ഞാന്‍ മാത്രമായിരിക്കില്ല എന്റെ നാട്ടിലെ കുട്ടികളെല്ലാവരും, ഭയന്നിരുന്നത് കേളീപാത്രത്തെയായിരുന്നു. ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്നും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കേളീപാത്രത്തിന്റെ വരവു മുടങ്ങിയിട്ടെത്ര വര്‍ഷമായെന്നെനിക്കറിയില്ല, പക്ഷെ ഇന്നും ആ മണിമുഴക്കം എന്റെ കാതുകളിലുണ്ട്. മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന പാഠവും പഠിപ്പിച്ചത് കേളിപാത്രം തന്നെ.

കണ്ണൂര്‍ ജില്ലയിലെ മിക്കവാറുമെല്ലാ പ്രദേശങ്ങളിലെ വീടുകളിലും മുന്‍‌കാലങ്ങളില്‍ കേളിപാത്രം ഭിക്ഷാടനത്തിനായെത്തും. അഴീക്കോട് ഭാഗത്തുള്ള യോഗി സമുദായത്തില്‍ പെട്ടവരാണ് എന്റെ നാട്ടില്‍ കേളിപാത്രത്തിന്റെ വേഷമണിയാറുള്ളത്. കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും മുക്തി നേടാനായി ശിവന്‍ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവന്‍ കപാലം ‘യോഗി’യെ ഏല്‍പ്പിച്ചുവെന്നുമാണ് വിശ്വാസം.

അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തില്‍ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേല്‍ ചുവന്ന പട്ടുടുക്കും. തലയില്‍ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യില്‍ ഭിക്ഷാപാത്രവും, വടിയും, മറ്റേക്കൈയ്യില്‍ മണി. വേഷമണിഞ്ഞു കഴിഞ്ഞാല്‍ ഉരിയാട്ടമില്ല. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാല്‍ ആളുകള്‍ താനേ വഴിമാറി കൊടുക്കും. മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. വീടുകളിലെത്തിയാല്‍ നാലു ദിക്കും നോക്കി, 3 വട്ടം വെക്കും. ഒരോ വട്ടമെത്തിയതിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തില്‍ അരിയിടും. തുടര്‍ന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക്, വെയില്‍ മൂക്കുന്നതിനു മുന്‍പു തന്നെ ഭിക്ഷാടനം നിര്‍ത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. ഒരാഴ്ചകൊണ്ടേ ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും തീര്‍ക്കാറുണ്ടായിരുന്നുള്ളു.

കേളിപാത്രത്തിന്റെ മണി ഇപ്പോള്‍ എന്റെ നാട്ടിൽ മുഴങ്ങാറില്ല, മണ്മറഞ്ഞു പോയ മറ്റു അനുഷ്ടാനകലകളിലൊന്നായി കേളിപാത്രവും. ഇന്നെവിടെയെങ്കിലും ഉണ്ടാകാറുണ്ടോ കേളിപാത്രം.??? നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

വര: ധനരാജ് കീഴറ
(ഈ പോസ്റ്റെഴുതുമ്പോള്‍ പലരോടും അന്വേഷിച്ചു കേളീപാത്രത്തിന്റെ ഒരു ഫോട്ടോയ്ക്കായി, എങ്ങു നിന്നും കിട്ടിയില്ല, ഒടുവില്‍ ഒരെണ്ണം വരക്കാന്‍ അനിയനോടു പറഞ്ഞു. അവന്‍ ഓര്‍മ്മയില്‍ നിന്നും വരച്ച കേളീപാത്രമാണ് മുകളില്‍.)

Wednesday, May 21, 2008

ഇട്ടിയും കോലും

ചങ്ങാതിമാര്‍ കൂട്ടുകൂടി കള്ളുകുടിക്കുമ്പോഴാണ് ആ ചിന്ത പൊട്ടിവീണത്. ചെറുപ്പത്തില്‍ കളിച്ച പല കളികളും ഇന്നു കാണാനില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ മധ്യവേനലവധിക്കാലത്ത് രാവിലെ മുതല്‍ തുടങ്ങും, ഇട്ടിയും കോലും കളി (കുട്ടിയും കോലും). ഉച്ചക്ക് ചോറുണ്ണാനൊരോട്ടം, 10 മിനിട്ടിനകം വീണ്ടും തിരിച്ച് അമ്പലപ്പറമ്പിലേക്ക്. ഇടക്കിടെ കളികള്‍ മാറിക്കൊണ്ടിരിക്കും, കോട്ടി കളി (ഗോലി), പന്തുകളി, കണ്ടേറ് അങ്ങിനെ കളികള്‍ക്കൊരു ക്ഷാമവുമുണ്ടായിരുന്നില്ല അക്കാലത്ത്. ഒന്നു മടുക്കുമ്പോള്‍ മറ്റൊന്നിലേക്ക് മാറും.

ബഹറിനില്‍ നിന്നും അവധിക്ക് നാട്ടില്ലെത്തിയ അമ്പാസ്കയും, ചക്കരയും, ഓയില്‍ റിഗ്ഗില്‍ ജോലി ചെയ്യുന്ന അക്കുസോട്ടയും, നാട്ടില്‍ തന്നെ ഡ്രൈവറായ പൊടീഷും ഒക്കെ ഓര്‍മ്മകളിലൂടെ ഒരു മടക്കയാത്ര നടത്തി. (ഈ പേരുകള്‍ കേട്ടത്ഭുതപ്പെടേണ്ടതില്ല, ഈ നാട്ടിലങ്ങിനെയാ, എല്ലാര്‍ക്കും ഏറ്റവും കുറഞ്ഞത് 2 പേരെങ്കിലും കാണും.. പലരും സ്വന്തം പേരിനേക്കാളധികം അറിയപ്പെടുന്നത് ഇക്കട്ട പേരിലാണ് (കുറ്റപ്പേര്‍).. )

ഇപ്പോഴത്തെ പിള്ളേരെല്ലാം ക്രിക്കറ്റിന്റെ പിന്നാലെയാ.. അവര്‍ക്ക് ഇട്ടിയും കോലുമെന്താണെന്നറിയില്ല, നമ്മൊക്കൊരു കൈ നോക്കിയാലോ? ഇക്കസോട്ട പിന്നെ താമസിച്ചില്ല, നല്ലൊരു കാഞ്ഞിരത്തിന്റെ കമ്പു തപ്പി നടപ്പായി.

നല്ലൊരു കമ്പു കണ്ട്പ്പോള്‍ പൊടീഷുഷാറായി, കത്ത്യാളെടുത്ത് (വെട്ടുകത്തി) ചെത്തി വൃത്തിയാക്കാന്‍ തുടങ്ങി.

പത്തു മിനുട്ട് നേരത്തെ അധ്വാനം.

ഇട്ടീം കോലും റെഡി, പക്ഷെ കളിക്കാനാളു വേണ്ടെ?

കാണുന്ന നാട്ടുകാരെന്തു പറയും എന്നായിരുന്നു പലരുടെയും ചിന്ത, കുറേ പേര്‍ ചുറ്റുമതിലിരിപ്പായി, അഞ്ചാറു പേര്‍ കളിക്കാന്‍ തയ്യാറായി.

അധിക നേരം കഴിയും മുന്‍പു തന്നെ, നോക്കിയിരുന്നവരിലോരോരാളായി കളിക്കളത്തിലിറങ്ങി. ശരിക്കും ഒരു മടക്കയാത്ര, ബാല്യകാലത്തേക്ക്. പ്രായം മറന്ന്, മറ്റെല്ലാം മറന്ന് കുട്ടികളായി.

വലിയവര്‍ കളി മതിയാകിയപ്പോള്‍ പമ്മി പമ്മി നിന്നിരുന്ന ജൂനിയര്‍മാര്‍ രംഗത്തെത്തി.പതുക്കെ കളി തുടങ്ങി.
വെയിലേറിയപ്പോള്‍ കളി, ആലിന്‍ തണലിലേക്ക് കളി മാറി.

പിന്നെ ജൂനിയര്‍മാര്‍ കളി നിര്‍ത്തിയപ്പോള്‍ ‘പൊടികള്‍‘ കളിയേറ്റെടുത്തു. അങ്ങിനെ ഇട്ടീം കോലിനു പുനര്‍ജന്മം....

ഫോട്ടോ എടുത്തത് ചോട്ട, മൊബൈലില്‍..

Monday, April 07, 2008

ഒറ്റവരി കത്ത്

എപ്പോഴാണ് നിങ്ങള്‍ക്ക് അവസാനമായി കൈകൊണ്ടെഴുതിയ കത്തു കിട്ടിയത്? ഒന്നാലോചിച്ചു നോക്കൂ...

ഈയ്യിടെ എനിക്കൊരു കത്ത് ലഭിച്ചു. ഒരൊറ്റവരിക്കത്ത്.. താഴെ കാണുന്ന കത്ത്..



ഒരു പാടു നാളുകള്‍ക്ക് ശേഷമാണെനിക്ക് കൈകൊണ്ടെഴുതിയ ഒരു കത്ത് ലഭിക്കുന്നത്, കല്യാ‍ണക്കുറികളോ, യോഗ നോട്ടീസുകളോ, ലോണടക്കാന്‍ വീഴ്ച വരുത്തുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മക്കുറിപ്പുകളോ ഒക്കെയല്ലാതെ കൈകൊണ്ടെഴുതിയ എഴുത്തുകള്‍ ലഭിക്കാ‍റെയില്ല. ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റുന്നില്ല, ആരുടെ കത്തായിരുന്നു ഒടുവില്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി കിട്ടിയ ഈ കത്തില്‍ പേരും ഊരും ഒന്നുമില്ല ഒരു സെല്‍ഫോണ്‍ നമ്പര്‍ മാത്രം. കത്തെഴുതിയ സുഹൃത്തും ഒന്നും എഴുതിയില്ല, ഒരു വരിയല്ലാതെ മറ്റൊന്നും എഴുതുവാന്‍ അവനും തോന്നിയില്ല. എന്തുകൊണ്ടാണ് നാം കത്തെഴുതാന്‍ മറന്നു പോയത്?

പുതിയ സാങ്കേതിക വിദ്യകള്‍ (നെറ്റും, സെല്‍ഫോണുമൊക്കെ) നേടിയ പ്രചാരമാണോ ഇങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്?

അതു മാത്രമല്ലെന്നാണെനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം ചോരകൊണ്ട് പ്രേമലേഖനങ്ങളെഴുതിയവരുടെ നാടല്ലെ ഇത്? കാമ്പസിനുള്ളില്‍ പണ്ട് പ്രണയപരവശരായവരുടെ ലേഖനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. നിലാവിന്റെ വിശുദ്ധിയുള്ള, വികാര തീവ്രമായ, പ്രണയാതുരമായ വാക്കുകളാല്‍ സമ്പുഷ്ടമായ നിരവധി പേജുകളുള്ള പ്രേമലേഖനങ്ങള്‍‍. നന്നായി ലേഖനമെഴുതുന്നവര്‍ക്കും, നല്ല കൈയ്യെഴുത്തുള്ളവര്‍ക്കും എന്തൊരു ഡിമാന്റായിരുന്നു അക്കാലത്ത് കാമ്പസിനുള്ളില്‍. ഇന്ന്, അന്നത്തേക്കള്‍ പ്രണയങ്ങള്‍ കാമ്പസുകളില്‍ പൂവിടുന്നില്ലെ? പ്രണയലേഖങ്ങള്‍ കൈകൊണ്ടെഴുതുന്നത് കാമ്പസിലും വിരളമത്രെ!!! പ്രേമലേഖനങ്ങള്‍ എസ്.എം.എസുകളായും, ഇമെയിലുകളായും പറന്നു നടക്കുന്നു.. സെല്‍ഫോണിലൂടെയുള്ള പ്രണയസല്ലാപങ്ങള്‍ മണിക്കൂറുകള്‍ നീളുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഹൃദയ വികാരങ്ങള്‍‍ നന്നായി പ്രതിഫലിക്കുക കത്തിലൂടെ അല്ലെ?

ജോലി കിട്ടി ദില്ലിയിലെത്തിയ എണ്‍പതുകളുടെ ഒടുവില്‍‌, ഒരു മാസത്തിനുള്ളില്‍ ഞാന്‍ എഴുതിയിരുന്ന കത്തുകള്‍ നൂറിലധികമായിരുന്നു. ഇന്നലെ കെ.പി.സുകുമാരേട്ടനെ കണ്ടപ്പോള്‍ പറയുകയുണ്ടായി, രാത്രിമുഴുവന്‍ കത്തെഴുതിയ ദിവസങ്ങളുണ്ടായിരുന്നത്രെ അദ്ദേഹത്തിന്. തൂലിക സൌഹൃദങ്ങള്‍ നാട്ടിലെങ്ങും പടര്‍ന്നൊരു കാലം. എന്നാല്‍ ഇന്നോ? എത്രയോ വര്‍ഷങ്ങളായി ഞാന്‍ ആര്‍ക്കും കത്തെഴുതാറില്ല്ല, സുകുമാരേട്ടന്റെയും കഥ ഒട്ടും വ്യത്യസ്ഥമല്ല. പട്ടാളത്തിലും, ഗള്‍ഫിലുള്ള മക്കളും അയക്കുന്ന മണി ഓര്‍ഡറുകളേക്കാളും, ഡിമാന്റ് ഡ്രാഫ്റ്റുകളെക്കാ‍ളും, കത്തുകള്‍ക്കായ് കാത്തിരുന്നൊരു കാലമുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം. സര്‍ക്കാരാഫീസിലെന്തെങ്കിലും അപേക്ഷയോ, ആത്മഹത്യക്കുറിപ്പോ അല്ലാതെ മറ്റൊന്നും നാം കൈകൊണ്ടെഴുതില്ലെന്നുണ്ടോ?

കുനുകുനായായ്‌ മനോഹരമായി വടിവൊത്ത അക്ഷരങ്ങളാല്‍ എഴുതപ്പെട്ട കത്തുകളുടെ ഓര്‍മ്മപോലും ഗൃഹാതുരത ഉണര്‍ത്തുന്നു. എത്രമാ‍ത്രം ആകാംക്ഷയായിരുന്നു കൊച്ചു കൊച്ചു സങ്കടങ്ങളും, സന്തോഷങ്ങളും, വിശേഷങ്ങളും നേര്‍ത്ത മഷിയില്‍ കടലാസില്‍ പതിഞ്ഞത് വായിച്ചെടുക്കാന്‍. അക്ഷരങ്ങളല്ലെ ഹൃദയത്തോടേറ്റവും നന്നായി സംവദിക്കുന്നതെന്നത്.

മലയാളികള്‍ എഴുത്തു മറന്നു പോയോ??????? അല്ലതെന്തു പറയാന്‍...

ഇതോടൊന്നിച്ച് വായിക്കുന്നതിന്:-

കാണാമറയത്തിന്റെ പോസ്റ്റ്

മിന്നാമിനുങ്ങുകള്‍ //സജിയുടെ പോസ്റ്റ്