
തെയ്യപ്പറമ്പുകളും, ക്ലബ്ബുകളുടെ വാര്‍ഷികങ്ങളും, എണ്‍പതുകളില്‍ പ്രാചാരമേറിയ ഫൈന്‍ ആര്‍ട്സ് ക്ലബുകളും നാടക തരംഗത്തിനു സാക്ഷികളായി. ഒരു ദിവസം തന്നെ പലവേദികളില്‍ നാടകം കളിക്കേണ്ടി വരാറുണ്ടായിരുന്നു പ്രമുഖ നാടക സംഘങ്ങള്‍ക്ക്. നാട്ടിന്‍ പുറങ്ങളിലെ സാംസ്കാരിക ജീവിതത്തിലെ പ്രധാന കണ്ണിയായിരുന്നു അക്കാലത്ത് നാടകങ്ങള്‍. ഓരോ ഗ്രാമത്തിലും ഒന്നോ രണ്ടോ ക്ലബ്ബുകള്‍, വര്‍ഷത്തില്‍ വാര്‍ഷികാഘോഷവും നാടകവും, ഗ്രാമത്തിലെ അഭിനേതാക്കള്‍ തകര്‍ത്തഭിനയിച്ചു ഇവരുടെ നാടകങ്ങളില്‍. പായും തലയണയുമായി വളരെ നേരത്തെ തന്നെ എത്തുമായിരുന്നു ഗ്രാമവാസികള്‍. വര്‍ഷത്തില്‍ ഒരു തവണ മാത്രം കിട്ടുന്ന അവസരം, ഗ്രാമീണര്‍ നന്നായി ഉപയോഗിക്കും. വര്‍ഷം മുഴുവന്‍ ആ നാടകത്തെക്കുറിച്ചു ചര്‍ച്ചയുണ്ടാവും.
ടെലിവിഷന്റെ വരവോടു കഥ മാറി, കണ്ണീര്‍ സീരിയലുകള്‍ സ്ത്രീകളുടെ ഇടയില്‍ പ്രചാരം നേടിയതോടെ നാടകം കാണാന്‍ അമ്പലപ്പറമ്പുകളില്‍ എത്തുന്ന പതിവിനു മുടക്കം വന്നു. പിന്നീടാഞ്ഞടിച്ച ‘കോമഡി’ തരംഗം വന്നതോടു കൂടി നാടകം പടിക്കു പുറത്തായി. ഗ്രാമങ്ങളിലെ അമേച്വര്‍ നാടകങ്ങള്‍ ഓര്‍മ്മ മാത്രമായി.
ഇപ്പോ ആഞ്ഞടിക്കുന്ന റിയാലിറ്റി ഷോ തരംഗവും അമ്പലപ്പറമ്പുകള്‍ കീഴടക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍ ഗാനമേളകളുമായെത്തുന്നു. അമേച്വര്‍ നാടക സംഘങ്ങള്‍ കുറ്റിയറ്റുപോയെന്നു തന്നെ പറയാം, കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരുന്ന നാടക സംഘങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. എല്ലാ വര്‍ഷവും മുടങ്ങാതെ നാടകം അവതരിപ്പിക്കുന്ന ഒരൊറ്റ കലാസമിതി മാത്രമേ ഉള്ളുവെന്ന് പത്രറിപ്പോര്‍ട്ട്. ഒരു നാടകം അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത് 20000 രൂപയെങ്കിലും വേണം, എന്നാല്‍ 7500-9000 രൂപയ്ക്ക് പ്രൊഫഷണല്‍ നാടക സമിതിക്കാര്‍ അവരുടെ പുതിയ നാടകം തന്നെ അവതരിപ്പിക്കും. നല്ല സ്ക്രിപ്റ്റുകളും കിട്ടാനില്ല. കുറഞ്ഞത് 3 നടിമാരെങ്കിലും ഉണ്ടാവും സാധാരണ നാടകങ്ങളില്‍. ഇതെല്ലാം സഹിച്ച് അവതരിപ്പിച്ചാലോ, വേണ്ടത്ര അംഗീകരവുമില്ല താനും. എങ്കിലും ചിലസ്ഥലങ്ങളില്‍ മാത്രം നാടകത്തിനു ഇപ്പോഴും ‘ഇട‘മുണ്ടെന്നത് ആശ്വാസകരം.

അണിയറയില്‍ തെയ്യത്തിന്റെ മുഖത്തെഴുത്തു നടക്കുമ്പോള്‍ ദൂരെ വേദിയില്‍ നാടകമരങ്ങേറുന്നതു കാണാം. മുഖത്തെഴുത്തു കാണുന്ന കുട്ടിയും, നാടകം ശ്രദ്ധിക്കുന്ന തെയ്യം കലാകാരനും, ഒരു കൌതുക കാഴ്ച..
ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ കുറച്ചു കൂടി വലുതായി കാണാം.