ഈയ്യിടെ എനിക്കൊരു കത്ത് ലഭിച്ചു. ഒരൊറ്റവരിക്കത്ത്.. താഴെ കാണുന്ന കത്ത്..

ഒരു പാടു നാളുകള്‍ക്ക് ശേഷമാണെനിക്ക് കൈകൊണ്ടെഴുതിയ ഒരു കത്ത് ലഭിക്കുന്നത്, കല്യാണക്കുറികളോ, യോഗ നോട്ടീസുകളോ, ലോണടക്കാന്‍ വീഴ്ച വരുത്തുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മക്കുറിപ്പുകളോ ഒക്കെയല്ലാതെ കൈകൊണ്ടെഴുതിയ എഴുത്തുകള്‍ ലഭിക്കാറെയില്ല. ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റുന്നില്ല, ആരുടെ കത്തായിരുന്നു ഒടുവില്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി കിട്ടിയ ഈ കത്തില്‍ പേരും ഊരും ഒന്നുമില്ല ഒരു സെല്‍ഫോണ്‍ നമ്പര്‍ മാത്രം. കത്തെഴുതിയ സുഹൃത്തും ഒന്നും എഴുതിയില്ല, ഒരു വരിയല്ലാതെ മറ്റൊന്നും എഴുതുവാന്‍ അവനും തോന്നിയില്ല. എന്തുകൊണ്ടാണ് നാം കത്തെഴുതാന്‍ മറന്നു പോയത്?
പുതിയ സാങ്കേതിക വിദ്യകള്‍ (നെറ്റും, സെല്‍ഫോണുമൊക്കെ) നേടിയ പ്രചാരമാണോ ഇങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്?
അതു മാത്രമല്ലെന്നാണെനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം ചോരകൊണ്ട് പ്രേമലേഖനങ്ങളെഴുതിയവരുടെ നാടല്ലെ ഇത്? കാമ്പസിനുള്ളില്‍ പണ്ട് പ്രണയപരവശരായവരുടെ ലേഖനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. നിലാവിന്റെ വിശുദ്ധിയുള്ള, വികാര തീവ്രമായ, പ്രണയാതുരമായ വാക്കുകളാല്‍ സമ്പുഷ്ടമായ നിരവധി പേജുകളുള്ള പ്രേമലേഖനങ്ങള്‍. നന്നായി ലേഖനമെഴുതുന്നവര്‍ക്കും, നല്ല കൈയ്യെഴുത്തുള്ളവര്‍ക്കും എന്തൊരു ഡിമാന്റായിരുന്നു അക്കാലത്ത് കാമ്പസിനുള്ളില്‍. ഇന്ന്, അന്നത്തേക്കള്‍ പ്രണയങ്ങള്‍ കാമ്പസുകളില്‍ പൂവിടുന്നില്ലെ? പ്രണയലേഖങ്ങള്‍ കൈകൊണ്ടെഴുതുന്നത് കാമ്പസിലും വിരളമത്രെ!!! പ്രേമലേഖനങ്ങള്‍ എസ്.എം.എസുകളായും, ഇമെയിലുകളായും പറന്നു നടക്കുന്നു.. സെല്‍ഫോണിലൂടെയുള്ള പ്രണയസല്ലാപങ്ങള്‍ മണിക്കൂറുകള്‍ നീളുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഹൃദയ വികാരങ്ങള്‍ നന്നായി പ്രതിഫലിക്കുക കത്തിലൂടെ അല്ലെ?
ജോലി കിട്ടി ദില്ലിയിലെത്തിയ എണ്‍പതുകളുടെ ഒടുവില്‍, ഒരു മാസത്തിനുള്ളില്‍ ഞാന്‍ എഴുതിയിരുന്ന കത്തുകള്‍ നൂറിലധികമായിരുന്നു. ഇന്നലെ കെ.പി.സുകുമാരേട്ടനെ കണ്ടപ്പോള്‍ പറയുകയുണ്ടായി, രാത്രിമുഴുവന്‍ കത്തെഴുതിയ ദിവസങ്ങളുണ്ടായിരുന്നത്രെ അദ്ദേഹത്തിന്. തൂലിക സൌഹൃദങ്ങള്‍ നാട്ടിലെങ്ങും പടര്‍ന്നൊരു കാലം. എന്നാല്‍ ഇന്നോ? എത്രയോ വര്‍ഷങ്ങളായി ഞാന്‍ ആര്‍ക്കും കത്തെഴുതാറില്ല്ല, സുകുമാരേട്ടന്റെയും കഥ ഒട്ടും വ്യത്യസ്ഥമല്ല. പട്ടാളത്തിലും, ഗള്‍ഫിലുള്ള മക്കളും അയക്കുന്ന മണി ഓര്‍ഡറുകളേക്കാളും, ഡിമാന്റ് ഡ്രാഫ്റ്റുകളെക്കാളും, കത്തുകള്‍ക്കായ് കാത്തിരുന്നൊരു കാലമുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം. സര്‍ക്കാരാഫീസിലെന്തെങ്കിലും അപേക്ഷയോ, ആത്മഹത്യക്കുറിപ്പോ അല്ലാതെ മറ്റൊന്നും നാം കൈകൊണ്ടെഴുതില്ലെന്നുണ്ടോ?
കുനുകുനായായ് മനോഹരമായി വടിവൊത്ത അക്ഷരങ്ങളാല്‍ എഴുതപ്പെട്ട കത്തുകളുടെ ഓര്‍മ്മപോലും ഗൃഹാതുരത ഉണര്‍ത്തുന്നു. എത്രമാത്രം ആകാംക്ഷയായിരുന്നു കൊച്ചു കൊച്ചു സങ്കടങ്ങളും, സന്തോഷങ്ങളും, വിശേഷങ്ങളും നേര്‍ത്ത മഷിയില്‍ കടലാസില്‍ പതിഞ്ഞത് വായിച്ചെടുക്കാന്‍. അക്ഷരങ്ങളല്ലെ ഹൃദയത്തോടേറ്റവും നന്നായി സംവദിക്കുന്നതെന്നത്.
മലയാളികള്‍ എഴുത്തു മറന്നു പോയോ??????? അല്ലതെന്തു പറയാന്‍...
ഇതോടൊന്നിച്ച് വായിക്കുന്നതിന്:-
കാണാമറയത്തിന്റെ പോസ്റ്റ്
മിന്നാമിനുങ്ങുകള്‍ //സജിയുടെ പോസ്റ്റ്