ഞാന്‍ കടന്നുചെന്നപ്പൊഴെക്കും
പുരാവസ്തുസംരക്ഷണവകുപ്പിന്‍ കീഴില്‍
അതൊരു സ്മാരകമായി മാറിയിരുന്നു

വൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൌഢയൌവനത്തിന്റെ
അകാലസ്മൃതികള്‍പോലെ
തുരുമ്പിച്ച പീരങ്കികള്‍ പലയിടത്തും

ഇവയുടെ ഹിംസ്രഗര്‍ജനങ്ങള്‍ അനന്തമായ അലയാഴിയുടെ
നിതാന്തഗംഭീരതരംഗഘോഷങ്ങള്‍ക്കു മുകളിലൂടെ
പാഞ്ഞു പോയിരിക്കണം

ദിശാസൂചികളും വെച്ച് അളന്നു
തിട്ടപ്പെടുത്തിയ അലര്‍ച്ചകള്‍ ഉന്നത്തിലേക്ക്
ഊക്കോടെ കുതിച്ചുകാണും

പടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍
നിര്‍ദോഷികളുടെ നിലവിളികള്‍ ചതഞ്ഞരഞ്ഞിരിക്കണം
വിഢ്ഡികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം
മനുഷ്യന്‍ മനംനൊന്തു ദു:ഖിച്ചിരിക്കണം
നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നുപോയിരിക്കണം

കാറ്റാടിമരച്ചില്ലകള്‍ എന്താണു മൂളുന്നത്?
കടലിലേക്കുതന്നെ മുഖം തിരിച്ചാലോ?
കടലിന്നും കടലുതന്നെ
കരകാണാത്ത നീല വിസ്തൃതി
രഹസ്യം വിട്ടുകൊടുക്കാത്ത അതേ മന:സ്ഥിതി

അസ്തമയത്തിന്റെ നിഴല്‍ പരന്ന അങ്ങേ മൂലയ്കല്‍
സ്വവര്‍ഗഭോഗികള്‍ ഉത്തേജിതരാകുന്നു
അകപ്പെട്ടുപോയ ഒരു കുമാരന്റെ
അമര്‍ത്തിപ്പിടിച്ച വിമ്മിട്ടം
ഉദാസീനമായ കണ്ണുകള്‍ ആ ഭാഗത്തേക്ക്
തിരിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ല
കെട്ടുപിണഞ്ഞ നിഴലുകള്‍ മാത്രം
മിക്കകണ്ണുകളും ഇവിടെ ഉദാസീനമാണ്

"എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരോടും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കികാണും"

കോട്ടയിന്നു കോട്ടയല്ല- പുരാവസ്തു
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു
സ്വവര്‍ഗഭോഗികള്‍ അവസരം പാര്‍ത്തു കഴിയുന്നു
പിമ്പുകള്‍ പരതി നടക്കുന്നു
ഇതാ ഒരു പരസ്യം
“ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും”

എങ്കിലും ഞാന്‍ ഭയന്നു
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ - "സമയമായി"

സമര്‍പ്പണം: കടമ്മനിട്ടയ്ക്ക്
വരികള്‍: കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ടയില്‍ നിന്നും
വിക്കിയിലെ കണ്ണൂര്‍ കോട്ട ഇവിടെ