Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Wednesday, August 20, 2008

കേളിപാത്രം



ഓര്‍മ്മ ഒരു പൊട്ടക്കിണറുപോലെയാണെനിക്ക്. അതിലെത്തിനോക്കാന്‍ വല്ലാത്ത പേടിയാണ്. എങ്കിലും വളരെ അപൂര്‍വ്വമായി ആ പൊട്ടക്കിണറ്റിലെത്തിനോക്കാറുണ്ട്.

ആദ്യ ഓര്‍മ്മ എന്താണ്? കുട്ടിക്കാലത്തെ ഓര്‍മ്മകളെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. സമയ സൂചികള്‍ നഷ്ടപ്പെട്ടവയാണ് മിക്കവയും. പലതും കൂടിക്കുഴഞ്ഞിരിക്കുമെങ്കിലും ചിലതിന്റെ തെളിച്ചം വല്ലാതെ എന്നെ വിസ്മയിപ്പിക്കാറുണ്ട്.

ഏറ്റവുമാദ്യത്തെ ഓര്‍മ്മ അച്ഛമ്മയുടെ കൈയ്യില്‍ തൂങ്ങി പെരുമഴ കാണുന്നതാണ്. ഉമ്മറത്തേക്കിറങ്ങാതെ പടിക്കകത്തു നിന്ന് കണ്ട ആ പെരുംമഴ ഇനിയും തോര്‍ന്നിട്ടില്ല!!

പിന്നെത്തെ ഓര്‍മ്മ എന്താണ്?

അടിയന്തിരാവസ്ഥയില്‍ അറസ്റ്റിലായിരുന്ന ഇളയച്ഛന്റെ തിരിച്ചു വരവോ, അതോ കേളിപാത്രമോ? തടിച്ച സോഡാകുപ്പി പോലുള്ള കണ്ണടയിട്ട കൂട്ടുകാരനെ ആദ്യം വീട്ടിലേക്കയച്ച്, പിന്നാലെ കയറിവന്ന മെലിഞ്ഞു വിളറിയ 20 വയസ്സുകാരനായ ഇളയച്ഛന്‍, ആരോടുമൊന്നുമുരിയാടാതെ മണികിലുക്കി വരുന്ന കേളിപാത്രം.. രണ്ടുപേരും എത്ര രാത്രികളില്‍ എന്റെ ഉറക്കംകെടുത്തിയില്ല.

കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഞാന്‍, ഞാന്‍ മാത്രമായിരിക്കില്ല എന്റെ നാട്ടിലെ കുട്ടികളെല്ലാവരും, ഭയന്നിരുന്നത് കേളീപാത്രത്തെയായിരുന്നു. ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്നും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കേളീപാത്രത്തിന്റെ വരവു മുടങ്ങിയിട്ടെത്ര വര്‍ഷമായെന്നെനിക്കറിയില്ല, പക്ഷെ ഇന്നും ആ മണിമുഴക്കം എന്റെ കാതുകളിലുണ്ട്. മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന പാഠവും പഠിപ്പിച്ചത് കേളിപാത്രം തന്നെ.

കണ്ണൂര്‍ ജില്ലയിലെ മിക്കവാറുമെല്ലാ പ്രദേശങ്ങളിലെ വീടുകളിലും മുന്‍‌കാലങ്ങളില്‍ കേളിപാത്രം ഭിക്ഷാടനത്തിനായെത്തും. അഴീക്കോട് ഭാഗത്തുള്ള യോഗി സമുദായത്തില്‍ പെട്ടവരാണ് എന്റെ നാട്ടില്‍ കേളിപാത്രത്തിന്റെ വേഷമണിയാറുള്ളത്. കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും മുക്തി നേടാനായി ശിവന്‍ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവന്‍ കപാലം ‘യോഗി’യെ ഏല്‍പ്പിച്ചുവെന്നുമാണ് വിശ്വാസം.

അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തില്‍ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേല്‍ ചുവന്ന പട്ടുടുക്കും. തലയില്‍ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യില്‍ ഭിക്ഷാപാത്രവും, വടിയും, മറ്റേക്കൈയ്യില്‍ മണി. വേഷമണിഞ്ഞു കഴിഞ്ഞാല്‍ ഉരിയാട്ടമില്ല. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാല്‍ ആളുകള്‍ താനേ വഴിമാറി കൊടുക്കും. മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. വീടുകളിലെത്തിയാല്‍ നാലു ദിക്കും നോക്കി, 3 വട്ടം വെക്കും. ഒരോ വട്ടമെത്തിയതിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തില്‍ അരിയിടും. തുടര്‍ന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക്, വെയില്‍ മൂക്കുന്നതിനു മുന്‍പു തന്നെ ഭിക്ഷാടനം നിര്‍ത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. ഒരാഴ്ചകൊണ്ടേ ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും തീര്‍ക്കാറുണ്ടായിരുന്നുള്ളു.

കേളിപാത്രത്തിന്റെ മണി ഇപ്പോള്‍ എന്റെ നാട്ടിൽ മുഴങ്ങാറില്ല, മണ്മറഞ്ഞു പോയ മറ്റു അനുഷ്ടാനകലകളിലൊന്നായി കേളിപാത്രവും. ഇന്നെവിടെയെങ്കിലും ഉണ്ടാകാറുണ്ടോ കേളിപാത്രം.??? നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

വര: ധനരാജ് കീഴറ
(ഈ പോസ്റ്റെഴുതുമ്പോള്‍ പലരോടും അന്വേഷിച്ചു കേളീപാത്രത്തിന്റെ ഒരു ഫോട്ടോയ്ക്കായി, എങ്ങു നിന്നും കിട്ടിയില്ല, ഒടുവില്‍ ഒരെണ്ണം വരക്കാന്‍ അനിയനോടു പറഞ്ഞു. അവന്‍ ഓര്‍മ്മയില്‍ നിന്നും വരച്ച കേളീപാത്രമാണ് മുകളില്‍.)

Sunday, July 20, 2008

മന്‍‌മോഹന്‍ സിംഗ് വിശ്വാസവോട്ട് തേടുമ്പോള്‍ ചങ്കിടിക്കുന്നതാര്‍ക്ക്?

ഒറ്റവാക്കിലുത്തരം പറയാം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്.
പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും നടപ്പിലാക്കാത്തതിനാലല്ല. മറ്റൊരു തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ മുഴങ്ങുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടേ ചങ്കിടിക്കുന്നത് ഇലക്‍ഷന്‍ ഡ്യൂട്ടിയെന്ന പീഢനമോര്‍ത്താണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും നടത്തിപ്പിനു പിന്നില്‍ നീണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അകലങ്ങളിലുള്ള പോളിംഗ് ബൂത്തുകളില്‍ വനിതകളടക്കമാണ് ഇലക്‍ഷന്‍ ഡ്യൂട്ടിക്കായെത്തുന്നത്. പലപ്പോഴും ഭഷണം ലഭിക്കാത്ത, പ്രാഥമിക സൌകര്യങ്ങളൊന്നുമില്ലാത്തെ സ്കൂളുകളില്‍ ഇലക്‍ഷന്‍ ഡ്യൂട്ടിക്കായി പോകാനുള്ള യോഗം ഈയുള്ളവുനുണ്ടായിട്ടുണ്ട്. 1989 ഒക്ടോബര്‍ മാസം ദില്ലിയില്‍ സെന്‍‌ട്രല്‍ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ ചേര്‍ന്ന ഞാന്‍ അടുത്ത മാസം തന്നെ ആദ്യത്തെ ഇലക്‍ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടു. മദന്‍‌ഗിറിലായിരുന്നു ബൂത്ത് എന്നാണോര്‍മ്മ, ഞാന്‍ താമസിച്ചിരുന്നത് ആര്‍.കെ.പുരത്തും. രാവിലെ 4 മണിക്കെഴുന്നേറ്റ്, തണുത്തുവിറച്ച് ഏതോക്കെയോ ബസ്സില്‍ കയറി പോളിങ്ങ് ബൂത്തില്‍ സമയത്തിനു മുന്‍പെ എത്തിയെങ്കിലും, ആദ്യ വോട്ടറെ കാണാന്‍ തിരഞ്ഞെടുപ്പാരംഭിച്ച് ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. 35% പോലും വോട്ട് പോള്‍ ചെയ്തില്ല. വോട്ടര്‍മാരുടെ ഒപ്പ്
കൌണ്ടര്‍ഫോയിലില്‍ രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ നല്‍കലായിരുന്നു എന്റെ ചുമതല. ഹിന്ദി അറിയാതെ ഒപ്പിടാന്‍ ദസ്തക്, ദസ്തകത്ത്, ദസ്കത്ത് എന്നിങ്ങനെ വാ‍യില്‍ തോന്നിയത് പറഞ്ഞപ്പോള്‍ അങ്കലാപ്പിലായത് വോട്ടര്‍മാരായിരുന്നു. പോളിംഗ് അവസാനിച്ചപ്പോള്‍ ഏജന്റന്മാര്‍ക്ക് സങ്കടം, പോളിംഗ് ടീമിലുള്ളവര്‍ക്ക് വോട്ടില്ലാത്തതിനാല്‍. ഒടുവില്‍ അവരുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഓരോ വോട്ടു വീതം ചെയ്തേ ഞങ്ങള്‍ മടങ്ങിയുള്ളൂ. ദെല്‍ഹിയോട് വിട പറയുന്നതിനു മുന്‍പെ മറ്റൊരിക്കല്‍ കൂടി ഈസ്റ്റ് ദെല്‍ഹിയില്‍ ഇലക്‌ഷന്‍ ഡ്യൂട്ടി ചെയ്തു.

നാട്ടിലെത്തിയതിനുശേഷം വന്ന എല്ലാ തിരഞ്ഞെടുപ്പിലും ഡ്യൂട്ടി ഉണ്ടാവാറുണ്ട്. അസംബ്ലിയെന്നോ, പഞ്ചായത്തെന്നോ, പാലമെന്റെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ തിരഞ്ഞെടുപ്പിലും ഡ്യൂട്ടി ഉറപ്പായിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളില്‍ മാത്രമല്ല കോഴിക്കൊട്ടെ തിരുവമ്പാടിയില്‍ വരെ തിരഞ്ഞെടുപ്പിനായി പോകേണ്ടി വന്നിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പും എന്നെ സംബന്ധിച്ചിടത്തോളം പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കാറ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ തന്നെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് അപേക്ഷ നല്‍കുന്നവരെകൊണ്ട് നിറയും കലക്ടറേറ്റുകളിലെ ഇലക്‍ഷന്‍ സെക്‍ഷനുകള്‍, കണ്ണൂരില്‍ പ്രത്യേകിച്ചും. ടി.എന്‍.ശേഷന്‍ ഇലക്‍ഷന്‍ കമ്മീഷണറായതോടെ ജീവനക്കാരെ അവരവരുടെ മണ്ഡലങ്ങളില്‍ നിയോഗിക്കരുതെന്നുത്തരവുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ പേരെ ജില്ല മാറ്റിയാണ് പോസ്റ്റ് ചെയ്തത്. അതുപോലെ ഏതു ബൂത്തിലാണ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ നേരത്തെ അറിയിക്കാറില്ല, രാവിലെ പോളിംഗ്
സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തുമ്പോള്‍ മാത്രമാണ് എവിടെയാണ് പോകേണ്ടതെന്നു പോലും അറിയുക. ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കാറ് വനിതാ ജീവനക്കാരാണ്. ആദ്യകാലങ്ങളില്‍ തിരഞ്ഞെടുപ്പിനു പോയാല്‍ ഭക്ഷണ കാര്യങ്ങളിലൊന്നും യാതൊരു വിഷമവും ഉണ്ടാവാറില്ലെങ്കിലും, ഇപ്പോല്‍ സ്ഥിതി മാറിയിരിക്കയാണ്. ഹോട്ടലുകളില്ലാത്ത ഗ്രാമങ്ങളില്‍ ഭക്ഷണമൊന്നും കഴിക്കാതെ ഒരു ദിവസം മുഴുവന്‍
ഇരിക്കേണ്ടതായി വന്നിട്ടുണ്ട്. തങ്ങളുടെ ഇച്ഛക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവരല്ലെന്നു തോന്നിക്കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ ഗൌനിക്കുകയും ഇല്ല.
ഇലക്‍ഷന്‍ ഡ്യൂട്ടി ഇലക്‍ഷന്‍ ദിവസം മാത്രമല്ല, അതിനു തൊട്ടു മുന്‍പത്തെ ദിവസം ആരംഭിക്കും. ഇലക്‍ഷന്‍ സാമഗ്രികളുടെ വിതരണം രാവിലെ 7 മണിക്കാരംഭിക്കും. വിതരണ കേന്ദ്രത്തില്‍ രാവിലെ 7 മണിക്കെത്തിയില്ലെങ്കില്‍ പിന്നെ മൈക്കിലൂടെ പേരുകേള്‍ക്കാം. ഉടന്‍ കൌണ്ടറില്‍ ഹാജരായില്ലെങ്കില്‍ പോലീസിനെ അറിയിക്കുമെന്ന്!!! സാധന വിതരണ കൌണ്ടറില്‍ നിന്നും 37 തരം സാധനങ്ങളും (മൊട്ടു സൂചി, ബ്ലേഡ്, ഇന്‍‌ഡെലിബില്‍ ഇങ്ക് അങ്ങിനെ പോകുന്നു), 13 തരം ഫോറങ്ങളും, 24 തരം കവറുകളും ഓരോ പോളിംഗ് ടീമിനും നല്‍കും. ഇവയൊക്കെ എണ്ണി തിട്ടപ്പെടുത്തി ഉറപ്പു വരുത്തിയേ പോളിംഗ് സ്റ്റേഷനിലേക്ക് യാത്രയാവാന്‍ പറ്റൂ. എന്തെങ്കിലും സാധനം ഇല്ലെങ്കില്‍ കുടുങ്ങിയതു തന്നെ. പണ്ട് ബാലറ്റു ബോക്സായിരുന്നത് ഇന്നിപ്പോള്‍ ഇലക്ട്രോണിക് യന്ത്രമായി മാറി എന്നൊരു വ്യത്യാസം മാത്രം. ഉച്ചക്കു മുന്‍പെ തന്നെ ബൂത്തിലെത്തിയാല്‍ പിറ്റെ ദിവസം പോളിംഗ് തീരുന്നതു വരെ ദുരിതമയം തന്നെ. അടച്ചുറപ്പില്ലാത്തെ സ്കൂളുകളില്‍ വോട്ടിംഗ് യന്ത്രത്തെയും നോക്കിയാവും പ്രിസൈഡിംഗ് ഓഫീസറുടെ കിടപ്പ്. വല്ലവനും ഇതടിച്ചു മാറ്റിയാല്‍ പണിപോയതു തന്നെ. പിറ്റെ ദിവസം 5 മണിയോടെ വോട്ടെടുപ്പ് തീര്‍ന്നാലും ഫോറങ്ങള്‍ പൂരിപ്പിച്ച്, കവറുകളെല്ലാം അരക്കുവച്ച് സീല്‍ ചെയ്ത് തീരാന്‍ ഒരു മണിക്കൂറിലധികം സമയം വേണ്ടി വരും. പിന്നെ ഈ പെട്ടിയും തൂക്കി റിസീവിംഗ് സെന്ററിലെത്തി ക്യൂ നിന്ന് ഏല്‍പ്പിച്ചു വരുമ്പോഴേക്കും ലാസ്റ്റ് ബസ് പോയിക്കാണും. ചിലപ്പോഴൊക്കെ റിസീവിംഗ് സെന്ററില്‍ തന്നെ അന്നും കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. തിരിച്ച് വീട്ടിലെത്തുന്നത് പലപ്പോഴും മൂന്നാം ദിവസമായിരിക്കും. ജനാധിപത്യം പുലരാനുള്ള കഷ്ടപ്പാട് ചില്ലറയൊന്നുമല്ല.
കണ്ണൂരിലെ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും കോമഡിയായിട്ടാണ് എനിക്കനുഭവപ്പെട്ടിരുന്നത്. ആളുമാറി വോട്ടു ചെയ്യലും, കള്ളവോട്ടു ചെയ്യലും ഇവിടെ പുതുമയല്ല. പിടിക്കപ്പെട്ടാല്‍ യാതൊരു കൂസലുമില്ലാതെ പിന്നെ കാണാമെന്നും പറഞ്ഞ സ്ഥലംവിടുന്നവരാണധികവും. പി.ജയരാജനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നടന്ന കൂത്തുപറമ്പ് അസംബ്ലി തിരഞ്ഞെടുപ്പില്‍ നിയോഗിക്കപ്പെട്ടത് സാക്ഷാല്‍ പിണറായി വിജയന്റെ ബൂത്തായ
ആര്‍.സി.അമല സ്കൂളില്‍. യു.ഡി.എഫ്. ഭരണത്തിന്‍ കീഴില്‍ നടന്ന ആ തിരഞ്ഞെടുപ്പിന് അഭൂതപൂര്‍വ്വമായ പോലീസ് സന്നാഹമായിരുന്നു. സി.ആര്‍.പി.എഫും, ആര്‍.എ.എഫും തിരഞ്ഞെടുപ്പിനായെത്തി. ഓരോ ബൂത്തിലും എസ്.ഐ. ഗ്രേഡിലുള്ള പോലീസ് ഉദ്യോഗസ്ഥരെ തന്നെ പോസ്റ്റ് ചെയ്തു. ആര്‍.സി. അമല സ്കൂളില്‍ മാത്രം നൂറിലേറെ പോലീസുകാര്‍, പലരും അന്യജില്ലക്കാരായിരുന്നു. ആകെയുള്ളത് 2 ടോയ്ലറ്റുകള്‍. 4 ബൂത്ത് അന്നവിടെ ഉണ്ടായിരുന്നു എന്നാണോര്‍മ്മ. 4 ബൂത്തിലും കൂടി 20ഓളം പേര്‍, കൂടെ ഈ പോലീസുകാരും. രാവിലത്തെ കലാപരിപാടികള്‍ പലര്‍ക്കും നിര്‍വ്വഹിക്കാന്‍ സാധിച്ചില്ല. സാധാരണ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ ഏജന്റുമാര്‍ പിണറായിലെ ബൂത്തുകളില്‍ ഉണ്ടാവാറില്ലെങ്കിലും,
അന്നത്തെ തിരഞ്ഞെടുപ്പില്‍ 2 പേര്‍ ഉണ്ടായിരുന്നു. ശക്തമായ പോലീസ് ബന്തവസ്സോടെ നേരം പുലരും മുന്‍പ് രണ്ടു പേര്‍ ബൂത്തിലേക്കോടി കയറുകയായിരുന്നു. ഇലക്‍ഷന്‍ വളരെ സമാധാനപരമായിരുന്നു. ഉച്ചവരെ കനത്ത പോളിംഗായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ ഐഡന്റിറ്റി കാര്‍ഡ് വേണമെന്നാണ്, പക്ഷെ ഐഡന്റിറ്റി കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയിലേതെങ്കിലും ഒന്ന്
ഹാജരാക്കിയാലും മതി. ഉച്ചവരെ വന്നവരെല്ലാവരും ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കിയിരുന്നു. പക്ഷെ ഉച്ചക്ക് ശേഷം സ്ഥിതി മാറി. പുതിയ പാസ്സ് ബുക്കുമായി ചെറുപ്പക്കാരുടെ ക്യൂ നീണ്ടു. എല്ലാവര്‍ക്കും സഹകരണ ബാങ്കിലെ പാസ്സ്ബുക്കുകള്‍. വോട്ടര്‍ പട്ടികയിലെ ചിത്രവുമായി യാതൊരു സാമ്യവുമില്ല. ബൂത്തിലെ ഒന്നാമത്തെ പോളിംഗ് ഓഫീസറാണ് ഐഡന്റിറ്റി പരിശോധിക്കേണ്ടത്, പേടികൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല. പിറകിലിരിക്കുന്ന എല്‍.ഡി.എഫ്./ യു.ഡി.എഫ്. ഏജന്റുമാരും മൌനം. പക്ഷെ എല്ലാവര്‍ക്കും അറിയാം നടക്കുന്നത് കള്ള വോട്ടാണെന്ന്. 4 മണിയാകുമ്പോഴേക്കും 85% പോളിംഗ് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഇടക്കിടെ ഏജന്റുമാര്‍ ഇനിയും വോട്ട് ചെയ്യാനുള്ളവരുടെ ലിസ്റ്റ് പുറത്തേക്ക് കൊടുത്തയക്കും, അതിനനുസരിച്ച് തൊട്ടടുത്ത സഹകരണ ബാങ്കില്‍ നിന്നും പാസ്സ് ബുക്കുകള്‍ ഇഷ്യു ചെയ്യും. എല്ലാം വളരെ സ്മൂത്തായി നടക്കുന്നു. 4.50 ആകുമ്പോള്‍ ഒരു പയ്യന്‍ ഓടിക്കിതച്ച് വോട്ടു ചെയ്യാനായെത്തി. പിറകിലിരുന്ന യു.ഡി.എഫ്. ഏജന്റ് ആദ്യമായി ശബ്ദിച്ചു. അവന്‍ ഇതുവരെ 5 വോട്ട് ചെയ്തെന്നും ഇനിയും ചെയ്യാന്‍ സമ്മതിക്കില്ലെന്നുമായി ഏജന്റ്. വന്നവനെ പിടിക്കാന്‍ അവന്റെ അച്ഛന്റെ പേരു ചോദിക്കണമെന്നായി അടുത്ത ആവശ്യം. ഗത്യന്തരമില്ലാതെ അച്ഛന്റെ പേരു ചോദിച്ചപ്പോഴേക്കും വന്നവന്റെ മട്ടുമാറി. ഇത്ര ഡിമാന്റുള്ള വോട്ടെനിക്കു വേണ്ടെന്നും, ഏജന്റെങ്ങിനെ ഇവിടെ നിന്നും പോകുമെന്നു കാണാമെന്നും വെല്ലുവിളിയായി. കണ്ണൂരിലിതൊരു പുതുമയല്ലാത്തതിനാല്‍ ആരും അവനെ അറസ്റ്റു ചെയ്യാനോ മറ്റോ നോക്കിയതുമില്ല. പോളിംഗ് സമയം കഴിഞ്ഞതോടെ ബൂത്തിനു ചുറ്റും ജനം വളഞ്ഞു. പോലീസുകാര്‍ സമയോചിതമായി ഇടപെട്ട് പോലീസ് ജീപ്പില്‍ ഏജന്റിന്റെ കടത്തി കൊണ്ടുപോകുകയായിരുന്നു. പിന്നീടന്വേഷിച്ചപ്പോഴാണറിഞ്ഞത് ഏജന്റ് ആ നാട്ടുകാരനെയല്ല, തലശ്ശേരിയില്‍ നിന്നും ഇറക്കുമതി ചെയ്തയാളാണെന്ന്‌. അന്നു 90% തികക്കാന്‍ പറ്റാത്തതില്‍ എല്‍.ഡി.എഫ്. ഏജന്റുമാര്‍ വളരെ ഖിന്നരായിരുന്നു.

ഒരു തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ ഭൂരിപക്ഷം ജീവനക്കാരുടെയും പ്രാര്‍ത്ഥന എങ്ങിനെ ഈ കുരിശിന്ന് ഒഴിവാകുമെന്നു തന്നെയാണ്. അതുകൊണ്ടൊക്കെയാണ് മന്‍‌മോഹന്‍ സിംഗ് വിശ്വാസവോട്ട് തേടുമ്പോള്‍ ചങ്കിടിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാകുന്നത്, വിശേഷിച്ചും വനിതകളുടെ.

Sunday, June 10, 2007

നെല്ലിയാമ്പതിയിലേക്കൊരു യാത്ര

കഴിഞ്ഞ ശനിയാഴ്ച നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു. ദെല്‍ഹിയിലെ പഴയ കൂട്ടുകാര്‍ നാട്ടിലെത്തിയപ്പോള്‍ എവിടെയെങ്കിലും ഒരു യാത്ര വേണമെന്നാഗ്രഹിച്ചു. അങ്ങിനെ നെല്ലിയാമ്പതിയിലേക്കു പുറപ്പെട്ടു. പാലക്കാട്ട് നിന്നും രാവിലെ 9 മണിക്കു യാത്ര തിരിച്ചു. നെന്മാറ ഫോറസ്റ്റ് ഓഫീസിലെ സുഹൃത്തിനെയും കൂട്ടി യാത്രയാരംഭിച്ചു. അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍....






മാമ്പാറയില്‍ നിന്നുള്ള ദൃശ്യം... താഴെ നിന്നും മേഘങ്ങള്‍ ഉയര്‍ന്നു വരുന്ന വിസ്മയ കാഴ്ച...







ഈ 2 ചിത്രങ്ങള്‍ സീതാര്‍കുണ്ട്.... അവിടെ നിന്നും നോക്കിയാല്‍ പാലക്കാടു മുഴുവന്‍ കാണാം... നേരെ താഴെ നെന്മാറയും, കൊല്ലങ്കോടും......


ഇതു കേശവന്‍ പാറ....



ഇതു പോത്തുണ്ടി ഡാം......

മാമ്പാറയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ജീപ്പിനു മുന്നില്‍ അപ്രതീക്ഷിതമായി ഒരു കടുവ... ക്യാമറയില്‍ കൈവെക്കും മുമ്പേ അവന്‍ എത്തേണ്ടിടത്തെത്തിയിരുന്നു!!!

തിരിച്ചു കുന്നിറങ്ങുമ്പോള്‍ ഓര്‍ക്കാനൊത്തിരി ഓര്‍മ്മകളുമായി.....

(മുന്‍ കൂര്‍ ജാമ്യം: സുഹൃത്തിന്റെ ക്യാമറയിലെടുത്ത ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചൊരു കുന്തവുമെനിക്കറിയില്ല)