ഇനി നമുക്ക് ഓപണ്‍ സോഫ്റ്റ്വെയര് കാവേരി പരിചയപ്പെടാം
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’യ്ക്കു ശേഷം പുറത്തിറക്കിയ പ്രധാന സോഫ്റ്റ്വെയറാണ് കാവേരി ഓപണ്‍ സോഫ്റ്റ്വെയര്. യുണീകോഡ് ഫോണ്ടുകളാണ് കാവേരിയില്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രധാനമായും വേഡ് പ്രോസസിംഗ് ഉദ്ദേശിച്ചിട്ടാണിതു പുറത്തിറക്കിയത്. മലയാളീകരിച്ചതും, പ്രാദേശികമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതുമായ ഓപണ്‍ ഓഫീസ് കൂടാതെ മലയാളത്തിലുള്ള സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷ് മലയാളം തര്‍ജ്ജമാ സഹായി, ഇംഗ്ലീഷ് മലയാളം ഔദ്യോഗിക ഭാഷാ പദാവലി, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കുമുള്ള ട്രാന്‍സ്ലിറ്ററേഷന്‍ സഹായി എന്നിവയും കാവേരിയില്‍ അടങ്ങിയിരിക്കുന്നു.
മലയാളം ഓപണ്‍ ഓഫീസ് കേരളത്തിലെ ഇ ഗവേര്‍ണന്‍സ് പരിപാടികള്‍ക്ക് ആക്കം കൂട്ടുന്നതിനായാണ് ഈ സോഫ്റ്റ്വെയര് കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതുപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ ആയത് കാര്യമായെടുത്തിട്ടില്ലെന്നത് ഖേദകരമാണ്.
നാം സാധാരണ രീതിയില്‍ മൈക്രോസോഫ്റ്റ് വേര്‍ഡു പോലുള്ള വേര്‍ഡ് പ്രോസസിംഗ് സോഫ്റ്റ്വെയറിനേക്കാളും ഒട്ടനവധി പ്രത്യേകതകളും, ഗുണങ്ങളുമുള്ളതാണ് ഓപണ്‍ ഓഫീസ് എന്ന് നിങ്ങള്‍ക്കറിയാമല്ലൊ. കാവേരിയുടെ കൂടെ ലഭ്യമാവുന്ന മലയാളം ഓപണ്‍ ഓഫീസില്‍ എല്ലാവിധ സന്ദേശങ്ങളും, സംഭാഷണങ്ങളും മലയാളത്തിലാണെന്നുള്ളത് ഏതൊരു ഭാഷാപ്രേമിക്കും അഭിമാനിക്കാവുന്നതാണ്. ഫയലിനു പകരം രേഖയെന്നും, ന്യു എന്നതിനു പകരം പുതിയതെന്നൊക്കെ കാണുമ്പോള്‍ സ്ഥിരമായി മൈക്രോസോഫ്റ്റ് വേര്‍ഡുപയോഗിച്ച് ശീലിച്ചവര്‍ ആദ്യം അമ്പരക്കുമെങ്കിലും, സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നത് എന്റെ അനുഭവമാണ്. പ്രിന്റ് പ്രിവ്യു എന്നത് താളിന്റെ മുന്‍കൂര്‍ ദൃശ്യം എന്നൊക്കെ കാണുമ്പോള്‍ ആരും പകച്ചു പോകുമല്ലൊ. യൂസര്‍ ഇന്റര്‍ഫേസ് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും, തിരിച്ചും മാറ്റാന്‍ വളരെ എളുപ്പവുമാണ്.
ഓപണ്‍ ഓഫീസ് റൈറ്റര്‍ എന്ന ഒരൊറ്റ സോഫ്റ്റ്വെയറില് തന്നെ മൈക്രോ സോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍ പോയന്റ്, ആക്സസ് എന്നിവയ്ക്കു സമാനമായ അപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നത് സ്വതന്ത്ര സോഫ്റ്റ്വെയറുകള് മറ്റുള്ളവയേക്കാള്‍ എത്രമാത്രം മുന്നിലാണെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ്.
ഈ അപ്ലിക്കേഷനിലെ ഉപകരണങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തന സഹായി, മലയാളം സ്പെല്ചെക്കറിനു സമാനമായ ലിപി വിന്യാസ പരിശോധന, ഇന്ത്യന്‍ ഭാഷാന്തരം മുതലായവ ലഭ്യമാണ്. നാം പലപ്പോഴും ബ്ലോഗെഴുതുമ്പോഴും മറ്റും ഉണ്ടാകുന്ന സംശയ നിവാരണത്തിന് ഈ ഉപകരണങ്ങള്‍ വളരെയധികം പ്രയോജനപ്പെടുമെന്നതില്‍ തര്‍ക്കമില്ല. മലയാളത്തിലെ മുഴുവന്‍ പദാവലിയും ഉള്‍പ്പെടുന്ന ഒരു ഭാഷ നിഘണ്ടു നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
ഈ അപ്ലിക്കേഷനകത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്ത വാക്കുകള്‍ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കും, തിരിച്ചും ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യാന്‍ സാധിക്കും. പെരിങ്ങോടന്റെ മൊഴി കീമാന്‍ വളരെ ഭംഗിയായി ഇതിനകത്ത് പ്രവര്‍ത്തിക്കുമെന്നുള്ളത് ബ്ലോഗിംഗ് രംഗത്തുള്ളവര്‍ക്ക് ആഹ്ലാദദായകമായ വാര്‍ത്തയാണ്. ഇത്തരം ഫോണറ്റിക്ക് അപ്ലിക്കേഷന്‍ കൂടാതെ ഇന്ത്യാ ഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്ന ഇന്‍സ്ക്രിപ്റ്റ് രീതി അവലംബിക്കുന്ന ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ടൈപ്പ് ചെയ്തെടുക്കുന്ന രേഖകള്‍ ഓപണ്‍ ഓഫീസ് രേഖയായോ, മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റായോ, പിഡിഎഫ് ആയോ, റിച്ച് ടെക്സ്റ്റ് ഡോക്യുമെന്റ് തുടങ്ങിയ മറ്റേതെങ്കിലും ഫോര്‍മാറ്റിലോ സേവ് ചെയ്യാമെന്നുള്ളതും തിളക്കമാര്‍ന്നൊരു പ്രത്യേകതയാണ്.
ഓപണ്‍ ഓഫീസില്‍ ബോഷറുകള്‍, ന്യൂസ് ലെറ്ററുകള്‍, പരസ്യങ്ങള്‍ തുടങ്ങിയ ഉണ്ടാക്കാനുതകുന്ന നിരവധി ചിത്രരചനാ ടൂളുകള്‍ ലഭ്യമാണ്. ഓപണ്‍ ഓഫീസ് രേഖകള്‍ക്കകത്ത് ചിത്രങ്ങള്‍ മാത്രമല്ല വിവിധ ഫോര്‍മാറ്റുകളിലുള്ള പാട്ടുകളും, വീഡിയോ-സിനിമകള്‍ പോലും ‘തിരുകാന്‍’ സാധിക്കുന്നുവെന്നത് ചില്ലറ കാര്യമല്ലെന്നു തോന്നുന്നു.
കാവേരി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ സാധിക്കും. http://www.clickeralam.org/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ ലഭിക്കുന്ന സെറ്റ് അപ്പ് ഫയല്‍ റണ്‍ ചെയ്താല്‍ മാത്രം മതിയാകും. ഇവ നൂ ജിപില്‍ (GNU GPL) ലൈസന്‍സ് അധിഷ്ഠിതമാണ്. കാവേരിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള നിവാരണങ്ങള്‍ ഇന്റലി അസിസ്റ്റന്റില്‍ ലഭ്യമാണ്. കച്ചവടപരമായ ഉദ്ദേശമില്ലാതെ ആര്‍ക്കും കാവേരിയുടെ പകര്‍പ്പുകളെടുത്ത് വിതരണം ചെയ്യാവുന്നതാണ്. ഇതിന്റെ പൂര്‍ണ്ണമായ അവകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
കാവേരിയുടെ ഭാവി പരിപാടികളില്‍ എല്ലാ ഭാഷാപ്രേമികളായ വ്യക്തികളുടെയും സഹായം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മലയാള പരിഭാഷ, ലിപി പരിശോധനാ സഹായി മുതലായവ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി നിങ്ങള്‍ക്കുള്ള സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂട്ടിംഗ് കേരളത്തെ അറിയിച്ചാല്‍ അവ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പൊ ഇനി താമസിക്കണ്ട, എത്രയും വേഗം കാവേരിയിലേക്ക് മാറാം...